വള്ളികുന്നം: ഭര്‍ത്തൃവീട്ടില്‍ യുവതിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. തെക്കേമുറി ആക്കനാട്ടുതെക്കതില്‍ എസ്. സതീഷിന്റെ ഭാര്യ സവിത(പാറു- 24)യാണു മരിച്ചത്. സംഭവസമയത്ത് സതീഷിന്റെ അമ്മ ചന്ദ്രികയും സഹോദരിയുടെ മകളും മാത്രമാണു വീട്ടിലുണ്ടായിരുന്നത്. മരണത്തില്‍ ദുരൂഹതയുള്ളതായി യുവതിയുടെ ബന്ധുക്കള്‍ പോലീസിനു മൊഴിനല്‍കി.
വ്യാഴാഴ്ചപുലര്‍ച്ചേ ഒരുമണിയോടെയാണു സംഭവം. രണ്ടരവര്‍ഷംമുന്‍പാണ് എരുവപടിഞ്ഞാറ് ആലഞ്ചേരില്‍ സജു- ഉഷാകുമാരി ദമ്പതിമാരുടെ മകള്‍ സവിതയെ ദുബായില്‍ ജോലിചെയ്യുന്ന സതീഷ് വിവാഹംകഴിച്ചത്.
പോലീസ് പറയുന്നത്: സവിത മുന്‍പ് മണപ്പള്ളിയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലിക്കുപോയിരുന്നു. അവിടെ മണപ്പള്ളി സ്വദേശിയായ ഒരാളുമായി അടുപ്പമുണ്ടായിരുന്നു. ബുധനാഴ്ച രാത്രി കൈഞരമ്പു ചെറുതായി മുറിച്ചശേഷം ഇയാളെ ഫോണില്‍വിളിച്ച് ആത്മഹത്യാഭീഷണി മുഴക്കി. തുടര്‍ന്നു യുവാവ് സവിതയുടെ വീട്ടിലേക്കുവന്നു. മുറ്റത്തുനിന്ന് ഇരുവരും ഏറെനേരം സംസാരിച്ചു. സതീഷിന്റെ സഹോദരിയുടെ മകളും സവിതയും ഒരുമിച്ചാണുറങ്ങിയിരുന്നത്. സവിത പുറത്തിറങ്ങിയപ്പോള്‍ കുട്ടിയും മുറ്റത്തിറങ്ങിയിരുന്നു.
യുവാവുമായുള്ള സംസാരത്തിനിടെ സവിത ദേഷ്യപ്പെട്ട് വീണ്ടും ആത്മഹത്യാഭീഷണി മുഴക്കി മുറിക്കുള്ളിലേക്കുകയറി വാതിലടച്ചു. പരിഭ്രാന്തനായ യുവാവ് പുറത്തുനിന്നു ജനാലയില്‍ത്തട്ടി ബഹളമുണ്ടാക്കി. ഉറങ്ങിക്കിടന്ന സതീഷിന്റെ അമ്മ ബഹളം കേട്ടുണര്‍ന്നു. അയല്‍വാസികളും ഓടിയെത്തി. സവിത മുറി കുറ്റിയിട്ടിരുന്നു. തള്ളിത്തുറന്നു നോക്കിയപ്പോഴാണു ഫാനില്‍ തൂങ്ങിയനിലയില്‍ കണ്ടത്.
മരണത്തില്‍ ദുരൂഹതയുണ്ടെന്നും വിശദമായി അന്വേഷിക്കണമെന്നും അച്ഛന്‍ സജു പോലീസിനു മൊഴിനല്‍കി. യുവാവ് ഒളിവിലാണെന്നു പോലീസ് പറഞ്ഞു. വള്ളികുന്നം ഇന്‍സ്‌പെക്ടര്‍ എം.എം. ഇഗ്‌നേഷ്യസ്, വിരലടയാളവിദഗ്ദ്ധര്‍, ശാസ്ത്രീയ പരിശോധനാസംഘം എന്നിവര്‍ തെളിവെടുത്തു. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രിമോര്‍ച്ചറിയില്‍.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)
Leave a Reply