ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- മയാൽജിക് എൻസിഫലോമയെൽറ്റിസ് എന്ന രോഗം ബാധിച്ച കട്ടിലിൽ നിന്ന് അനങ്ങാൻ സാധിക്കാതെ കിടന്നിരുന്ന 27 കാരിയായ മേവ് ബൂത്ത്ബി-ഒ’നീൽ എന്ന യുവതി തന്റെ ജനറൽ പ്രാക്ടീഷണറോട് സഹായം അഭ്യർത്ഥിച്ചത് നിരവധി തവണയാണെന്ന്, മേവിന്റെ മരണത്തിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഇൻക്വസ്റ്റിൽ വെളിപ്പെട്ടിരിക്കുകയാണ്. 2021 ഒക്‌ടോബറിൽ ഡെവണിലെ എക്‌സെറ്ററിലെ വീട്ടിൽ വെച്ചാണ് മേവ് മരണത്തിന് കീഴടങ്ങിയത്. 2021 ജൂണിൽ തൻ്റെ ജിപിയായ ഡോ. ലൂസി ഷെൻ്റണിനോട് തനിക്ക് വിശക്കുന്നതായും തനിക്ക് ആഹാരം കഴിക്കണമെന്നും മേവ് ആവശ്യപ്പെട്ടതായി വ്യക്തമാകുന്നു. മാർച്ച് മാസം മുതൽ തന്നെ എഴുന്നേറ്റിരിക്കുവാനും ഭക്ഷണം ചവച്ചരച്ച് കഴിക്കുവാനുമുള്ള ബുദ്ധിമുട്ട് മേവിന് ഉണ്ടായിരുന്നു. തനിക്ക് വേണ്ടത്ര കാലറികൾ സിറിഞ്ചിലൂടെ ലഭ്യമാകുന്നില്ലെന്നും അതിനാൽ ജീവിക്കുന്നതിന് ആവശ്യമായ ഭക്ഷണം കഴിക്കാൻ സഹായിക്കണമെന്നും മേവ് തന്റെ ജനറൽ പ്രാക്ടീഷണറെ അറിയിച്ചിരുന്നു. എന്നാൽ ആശുപത്രിയിൽ എത്തിയിട്ട് പോലും വേണ്ടത്ര പരിഗണന മേവിനു ലഭിച്ചില്ലെന്ന് ഇപ്പോൾ നടക്കുന്ന ഹിയറിങ്ങിൽ വ്യക്തമാകുന്നുണ്ട്. മേവ് റോയൽ ഡെവൺ ആൻഡ് എക്സെറ്റർ ഹോസ്പിറ്റലിൽ മൂന്ന് തവണ അഡ്മിറ്റ് ചെയ്യപ്പെട്ടിരുന്നുവെങ്കിലും ഓരോ തവണയും ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് അയക്കുകയായിരുന്നുവെന്ന് ഇൻക്വസ്റ്റിൽ വ്യക്തമാകുന്നു. 2021 മാർച്ചിൽ മേവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് അതേ ദിവസം തന്നെ വീട്ടിലേക്ക് അയച്ചതിൽ തനിക്ക് ഞെട്ടൽ ഉണ്ടായതായി ഷെൻ്റൻ്റെ സഹപ്രവർത്തകനായ ഡോ പോൾ മക്‌ഡെർമോട്ട് പറഞ്ഞു.
മേവിന്റെ അമ്മയായ സാറ ബൂത്ത്ബി തന്റെ മകളുടെ പരിചരണത്തിൽ എന്തുകൊണ്ട് വീഴ്ച വരുന്നുവെന്ന് അറിയാനായി ഏപ്രിലിൽ ജിപി പ്രാക്ടീസ് മാനേജർക്ക് കത്തെഴുതിയതായും ഇൻക്വസ്റ്റിൽ പറഞ്ഞു. 2021 ഒക്ടോബറിൽ മരിക്കുന്നതിന് ഒരാഴ്‌ച മുമ്പ് മേവ് തൻ്റെ ഡോക്ടർക്ക് അവസാനമായി അയച്ച മെസ്സേജിൽ ഇപ്രകാരം എഴുതി, ‘ഞാൻ കൂടുതൽ ചികിത്സിക്കാൻ കഴിയുന്ന ഒരു രോഗിയായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു.’ വളരെ മോശമായ അവസ്ഥയിലൂടെ കടന്നുപോയി മരണത്തിന് കീഴടങ്ങേണ്ടി വന്ന മേവിനു ആവശ്യമായ പരിചരണം ലഭിച്ചിട്ടില്ല എന്ന നിഗമനത്തിലാണ് ഇപ്പോൾ എത്തിയിരിക്കുന്നത്.
അസാധാരണമായ കഴിവുള്ള കുട്ടിയാണ് തന്റെ മകളെന്നും, അവൾ ഭാഷകൾ പഠിക്കാൻ ഇഷ്ടപ്പെട്ടിരുന്നതായും അമ്മ പറഞ്ഞു. എന്നാൽ സ്‌കൂൾ പഠനം പൂർത്തിയാക്കിയ ശേഷം, യാത്രയ്‌ക്കോ യൂണിവേഴ്‌സിറ്റിയിൽ അഡ്മിഷൻ നേടാനോ കഴിയാത്ത വിധം രോഗം അവളെ തളർത്തുകയായിരുന്നു. രണ്ടാഴ്ച നീണ്ടുനിൽക്കുന്ന ഇൻക്വസ്റ്റ് നടപടികൾ ഇപ്പോഴും തുടരുകയാണ്.
Leave a Reply