ഗുജറാത്തിലെ അങ്ക്‌ളേശ്വര്‍ പട്ടണത്തില്‍ 40 വയസ്സുള്ള അമ്മയും, 19കാരിയായ മകളെയും പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വര്‍ഷം ബറൂച് ജില്ലയില്‍ നിന്നും കാണാതായ 10 കുട്ടികളുടെ തിരോധാനത്തിന് പിന്നില്‍ ഇവര്‍ക്ക് പങ്കുണ്ടെന്ന സംശയത്തിലാണ് അറസ്റ്റ്.
റഷീദ പട്ടേല്‍, മകള്‍ മുഹ്‌സിന എന്നിവരെ അറസ്റ്റ് ചെയ്ത പോലീസ് ഇവര്‍ക്കെതിരെ കൊലപാതക കേസും രജിസ്റ്റര്‍ ചെയ്തു. ഇവര്‍ താമസിക്കുന്ന വീടിന് പിന്നിലെ പറമ്പില്‍ നിന്നും കഴിഞ്ഞ ദിവസം പോലീസ് ഒരു ആണ്‍കുട്ടിയുടെ അസ്ഥികൂടം കണ്ടെടുത്തിരുന്നു.
2016 മാര്‍ച്ചില്‍ കാണാതായ വിക്കി ദേവിപൂജക് എന്ന ഏഴ് വയസ്സുകാരന്റെ അസ്ഥികൂടമാണ് പോലീസ് കണ്ടെത്തിയത്. കുട്ടി എങ്ങിനെ മരിച്ചെന്ന് കണ്ടെത്താനായി അവശിഷ്ടങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.
കുട്ടി കീടനാശിനി കുടിച്ച് മരിച്ചെന്നാണ് റഷീദ പോലീസിന് നല്‍കിയ മൊഴി. 2017 നവംബര്‍ 17ന് ഏഴ് വയസ്സുള്ള മറ്റൊരു ആണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ അമ്മയെയും, മകളെയും പോലീസ് നേരത്തെ പിടികൂടിയിരുന്നു. ഇവരുടെ പിടിയില്‍ നിന്നും രക്ഷപ്പെട്ട മൊഹിത് പസ്വാന്‍ എന്ന ഏഴ് വയസ്സുകാരന്‍ നാല് മാസത്തിന് ശേഷമാണ് വീട്ടില്‍ തിരിച്ചെത്തിയത്.
റഷീദയുടെ വീട്ടില്‍ കുട്ടിയെ തടവില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. ഇവര്‍ കുട്ടിയെ മര്‍ദ്ദിച്ചിരുന്നതായും വ്യക്തമായി. മൊഹിതിന്റെ രക്ഷിതാക്കള്‍ നല്‍കിയ വിവരത്തെത്തുടര്‍ന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍ റഷീദയുടെ ചെറിയ കുഞ്ഞും മരിച്ചിരുന്നു. തനിക്ക് പ്രായമാകുമ്പോള്‍ നോക്കാന്‍ ഒരു ആണ്‍കുട്ടി വേണമെന്ന നിലപാടിലായിരുന്നു ഇവര്‍. ഈ വിവരങ്ങള്‍ വെച്ച് അന്വേഷണം നടക്കവെയാണ് പറമ്പില്‍ നിന്നും അസ്ഥികൂടം ലഭിച്ചത്. ഇതോടെ മറ്റ് എട്ട് കുട്ടികളുടെ തിരോധാനവും ഇവരെ ബന്ധപ്പെടുത്തി പോലീസ് അന്വേഷിക്കുകയാണ്.
Leave a Reply