ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- ബീജദാതാവുമായി രഹസ്യമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടുവെന്ന് സ്വവർഗ്ഗ പങ്കാളികൾ ആയിരുന്നവരിൽ ഒരാൾ സമ്മതിച്ചതിനെ തുടർന്ന്, കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ നിന്നും തന്റെ പേര് നീക്കം ചെയ്തതിനെതിരെ യുവതി കോടതിയിൽ നൽകിയ അപ്പീൽ പരാജയപ്പെട്ടിരിക്കുകയാണ്. അത്ഭുതപൂർവ്വവും അസാധാരണവുമായ ഈ കേസ്, നിലവിൽ ആറ് വയസ്സുള്ള പെൺകുട്ടിയുടെ നിയമപരമായ മാതാപിതാക്കൾ ആരാണ് എന്നത് കേന്ദ്രീകരിച്ചായിരുന്നു. സ്വവർഗ്ഗ പങ്കാളികളായ രണ്ടു സ്ത്രീകളും ഒരു ഓൺലൈൻ പരസ്യത്തിലൂടെ അവർ പരിചയപ്പെട്ട പുരുഷനും തമ്മിലുള്ള അനൗപചാരിക ഗർഭധാരണ ക്രമീകരണത്തിന് ഇടയിലാണ് കുട്ടി ജനിച്ചതെന്ന് ജഡ്ജി വ്യക്തമാക്കി. ദമ്പതികൾ, 2016 അവസാനത്തിൽ ഒരു പബ്ബിൽ വെച്ചാണ് ആദ്യമായി ഈ പുരുഷനെ കണ്ടുമുട്ടിയത്. സ്വവർഗ്ഗ പങ്കാളികളായ സ്ത്രീകളിൽ ഒരാൾക്ക് ഗർഭം ധരിക്കുവാനായി ബീജദാതാവിനെ കണ്ടെത്തുമെന്ന പ്രതീക്ഷയിലാണ് അവർ ഈ കൂടി കാഴ്ച നടത്തിയത്. പിന്നീട് മൂവരും തമ്മിൽ സംസാരിച്ച് ഒരു തീരുമാനത്തിൽ എത്തുകയും, കൃത്രിമ ബീജസങ്കലനം ഉപയോഗിക്കാൻ മൂവരും ഒരു കരാറിൽ എത്തുകയും ചെയ്തു. എന്നാൽ കൃത്രിമ ബീജസങ്കലനത്തിനുള്ള ശ്രമം രണ്ട് പ്രാവശ്യം പരാജയപ്പെട്ടപ്പോൾ, സ്വവർഗ്ഗ പങ്കാളികളായ സ്ത്രീകളിൽ ഒരാൾ ഈ പുരുഷനുമായി ബന്ധം സ്ഥാപിക്കുകയും, അവർ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്തുവെന്ന് കോടതി വാദം കേട്ടു. ഇത്തരത്തിൽ മൂന്ന് പ്രാവശ്യം അവർ തമ്മിൽ ലൈംഗിക ബന്ധം ഉണ്ടായെന്നും, ഇതൊന്നും തന്നെ സ്വവർഗ്ഗ പങ്കാളികളിൽ ഉൾപ്പെട്ട യുവതിക്ക് അറിയില്ലായിരുന്നു എന്നുമാണ് കോടതി കണ്ടെത്തിയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മൂന്നാം തവണ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതും, കൃത്രിമ ബീജസങ്കലനവും ഏകദേശം ഒരേ സമയത്ത് ആയതിനാൽ, ഗർഭധാരണത്തിലേക്ക് നയിച്ച ബീജസങ്കലന രീതി ഏതാണെന്ന് കൃത്യമായി വ്യക്തമാക്കുവാൻ സാധിക്കില്ലെന്ന് ജഡ്ജി വ്യക്തമാക്കി. കുട്ടിയുടെ പരിപാലനത്തെ തുടർന്നുണ്ടായ തർക്കത്തിൽ സ്വവർഗ്ഗ പങ്കാളികൾ ഇരുവരും പിന്നീട് വിവാഹമോചനം നേടുകയായിരുന്നു. അതിനുശേഷം കോടതിയിൽ തനിക്കും ബീജദാതാവിനും ഇടയിൽ ഉണ്ടായ ലൈംഗികബന്ധത്തെ സംബന്ധിച്ച് തുറന്നുപറഞ്ഞ് യുവതി, കുട്ടിയുടെ നിയമപരമായ രക്ഷിതാവ് അവർ ആണെന്ന് കോടതിയിൽ വ്യക്തമാക്കിയിരുന്നു. ഇത്തരത്തിൽ അനൗപചാരികമായ, കൃത്യമല്ലാത്ത കരാറുകളിലൂടെ കൃത്രിമ ബീജസങ്കലനത്തിന് ശ്രമിക്കുന്നവർക്കുള്ള ഒരു മുന്നറിയിപ്പു കൂടിയാണ് ഈ കേസെന്ന് ജഡ്ജി ഓർമ്മിപ്പിച്ചു. കോടതിയിൽ അപ്പീൽ നൽകിയ പങ്കാളിയെ രക്ഷിതാവായി കാണാൻ സാധിക്കില്ലെന്നും, അതിനാൽ തന്നെ ജനന സർട്ടിഫിക്കറ്റിൽ പേര് ഉൾപ്പെടുത്താൻ ആവില്ലെന്നും കോടതി കണ്ടെത്തി. വെള്ളിയാഴ്ച രേഖാമൂലമുള്ള വിധിന്യായത്തിൽ, ജസ്റ്റിസ് ഡേവിസിനും ജസ്റ്റിസ് അർനോൾഡിനും ഒപ്പം കേസ് പരിഗണിച്ച ജസ്റ്റിസ് ജാക്സൺ യുവതിയുടെ അപ്പീൽ തള്ളിയതായി വ്യക്തമാക്കി.