ഭൂമി ഡേറ്റാ ബാങ്കിൽ നിന്നു മാറ്റുന്നതിനായി കാൽ ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടയിൽ ചങ്ങനാശേരി കൃഷി ഫീൽഡ് ഓഫിസർ വിജിലൻസ് സംഘത്തിന്റെ പിടിയിലായി. കൊല്ലം ആലുംമൂട് മണ്ഡലം ജംക്‌ഷനിൽ തിരുവോണം വീട്ടിൽ വസന്തകുമാരിയെ ആണു വിജിലൻസ് ഡിവൈഎസ്പി എൻ.രാജന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കൈക്കൂലിയായി വാങ്ങിയ തുകയ്ക്കു പുറമേ കണക്കിൽപെടാത്ത 55,000 രൂപയും ഇവരുടെ പക്കൽ നിന്നു വിജിലൻസ് സംഘം പിടിച്ചെടുത്തു. 3 ഫോണുകളും 5 സിം കാർഡുകളും ഇവരുടെ ബാഗിൽ നിന്നു കണ്ടെടുത്തിട്ടുണ്ട്.
ചങ്ങനാശേരി സ്വദേശിയുടെ ഭൂമി കൃഷിഭൂമിയായാണു രേഖകളിലുള്ളത്. ഇതു കരഭൂമിയാക്കി മാറ്റി നൽകണമെന്ന ആവശ്യവുമായി കൃഷി ഓഫിസിൽ എത്തിയപ്പോൾ ഭൂമി രേഖകളിൽ മാറ്റി നൽകുന്നതിനായി 2 ലക്ഷം രൂപ കൈക്കൂലി നൽകണമെന്നു വസന്തകുമാരി ആവശ്യപ്പെട്ടുവെന്നാണു പരാതി. എന്നാൽ, പണം നൽകാൻ സ്ഥലം ഉടമ വിസമ്മതിച്ചതോടെ 50,000 രൂപ തന്നാൽ മതിയെന്നായി. അതു തന്നെ രണ്ടു ഗഡുക്കളായി നൽകിയാൽ മതിയെന്നും പറഞ്ഞുവത്രേ. തുടർന്നാണു സ്ഥലം ഉടമ പരാതിയുമായി വിജിലൻസ് ഉദ്യോഗസ്ഥരെ സമീപിച്ചത്.
വിജിലൻസ് സംഘം നൽകിയ ഫിനോഫ്തലിൻ പൗഡർ ഇട്ട നോട്ടുകളുമായി ഇന്നലെ എത്തിയ സ്ഥലം ഉടമയുടെ ബന്ധു ഫോണിൽ ബന്ധപ്പെട്ടപ്പോള്‍, ‘ഓഫിസിലേക്കു വരേണ്ട, മറ്റു ജീവനക്കാർ കാണും’ എന്നു വസന്തകുമാരി പറഞ്ഞു. ഒന്നാം നിലയിലെ ഓഫിസിൽ നിന്നു താഴത്തെ നിലയിലേക്കുള്ള പടികൾ ഇറങ്ങിവന്ന് വസന്തകുമാരി 25,000 രൂപ കൈപ്പറ്റുകയായിരുന്നു. ഉടൻ തന്നെ സമീപത്തു കാത്തുനിന്ന വിജിലൻസ് ഉദ്യോഗസ്ഥർ വസന്തകുമാരിയെ പിടികൂടി. തുടർന്ന് കൃഷി ഓഫിസിൽ നടത്തിയ പരിശോധനയിൽ ഫയലുകളിൽ വ്യാപകമായ കൃത്രിമം കണ്ടെത്തി.
നേരത്തേ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ വസന്തകുമാരിക്കെതിരെ വകുപ്പുതല നടപടിക്കു വിജിലൻസ് ശുപാർശ നിലനിൽക്കെയാണു കൈക്കൂലിക്കേസിൽ പിടിയിലായത്. ടാക്സ് ഓഫിസർ സി.ബിജുകുമാർ, ഇക്കണോമിക്സ് റിസർച് ഓഫിസർ അഭിലാഷ് കെ.ദിവാകർ, വിജിലൻസ് ഡിവൈഎസ്പി മനോജ് കുമാർ, വിജിലൻസ് സിഐമാരായ വി.നിഷാദ് മോൻ, റിജോ പി.ജോസഫ്, എസ്.ബിനോജ്, എസ്ഐമാരായ കെ.സന്തോഷ്, വിൻസന്റ് കെ.മാത്യു, ഉദ്യോഗസ്ഥരായ തോമസ് ജോസഫ്, അനിൽ കുമാർ, അജിത് ശങ്കർ, പ്രദീപ്, കെ.ഒ.വിനോദ്, സന്തോഷ് കുമാർ, തുളസീധരക്കുറുപ്പ്, ജിജുമോൻ, കെ.എൻ.സാജൻ, ലേഖാകുമാരി, കെ.കെ.ഷീന, സി.എസ്.തോമസ്, ബിജു, ജയചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രതിയെ ഇന്നു കോട്ടയം വിജിലൻസ് കോടതിയിൽ ഹാജരാക്കും.
വസന്തകുമാരി സഹായത്തിനായി ചെത്തിപ്പുഴയിലുള്ള ഒരു സ്ത്രീയെ കൃഷി ഓഫിസില്‍ നിയമിച്ചിരുന്നു. ഇവര്‍ക്കുള്ള ശമ്പളം സ്വന്തം നിലയ്ക്കാണു നല്‍കിയിരുന്നത്. വിജിലന്‍സ് സംഘം എത്തുമ്പോള്‍ ഇവരും ഓഫിസില്‍ ഉണ്ടായിരുന്നു. ഈ സ്ത്രീയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കൃഷി ഓഫിസിലെ ഫയലുകള്‍ കണ്ടെത്തി.
അനധികൃതമായി കണ്ടെത്തിയ പണം മകന്റെ കോളജ് ഫീസടയ്ക്കുന്നതിനു വേണ്ടിയാണ് ഓഫിസിൽ സൂക്ഷിച്ചിരുന്നതെന്നാണു വസന്തകുമാരി നല്‍കിയ വിശദീകരണം. ചില ഫയലുകൾ ഷെൽഫിൽ നിന്നു മാറ്റി പ്രത്യേകം സൂക്ഷിച്ചിരുന്നതായും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്.
മാസങ്ങൾക്കു മുൻപു നഗരസഭാ കൗൺസിൽ യോഗത്തിൽ പതിവായി ഹാജരാകാതിരുന്നതിനെക്കുറിച്ചു വിശദീകരണം ആവശ്യപ്പെട്ടപ്പോള്‍ വസന്തകുമാരി കൗണ്‍സില്‍ ഹാളില്‍ നിന്ന് ഇറങ്ങിപ്പോയതു വാര്‍ത്തയായിരുന്നു. നേരത്തേയും രേഖകള്‍ ശരിയാക്കുന്നതിനു വസന്തകുമാരി പണം ആവശ്യപ്പെട്ടെന്ന പരാതികള്‍ ഉയര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട ശബ്ദസന്ദേശവും പ്രചരിച്ചിരുന്നു.
ബേക്കറി നടത്തുന്ന ആളാണെന്നാണു സ്ഥലം ഉടമ വസന്തകുമാരിയോടു പറഞ്ഞിരുന്നത്. ഇതോടെ കൈക്കൂലിയുടെ ആദ്യഗഡു കൈമാറാന്‍ വരുമ്പോള്‍ പണത്തിനൊപ്പം 2 പാക്കറ്റ് റസ്ക് കൂടി കൊണ്ടുവരണമെന്നു വസന്തകുമാരി സ്ഥലം ഉടമയോട് ആവശ്യപ്പെട്ടു. സ്ഥലം ഉടമയുടെ ബന്ധു പണത്തിനു പുറമേ റസ്കുമായാണ് എത്തിയത്.
Leave a Reply