ലേഡീസ് കമ്പാര്‍ട്‌മെന്റില്‍ കയറി യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച ആളെ മല്‍പിടുത്തത്തിലൂടെ കീഴടക്കിയ ‘പെണ്‍സിംഹം’ ഇപ്പോള്‍ താരമായിരിക്കയാണ്. സംഗീത ദുബൈ എന്ന കരാട്ടെ കബഡി താരമാണ് കണ്‍മുന്നില്‍ യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുന്ന അക്രമിയെ മല്‍പിടുത്തത്തിലൂടെ കീഴടക്കിയത്. മുംബൈ മിററാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.
ദഹാനു ചര്‍ച്ച് ഗേറ്റ് ഫാസ്റ്റ് ലോക്കല്‍ ട്രെയിനിലാണ് സംഭവം. മുംബൈ വാസി റോഡില്‍ നിന്നും സെക്കന്‍ഡ് ക്ലാസ് കമ്പാര്‍ട്‌മെന്റില്‍ കയറിയ മൂന്ന് യുവതികള്‍ യാത്ര ചെയ്തിരുന്ന കമ്പാര്‍ട്‌മെന്റിലാണ് മയക്കുമരുന്നിന്റെ ലഹരിയില്‍ കയറിയ യുവാവ് അക്രമം അഴിച്ചുവിട്ടത്. റെയില്‍വേ പോലീസ് ജീവനക്കാരിയായ സംഗീത പോലീസ് ആസ്ഥാനത്തേക്ക് ചില രേഖകള്‍ എത്തിക്കാനുള്ള പതിവു യാത്രയിലായിരുന്നു.

ഈ അവസരത്തിലാണ് ലേഡീസ് കമ്പാര്‍ട്‌മെന്റില്‍ വെച്ച് മയക്കുമരുന്നിന്റെ ലഹരിയില്‍ ഒരു യുവാവ് സ്ത്രീകളെ ആക്രമിക്കാന്‍ ശ്രമിക്കുന്നത് കാണാനിടയായത്. മൂന്ന് യുവതികളില്‍ ഒരാള്‍ അയാളെ ചെറുത്തു നിന്നപ്പോള്‍ അയാള്‍ അവളുടെ മുടിക്കുത്തിന് പിടിച്ച് വലിച്ചിഴക്കുകയും വസ്ത്രങ്ങള്‍ വലിച്ചു കീറുകയും ചെയ്തു. മാത്രമല്ല അവളെ നിലത്തേക്ക് തള്ളി വീഴ്ത്തി ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു.

എന്നാല്‍ രണ്ട് കമ്പാര്‍ട്‌മെന്റുകള്‍ക്കുമിടയില്‍ ബ്ലോക്ക് ചെയ്തിരുന്നതിനാല്‍ സംഗീതയ്ക്ക് പെട്ടെന്ന്
അങ്ങോട്ടേക്ക് കടന്ന് യുവതികളെ രക്ഷിക്കാന്‍ കഴിയുമായിരുന്നില്ല. ഒടുവില്‍ വിന്‍ഡോയുടെ അടുത്തു ചെന്ന് സംഗീത ആ യുവതിയോട് അയാളെ തള്ളി വീഴ്ത്താന്‍ പറഞ്ഞതിനെ തുടര്‍ന്ന് അവര്‍ അങ്ങനെ ചെയ്തപ്പോള്‍ അക്രമി നിലത്തുവീണു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തുടര്‍ന്ന് യുവതി വാതിലിനടുത്തേക്ക് പാഞ്ഞപ്പോള്‍ അയാള്‍ എഴുന്നേറ്റ് അവളുടെ മുടിക്കുത്തിന് പിടിച്ചു. ഇതിനിടെ പുറത്തുനിന്നും ഇരുമ്പു കമ്പികള്‍ക്കിടയിലൂടെ കൈയിട്ട് സംഗീത അയാളുടെ മുടിക്ക് പിടിച്ച് വലിച്ചു. വിന്‍ഡോയിലേക്ക് ചേര്‍ത്തടുപ്പിച്ചു. എന്നാല്‍ അതിശക്തമായി കുതറുന്ന അയാളെ പുറത്തുനിന്നും വലിച്ചുപിടിക്കുക എളുപ്പമായിരുന്നില്ല. എങ്കിലും സംഗീത തന്റെ കരുത്ത് മുഴുവനും പ്രയോഗിച്ച് അയാളെ ബലമായി പിടിച്ച് കൈകള്‍ പുറകിലേക്ക് ചേര്‍ത്ത് പിടിക്കുകയും മറ്റൊരു സ്ത്രീയുടെ ദുപ്പട്ട കൊണ്ട് കെട്ടിയിടുകയും ചെയ്തു.

തുടര്‍ന്ന് അടുത്ത സ്‌റ്റേഷനില്‍ നിന്നും പോലീസ് എത്തിയ ശേഷം ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. അതേസമയം മല്‍പിടുത്തത്തിനിടെ സംഗീതയ്ക്ക് പരിക്കേറ്റിരുന്നു. ഇതേതുടര്‍ന്ന് അവരെ ആശുപത്രിയിലേക്ക് മാറ്റി.