ന്യൂസ് ഡെസ്ക് മലയാളം യുകെ

സൗത്ത് ലണ്ടനിൽ വീടിന് തീ പിടിച്ച നാല് കുട്ടികൾ മരിച്ച സംഭവത്തിൽ 27 കാരിയായ സ്ത്രീയെ അറസ്റ്റ് ചെയ്തു. ഇവരുടെ അശ്രദ്ധമൂലമാണ് കുട്ടികൾ മരിക്കാനിടയായത് എന്ന സംശയത്തിൻെറ പുറത്താണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. മൂന്നും നാലും വയസ്സുള്ള നാല് ആൺകുട്ടികളാണ് മരണപ്പെട്ടത്. കുട്ടികൾക്ക് അഗ്നിശമനസേനാംഗങ്ങൾ സിപിആർ നൽകിയിരുന്നു. സംഭവസമയം നാല് കുട്ടികളും വീട്ടിൽ തനിച്ചായിരുന്നു. കുട്ടികളെ ആശുപത്രിയിലേയ്ക്ക് പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിച്ചുവെന്ന് ലണ്ടൻ അഗ്നിശമനസേന അറിയിച്ചു. വ്യാഴാഴ്ച വൈകുന്നേരം നടന്ന തീപിടിത്തത്തിൻെറ കാരണം ഇതുവരെയും വ്യക്തമല്ല. ഇന്നലെ രാത്രി ഏഴിനാണ് രാജ്യത്തെ നടുക്കിയ അപകടം ഉണ്ടായത്. മരിച്ച നാല് കുട്ടികളും ബന്ധുക്കളാണെന്ന് കരുതുന്നതായി മെട്രോപൊളിറ്റൻ പോലീസ് വ്യക്തമാക്കി. അവരുടെ ബന്ധുക്കളെ വിവരമറിയിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. എട്ട് അഗ്നിരക്ഷാ സേനാ വാഹനങ്ങളും അറുപതോളം അഗ്നിശമന സേനാംഗങ്ങളും സംഭവസ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തീപിടിത്തത്തിന് ഇരയായവരെ രക്ഷിക്കാൻ തങ്ങളാലാവും വിധം ശ്രമിച്ചുവെന്ന് ലണ്ടൻ ആംബുലൻസ് സർവീസിലെ വക്താവ് അറിയിച്ചു. തങ്ങളുടെ എല്ലാ ജീവനക്കാർക്കും ഇതുപോലെ ഒരു സാഹചര്യം നേരിടാനുള്ള പരിശീലനം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അറസ്റ്റിലായ സ്ത്രീ പോലീസ് കസ്റ്റഡിയിൽ തുടരുകയാണെന്ന് സൂപ്രണ്ട് റോബ് ഷെപ്പേർഡ് പറഞ്ഞു. തീപിടിത്തത്തിന് കാരണം അജ്ഞാതമായിത്തന്നെതുടരുകയാണ്.