ചെന്നൈ ∙ സഹോദരിയെയും ഭർത്താവിനെയും വിഷം നൽകി കൊലപ്പെടുത്തിയ കേസിൽ 2 വർഷത്തിനു ശേഷം യുവതി അറസ്റ്റിൽ. മൈലാപൂരിലെ പൂ കച്ചവടക്കാരനായിരുന്ന ധർമലിംഗം (56), ഭാര്യ മീനാക്ഷി (50) എന്നിവർ കൊല്ലപ്പെട്ട കേസിലാണ് മീനാക്ഷിയുടെ സഹോദരി ലത (40) അറസ്റ്റിലായത്. 2017ൽ രണ്ടു ദിവസത്തിന്റെ ഇടവേളയിലാണു ധർമലിംഗവും മീനാക്ഷിയും കൊല്ലപ്പെട്ടത്.

മക്കളില്ലാത്ത ദമ്പതികൾ തങ്ങളുടെ അനന്തരാവകാശിയായി നിശ്ചയിച്ചിരുന്നതു ലതയെയായിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ടു മീനാക്ഷിയുടെ മറ്റൊരു സഹോദരി മൈഥിലി, ഭർത്താവ്, മകൻ എന്നിവരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മരണവുമായി ബന്ധപ്പെട്ടു പൊലീസിൽ പരാതി നൽകിയതു ലതയാണ്. 2017-ലാണു ദുരൂഹ സാഹചര്യത്തിൽ ധർമലിംഗവും ഭാര്യ മീനാക്ഷിയും കൊല്ലപ്പെട്ടത്. ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലാതിരുന്ന രണ്ടു പേരും പെട്ടെന്നു കുഴഞ്ഞു വീഴുകയായിരുന്നു.

വിഷം അകത്തു ചെന്നതാണ് മരണ കാരണമെന്നു പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണു മൈഥിലിയും കുടുംബവും അറസ്റ്റിലായത്. മീനാക്ഷിയുടെ അക്കൗണ്ടിൽ നിന്നു മൈഥിലി 17 ലക്ഷം രൂപ പിൻവലിച്ചതുമായി ബന്ധപ്പെട്ട അന്വേഷണമാണു ഇവരുടെ അറസ്റ്റിലേക്ക് നയിച്ചത്. ആദ്യഘട്ടത്തിൽ പൊലീസ് അന്വേഷിച്ച കേസ് സെയ്ദാപേട്ട് കോടതിയുടെ നിർദേശപ്രകാരം സിബിഐ ഏറ്റെടുത്തിരുന്നു.

ഏറെ നാളായി മറ്റു നടപടികളൊന്നുമില്ലാതിരിക്കെയാണു കഴിഞ്ഞ ദിവസം അന്വേഷണ സംഘം ലതയെ അറസ്റ്റ് ചെയ്തത്. മരിച്ച മീനാക്ഷിയുടെ അക്കൗണ്ടിൽ നിന്നു ഈയിടെ ലതയുടെ അക്കൗണ്ടിലേക്കു 5 ലക്ഷം രൂപ നിക്ഷേപിച്ചതായി അന്വേഷണ സംഘത്തിന്റെ ശ്രദ്ധയിൽപെട്ടിരുന്നു. തുടർന്നു നടത്തിയ അന്വേഷണമാണ് ലത കുടുങ്ങിയത്.