ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- ഡോർസെറ്റിലെ സ്വാനേജിലുള്ള ഒരു കെയർ ഹോമിൽ മൂന്ന് പേരുടെ സംശയാസ്പദമായ മരണത്തിനു പിന്നിൽ കാരണക്കാരിയെന്ന് സംശയിക്കുന്ന 60 കാരിയായ സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാവിലെയാണ് കെയർ ഹോമിൽ നിന്നും ഏഴ് പേർ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടത്. തുടർന്ന് ഗെയിൻസ്ബറോ കെയർ ഹോം ഒഴിപ്പിക്കുകയും, അന്തേവാസികളെ മറ്റൊരു പള്ളിയുടെ ഹാളിലേക്ക് മാറ്റി താമസിപ്പിക്കുകയും ചെയ്തു. തുടക്കത്തിൽ മരണകാരണത്തെ സംബന്ധിച്ച് പോലീസ് വ്യക്തമാക്കിയില്ലെങ്കിലും, കാർബൺ മോണോക്സൈഡ് വിഷബാധയാണ് മരണകാരണമെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നത്. സംഭവത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന അറുപതുകാരിയായ സ്ത്രീയെ അറസ്റ്റ് ചെയ്തതായി പോലീസ് അധികൃതർ അറിയിച്ചു. 48 പേരായിരുന്നു കെയർ ഹോമിൽ താമസിച്ചിരുന്നത്. കഴിയുന്നത്ര വിവരങ്ങൾ ശേഖരിക്കുന്നതിനും, അതോടൊപ്പം തന്നെ ശക്തമായ വീഴ്ചകൾ സംഭവിച്ചിട്ടുണ്ടോ എന്നറിയുന്നതിനുമാണ് അറസ്റ്റ് നടത്തിയതെന്ന് പോലീസ് അധികൃതർ വ്യക്തമാക്കി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


മരണപ്പെട്ട അന്തേവാസികളുടെ കുടുംബങ്ങളെ വിവരം അറിയിച്ചിട്ടുണ്ടെന്നും, ആവശ്യമായ എല്ലാ കൈത്താങ്ങലുകൾ നൽകുമെന്നും പോലീസ് അധികൃതർ വ്യക്തമാക്കി. കെയർ ഹോമിലെ താമസക്കാരെ സഹായിക്കാൻ ഹോം അധികൃതരുമായും മറ്റ് ഏജൻസികളുമായും ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് ഡോർസെറ്റ് കൗൺസിലും അറിയിച്ചു. അന്തേവാസികളിൽ ഭൂരിഭാഗം പേരും പരിചരണം ആവശ്യമുള്ള ദുർബലരായവരാണ്. അതിനാൽ തന്നെ അവർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും കൗൺസിൽ അധികൃതർ വ്യക്തമാക്കി. സംഭവസ്ഥലത്ത് കൂടുതൽ പരിശോധനകൾ നടന്നു വരുകയാണ്.