ന്യൂസ് ഡെസ്ക്, മലയാളം യുകെ

കവൻട്രിയിൽ വളർത്തു നായയുടെ കടിയേറ്റ് 30 വയസ്സുകാരിക്ക് ദാരുണാന്ത്യം. ഈ വർഷം നായയുടെ ആക്രമണത്തെ തുടർന്ന് റിപ്പോർട്ട് ചെയ്‌ത നാലാമത്തെ മരണമാണിത്. ഇന്നലെ ഉച്ചയ്ക്ക് 12.15ഓടെയാണ് സംഭവം നടന്നത്. ഇതിന് പിന്നാലെ വെസ്റ്റ് മിഡ്‌ലാൻഡ്‌സ് പോലീസ് സംഭവ സ്ഥലത്തെത്തി. ആംബുലൻസ് സർവ്വീസ് ആവശ്യമായ ചികിത്സ നൽകിയെങ്കിലും യുവതി മരിക്കുകയായിരുന്നു.

അക്രമിയായ നായയെ പിടികൂടി. നായയുടെ ഇനം ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല. രാജ്യത്ത് നിരോധിച്ചിരിക്കുന്ന ഇനമല്ലെന്നാണ് ഇപ്പോൾ കിട്ടിയ വിവരങ്ങൾ സൂചിപ്പിക്കുന്നത്. സംഭവത്തിന് പിന്നാലെ യുവതിയുടെ കുടുംബത്തെ വെസ്റ്റ് മിഡ്‌ലാൻഡ്‌സ് പോലീസ് ബന്ധപ്പെട്ടിട്ടുണ്ട്.

നായയുടെ ഇനം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഇത് രാജ്യത്ത് നിരോധിച്ചിരിക്കുന്ന ഇനമാണെന്ന് കരുതുന്നില്ലെന്ന് ചീഫ് ഇൻസ്‌പെക്ടർ ഡേവിഡ് ആമോസ് പറഞ്ഞു. 999ലേക്ക് ഫോൺ കോൾ വന്നതിന് പിന്നാലെ വെസ്റ്റ് മിഡ്‌ലാൻഡ്സ് ആംബുലൻസ് സർവീസ് സംഭവ സ്ഥലത്ത് എത്തി സ്ത്രീയുടെ നില ഗുരുതരമാണെന്ന് കണ്ടെത്തി. സുരക്ഷാ പ്രശ്‌നങ്ങൾ കണക്കിലെടുത്ത് പോലീസിൻെറ സഹായത്തോടെ അവരെ സംഭവ സ്ഥലത്ത് നിന്ന് മാറ്റി ഉടൻ തന്നെ ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും യുവതി മരിക്കുകയായിരുന്നു. സംഭവത്തിൽ മറ്റാർക്കും പരുക്കുകൾ ഏറ്റിട്ടില്ല. ജൂൺ മാസം കവൻട്രിയിലെ ഏഴു മാസം പ്രായമുള്ള കുഞ്ഞ് നായയുടെ ആക്രമണത്തെ തുടർന്ന് മരിച്ചിരുന്നു. 2024-ൽ യുകെയിൽ നായയുടെ ആക്രമണത്തെ തുടർന്ന് നടന്ന നാലാമത്തെ മരണമാണിത്. 2023-ൽ 16 മരണങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു