ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : അസ്ഡാ സൂപ്പർമാർക്കറ്റിന്റെ കാർ പാർക്കിൽ കുഞ്ഞിന് ജന്മം നൽകി യുവതി. ഈ സന്തോഷവാർത്ത അസ്ഡ തന്നെയാണ് ഫേസ്ബുക്കിൽ പങ്കുവച്ചത്. ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ ആയിരക്കണക്കിന് ലൈക്കുകളും കമന്റുകളും ഷെയറുകളും നേടുകയുണ്ടായി. “ഡെലിത്ത് ജോൺസ്, ഡീൻ സ്റ്റാവ്മാൻ എന്നിവരുടെ കുഞ്ഞ് ഹാരി ഞങ്ങളുടെ വെൽഹേലി സ്റ്റോറിന്റെ കാർ പാർക്കിൽ പിറന്നുവീണു.” അസ്ഡ ഫേസ്ബുക്കിൽ കുറിച്ചു. സൂപ്പർ മാർക്കറ്റ് പിന്നീട് കാർ പാർക്കിൽ കുഞ്ഞിനെ പ്രസവിച്ചതെങ്ങനെയെന്ന് വിശദീകരിച്ചു. കടയിൽ ജോലി ചെയ്യുന്ന 26കാരനായ ഡീൻ തന്റെ ഷിഫ്റ്റ്‌ പൂർത്തിയാക്കുകയായിരുന്നു. ഹോം കെയറായ തന്റെ ഭാര്യ ഡെലിത്ത് ഗർഭിണിയാണെന്ന് ദമ്പതികൾക്ക് അറിയില്ലായിരുന്നു. അവളുടെ വേദന ആരംഭിച്ചപ്പോൾ ഇത് അപ്പെൻഡിസൈറ്റിസ് ആണെന്ന് അവർ കരുതി. അമ്മ ആൻഡ്രിയയും സഹോദരി കേറ്റും അസ്ഡ വെൽഹേലിയിൽ ജോലി ചെയ്യുന്നുന്നവരാണ്. ആംബുലൻസ് എത്തിയ ശേഷമാണ് അവൾക്ക് പ്രസവവേദന ആരംഭിച്ചെന്ന് അവർ അറിയുന്നത്. 30 മൈൽ അകലെയുള്ള ബാംഗൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും സ്റ്റോറിന്റെ കാർ പാർക്കിൽ വച്ചു തന്നെ അവൾ കുഞ്ഞിന് ജന്മം നൽകി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

“എനിക്ക് മുമ്പ് ഇതുപോലൊരു വേദന ഉണ്ടായിരുന്നു, അതിനാൽ ഇത് സമാനമായ ഒന്നാണെന്ന് കരുതി. എന്റെ മമ്മിയേയും സഹോദരിയേയും ഫോണിൽ വിളിച്ചപ്പോൾ അവർ സഹായത്തിനെത്തി.” ഡെലിത്ത് പറഞ്ഞു. സ്റ്റോറിന്റെ കസ്റ്റമർ സർവീസ് ഡെസ്‌കിൽ ജോലി ചെയ്യുന്ന കേറ്റ് പറഞ്ഞു: “അവൾക്ക് വേദന തോന്നി തുടങ്ങിയപ്പോൾ ഞങ്ങൾ സഹായത്തിനായി ഓടിയെത്തി. ഇത് അപ്പെൻഡിസൈറ്റിസ് ആണെന്ന് ഞങ്ങൾ കരുതി. ഒരു ഘട്ടത്തിൽ അവൾ പറഞ്ഞു; ‘എനിക്ക് ഒരു കുഞ്ഞ് ജനിക്കുന്നുവെന്ന് ഞാൻ കരുതുന്നു.’ ഞങ്ങൾ ചിരിച്ചു. എന്നാൽ അവൾ പറഞ്ഞത് ശരിയാണെന്ന് തോന്നിയപ്പോൾ ഞെട്ടിപ്പോയി! അവൾ ഗർഭിണിയാണെന്ന് അവൾക്ക് അറിയില്ലായിരുന്നു. കുഞ്ഞിന്റെ ചലനം അവൾക്ക് അനുഭവപ്പെട്ടില്ല. ”

ഡെലിത്തിനേയും ഹാരിയേയും പരിശോധനയ്ക്കായി ബാംഗൂർ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും 24 മണിക്കൂറിനുള്ളിൽ വീട്ടിലെത്തി. ഏഴു വർഷങ്ങൾക്ക് മുമ്പാണ് ഡെലിത്തിന്റെയും ഡീനിന്റെയും വിവാഹം കഴിഞ്ഞത്. ഹാരിയുടെ അപ്രതീക്ഷിത ജനനത്തിന്റെ ഞെട്ടലിലാണെങ്കിലും അതീവ സന്തോഷത്തിലാണ് ആ കുടുംബം.