ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടനിലെ ഓൾ സെയിൻ്റ്സ് ചർച്ചിൽ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പോലീസ് യുവതിയെ അറസ്റ്റ് ചെയ്തു. യുവതിയുടെ പ്രായമോ മറ്റ് എന്തെങ്കിലും വിവരമോ പോലീസ് പുറത്തുവിട്ടിട്ടില്ല. പ്രസവം മറച്ചു വെച്ചതിനും ശിശുഹത്യ സംശയിച്ചും കുഞ്ഞിൻറെ അമ്മയാണെന്ന് കരുതുന്ന ഒരു സ്ത്രീയെ കസ്റ്റഡിയിൽ എടുത്തതായി മെട്രോപോളിറ്റൻ പോലീസ് പറഞ്ഞു. അറസ്റ്റിലായ യുവതിയെ നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കുഞ്ഞിൻറെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വ്യക്തത വരാനുണ്ട് എന്നാണ് പോലീസ് അറിയിച്ചത്. ഈ ആഴ്ച അവസാനം പോസ്റ്റുമോർട്ടം പരിശോധന നടക്കാനിരിക്കെ എന്താണ് സംഭവിച്ചത് എന്നതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കും എന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ കൈമാറാൻ സാധിക്കുന്നവർ മുന്നോട്ടു വരണമെന്ന് പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്. ലണ്ടനിലെ ഒരു പള്ളിയിൽ നവജാത ശിശുവിൻറെ മൃതദേഹം കണ്ടെത്തിയ സംഭവം രാജ്യമാകെ ഞെട്ടലുളവാക്കിയ വാർത്തയായിരുന്നു. കുഞ്ഞ് സംഭവ സ്ഥലത്ത് തന്നെ മരിച്ചതായി സ്ഥിരീകരിച്ചതായി മെട്രോപോളിറ്റൻ പോലീസ് അറിയിച്ചു.
Leave a Reply