ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- കോവിഡ് ബാധിച്ച് ദിവസങ്ങളോളം കോമയിലായിരുന്ന യുവതി ജീവിതത്തിലേയ്ക്ക് അപ്രതീക്ഷിതമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. മുപ്പത്തിയാറുകാരിയായ ക്രിസ്റ്റീൻ സ്മിത്ത് എന്ന യുവതിയാണ് രോഗക്കിടക്കയിൽ നിന്ന് തിരിച്ചുവരവ് നടത്തിയശേഷം ഇപ്പോൾ വിവാഹത്തിനായി ഒരുങ്ങുന്നത്. മിഡ്‌ഡിൽസ്ബെറോയിൽ നിന്നുള്ള യുവതിക്ക് കോവിഡ് പോസിറ്റീവ് ആയ ശേഷം ആരോഗ്യസ്ഥിതി തികച്ചും മോശമായ അവസ്ഥയിലെത്തിയിരുന്നു. വെന്റിലേറ്ററിലേയ്ക്ക് മാറ്റിയ യുവതിയ്ക്ക് ഏതു നിമിഷവും മരണം സംഭവിക്കാമെന്ന മുന്നറിയിപ്പും ആശുപത്രി അധികൃതർ കുടുംബാംഗങ്ങൾക്ക് നൽകിയിരുന്നു. ഇത്തരത്തിൽ ദിവസങ്ങളോളം വെന്റിലേറ്ററിൽ കഴിഞ്ഞശേഷം ഒരു ദിവസം പെട്ടെന്ന് യുവതി സാധാരണ അവസ്ഥയിലേയ്ക്ക് എത്തുകയായിരുന്നു. ഇത് ചികിത്സിച്ച ഡോക്ടർമാർക്കും, പരിചരിച്ച നേഴ്സുമാർക്കും എല്ലാം തന്നെ അവിശ്വസനീയതയാണ് നൽകുന്നത്.
മരണാനന്തര ചടങ്ങുകൾക്ക് പകരം ഇപ്പോൾ വിവാഹ ചടങ്ങുകൾക്കായി ഒരുങ്ങുകയാണ് ക്രിസ്റ്റീൻ. കാമുകൻ മാർക്ക് സ്‌ക്വയർസ് വിവാഹാഭ്യർത്ഥന നടത്തിയതിനെ തുടർന്ന് ഇപ്പോൾ കുടുംബാംഗങ്ങൾ ക്രിസ്റ്റിന്റെ വിവാഹത്തിനായുള്ള തയ്യാറെടുപ്പുകളിലാണ്. ഒരിക്കലും കൊറോണ വൈറസിനെ നിസാരമായി തള്ളിക്കളയരുതെന്നും, ആവശ്യമായ മുൻകരുതലുകൾ എല്ലാവരും എടുക്കണമെന്നും രോഗക്കിടക്കയിൽ നിന്ന് മടങ്ങിയെത്തിയ ക്രിസ്റ്റീൻ മറ്റുള്ളവരെ ഓർമിപ്പിക്കുന്നു. തനിക്ക് ലഭിച്ച രോഗസൗഖ്യം എങ്ങനെയാണെന്ന് തനിക്കറിയില്ലെന്നും, അപ്രതീക്ഷിതമായ ഒരു വിടുതലാണ് തനിക്ക് ലഭിച്ചതെന്നും അവർ പറഞ്ഞു.
ജൂലൈ എട്ടിനാണ് ക്രിസ്റ്റീനിനെ കോവിഡ് ബാധിച്ച് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്. ആദ്യത്തെ നാല് ദിവസം ഓക്സിജൻ സഹായത്തോടുകൂടി വാർഡിൽ കഴിഞ്ഞ യുവതിയുടെ അവസ്ഥ പിന്നീട് വഷളാവുകയായിരുന്നു. പിന്നീട് കോമയിലേക്ക് പോയ യുവതിയെ വെന്റിലേറ്ററിലേക്ക് മാറ്റി. 10 ദിവസത്തോളം കോമയിൽ കഴിഞ്ഞതിനുശേഷമാണ് ക്രിസ്റ്റീനിന്റെ അപ്രതീക്ഷിത തിരിച്ചുവരവ്.
Leave a Reply