ന്യൂസ് ഡെസ്ക്, മലയാളം യുകെ
എസെക്സിൽ അഞ്ചുവയസ്സുകാരനായ ആൺകുട്ടി കൊല്ലപ്പെട്ട സംഭവത്തിൽ 35 കാരിയായ സ്ത്രീക്കെതിരെ കൊലപാതക കുറ്റം ചുമത്തി. ഡിസംബർ 15 ഞായറാഴ്ച സൗത്ത് ഒക്കൻഡണിലെ വിൻഡ്‌സ്റ്റാർ ഡ്രൈവിൽ നടന്ന ഒരു സംഭവത്തെ തുടർന്ന് ലിങ്കൺ ബട്ടൺ മരിച്ചുവെന്ന് എസെക്‌സ് പോലീസ് അറിയിച്ചു. കുട്ടിക്കും ഒരു സ്ത്രീക്കും ഗുരുതര പരിക്ക് പറ്റിയെന്ന വിവരത്തെ തുടർന്ന് പോലീസും പാരാമെഡിക്കലുകളും സംഭവസ്ഥലത്ത് എത്തിച്ചേരുകയായിരുന്നു.എന്നാൽ , കുട്ടിയുടെ ജീവൻ രക്ഷിക്കാൻ പോലീസിന് സാധിച്ചില്ല.
ആശുപത്രിയിൽ പ്രവേശിപ്പിച്ച സ്ത്രീയുടെ നില മെച്ചപ്പെട്ടതിനെ തുടർന്ന് അവരെ ചോദ്യം ചെയ്തെന്ന് പോലീസ് അറിയിച്ചു. ഇതിനെ തുടർന്ന് സൗത്ത് ഒക്കൻഡണിലെ വിൻഡ്‌സ്റ്റാർ ഡ്രൈവിലെ ക്ലെയർ ബട്ടൺ ക്കെതിരെ കൊലപാതക കുറ്റം ചുമത്തിയതായി എസെക്‌സ് പോലീസ് അറിയിച്ചു. ഇവരെ ഇന്ന് തിങ്കളാഴ്ച സൗത്ത്ഹെൻഡ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും . വളരെ സങ്കീർണമായ ഒരു കേസ് ആണിതെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഡിറ്റക്ടീവ് ചീഫ് ഇൻസ്‌പെക്ടർ അലൻ ബ്ലെക്‌സ്‌ലി പറഞ്ഞു. മരിച്ച ആൺകുട്ടിയും അറസ്റ്റിലായ സ്ത്രീയും തമ്മിലുള്ള ബന്ധം പോലീസ് വെളിപ്പെടുത്തിയിട്ടില്ല എങ്കിലും കുട്ടിയെ കൊലപ്പെടുത്തി സ്ത്രീ ആത്മഹത്യാശ്രമം നടത്തിയതാകാമെന്നാണ് പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഓസ്‌ബോൺ കോ-ഓപ്പറേറ്റീവ് അക്കാദമി ട്രസ്റ്റിൻ്റെ ഭാഗമായ സൗത്ത് ഒക്കൻഡണിലെ ബോണിഗേറ്റ് പ്രൈമറി സ്‌കൂളിലെ ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്നു ലിങ്കൺ.
Leave a Reply