ഭർത്താവിന്റെ അപ്രതീക്ഷിത വിയോഗത്തെ തുടർന്ന് യുവതി മക്കൾക്കൊപ്പം ആത്മഹത്യ ചെയ്തു. പേരാമ്പ്ര മുളിയങ്ങലിലെ നടുക്കണ്ടി പ്രകാശന്റെ ഭാര്യ പ്രിയ (32) ആണ് മക്കളായ പുണ്യതീർഥ (13) നിവേദ്യ (4) എന്നിവർക്കൊപ്പം തീ കൊളുത്തി മരിച്ചത്. പ്രകാശൻ കഴിഞ്ഞ ജനുവരി നാലിനാണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. ഇന്നലെ പുലർച്ചെയാണ് പ്രിയയെയും കുട്ടികളെയും പൊള്ളലേറ്റ നിലയിൽ കണ്ടത്. കുട്ടികൾ രണ്ടു പേരും ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു.

ഗുരുതരമായി പൊള്ളലേറ്റ പ്രിയയെ കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പുണ്യതീർഥ നൊച്ചാട് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയാണ്. നടുവണ്ണൂർ കാവുന്തറ റോഡിൽ തിരുപ്പുറത്ത് നാരായണൻ നായരുടെയും മീനാക്ഷി അമ്മയുടെയും മകളാണ് പ്രിയ. സഹോദരങ്ങൾ വിജയ, ഉഷ, ജയ, ബിജിലേഷ്.

ഏറെ സന്തോഷത്തോടെ കഴിഞ്ഞിരുന്ന കുടുംബത്തിന് പ്രകാശന്റെ പെട്ടെന്നുള്ള വിയോഗം താങ്ങാവുന്നതിലും അപ്പുറമായിരുന്നു. കഴിഞ്ഞ ജനുവരി 4ന് പ്രകാശൻ ഹൃദയാഘാതത്തെ തുടർന്ന് മരിക്കുകയായിരുന്നു. പ്രകാശന്റെ മരണത്തിന് ശേഷം ഭാര്യ പ്രിയ അടുത്ത സുഹൃത്തുക്കളോടും ബന്ധുക്കളോടും പറഞ്ഞിരുന്നത് തങ്ങളും പ്രകാശേട്ടന്റെയടുത്ത് പോകുമെന്നായിരുന്നുവത്രേ. മക്കളായ പുണ്യതീർഥ, നിവേദ്യ എന്നിവർക്കൊപ്പം തീകൊളുത്തി കോഴിക്കോട് മെഡിക്കൽ കോളജിൽ അത്യാസന്ന നിലയിൽ പ്രവേശിപ്പിച്ചപ്പോഴും പ്രിയ എല്ലാവരോടുമായ് പറഞ്ഞതും അതുതന്നെയാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കഴിഞ്ഞ ദിവസം പ്രിയ കുട്ടികളുമൊത്ത് മുളിയങ്ങൽ അങ്ങാടിലെത്തി മണ്ണെണ്ണ വാങ്ങിച്ചിരുന്നു. വീട്ടിലെ വെള്ളത്തിന്റെ വാൽവ് പൂട്ടിയ നിലയിലായിരുന്നു. ഇത് ആളുകൾ രക്ഷിക്കാതിരിക്കാൻ വേണ്ടിയായിരുന്നെന്നും കരുതുന്നു. പ്രകാശന്റെ അമ്മ ഓമനമ്മയുടെ അടുത്ത് ദിവസവും ഉറങ്ങാറുള്ള മൂത്ത മകളെയും പ്രിയ മാറ്റി കിടത്തുകയായിരുന്നു. പുലർച്ചെ മൂന്നരയോടെ കുട്ടികളുടെ കരച്ചിൽ കേട്ട് ഉണർന്ന ഓമനമ്മയാണ് പ്രിയയെയും കുട്ടികളെയും തീപ്പൊള്ളലേറ്റ നിലയിൽ കണ്ടത്. ഇവരുടെ കരച്ചിൽ കേട്ട് നാട്ടുകാരും അയൽവാസികളും എത്തുകയായിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ച ഇളയകുട്ടിയെ പ്രിയ ചേർത്ത് പിടിച്ചതായി ദൃക്സാക്ഷികൾ പറഞ്ഞു.

മൂവരെയും ഉടൻ കോഴിക്കോട് മെഡിക്കൽ കോളജിൽ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടികൾ അപ്പോഴേക്കും മരിച്ചു. മകൾ മരിച്ചതറിഞ്ഞിട്ടും തങ്ങളെ രക്ഷിക്കരുതെന്ന് പ്രിയ ഇടയ്ക്കിടെ പറയുന്നുണ്ടായിരുന്നു. തങ്ങളെ പ്രകാശേട്ടന്റെ അടുത്ത് തന്നെ അടക്കം ചെയ്യണമെന്ന് പ്രിയ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് അബോധാവസ്ഥയിലായ പ്രിയയെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിന് ശേഷം വൈകിട്ട് നാലു മണിയോടെ പ്രിയയുടെ ആഗ്രഹപ്രകാരം മുളിയങ്ങലിലെ വീട്ടുവളപ്പിൽ പ്രകാശന്റെ ശവകുടീരത്തിന് സമീപം മൂവരെയും സംസ്‌കരിച്ചു.