ഹോട്ടലുടമയെ കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ച കേസിൽ ഭാര്യയും കാമുകനും അറസ്റ്റിൽ. ബെന്നാർഗട്ടയിലെ ഹോട്ടലുടമ ശിവലിംഗ(46)യെ കൊലപ്പെടുത്തിയ കേസിൽ ഭാര്യ ശോഭ(44) കാമുകൻ രാമു(45) എന്നിവർ അറസ്റ്റിലായതോടെയാണ് സിനിമയെ വെല്ലുന്ന ക്രൂരകൃത്യം വെളിപ്പെട്ടത്. ഇരുവരും ചേർന്ന് ആറ് മാസം മുമ്പാണ് ശോഭയുടെ ഭർത്താവായ ശിവലിംഗയെ കൊലപ്പെടുത്തിയതെന്ന് പോലീസ് കണ്ടെത്തി. ശിവലിംഗയുടെ ഹോട്ടലിലെ ജീവനക്കാരനായിരുന്നു രാമു. ഇയാൾ ശോഭയുമായി അടുത്തത് ശിവലിംഗ അറിഞ്ഞതാണ് കൊലപാതകത്തിന് കാരണമായത്.

2020 ജൂൺ ഒന്നാം തീയതിയാണ് ശോഭയും രാമുവും ചേർന്ന് ശിവലിംഗയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം സമീപത്തെ തോട്ടത്തിൽ ഉപേക്ഷിച്ചത്. ദിവസങ്ങൾക്ക് ശേഷം അഴുകിയനിലയിൽ മൃതദേഹം കണ്ടെടുത്തെങ്കിലും ആരും അവകാശമുന്നയിച്ച് എത്താതിരുന്നതിനാൽ പോലീസ് മൃതദേഹം മറവുചെയ്യുകയായിരുന്നു.

ശിവലിംഗ വീടിനടുത്ത റോഡരികിലായിരുന്നു ആദ്യം ഭക്ഷണശാല നടത്തിയിരുന്നത്. ഇവിടെ ജീവനക്കാരനായിരുന്നു രാമു. പിന്നീട് കച്ചവടം വിപുലപ്പെടുത്തുകയും ബെന്നാർഗട്ടയിൽ പുതിയ ഹോട്ടൽ ആരംഭിക്കുകയും ചെയ്തു. ഇതോടെ ശോഭയും രാമുവും ചേർന്ന് നാട്ടിലെ ഭക്ഷണശാല നോക്കി നടത്താൻ തുടങ്ങി. ഈ സമയം ഇരുവരും തമ്മിൽ അടുപ്പത്തിലാവുകയും ലോക്ക്ഡൗൺ വന്നതോടെ ബെന്നാർഗട്ടയിൽനിന്ന് ശിവലിംഗ നാട്ടിൽ തിരിച്ചെത്തിയപ്പോൾ ശോഭയുടെ ബന്ധം ശിവലിംഗ തിരിച്ചറിയുകയായിരുന്നു. ഇതോടെ ഇരുവർക്കുമിടയിൽ തർക്കങ്ങളും പതിവായി. ഇതോടെയാണ് ശിവലിംഗയെ കൊലപ്പെടുത്താൻ തീരുമാനിച്ചതെന്ന് പ്രതികൾ മൊഴി നൽകി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അതേസമയം, ശിവലിംഗയെ കാണാതായതോടെ തെരഞ്ഞെത്തിയവരോട് വീട്ടിൽ സൂക്ഷിച്ചിരുന്ന പണവുമായി ശിവലിംഗ നാടുവിട്ട് പോയെന്നാണ് ശോഭ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. വീട്ടിലുണ്ടായിരുന്ന 1.3 ലക്ഷം രൂപയുമായാണ് പോയതെന്നും പണം തീർന്നാൽ അദ്ദേഹം തിരികെവരുമെന്നും വിശ്വസിപ്പിച്ചു. ദിവസങ്ങൾ കഴിഞ്ഞിട്ടും ശിവലിംഗയെക്കുറിച്ച് വിവരം ലഭിക്കാതായതോടെ സഹോദരൻ പോലീസിൽ പരാതി നൽകാൻ ശ്രമിച്ചെങ്കിലും ശോഭ ഇവരെ പിന്തിരിപ്പിച്ചു.

പിന്നീട് മാസങ്ങൾക്ക് ശേഷം ഹോട്ടൽ ജീവനക്കാരൻ രാമുവുമായി ശോഭ അടുപ്പത്തിലാണെന്ന വിവരം ബന്ധുക്കൾക്ക് മനസിലായതോടെ ശിവലിംഗയുടെ സഹോദരനും ബന്ധുക്കളും പോലീസിൽ പരാതി നൽകുകയായിരുന്നു.

ആറ് മാസത്തോളം ആർക്കും സംശയമില്ലാത്തരീതിയിൽ ഇവർ കൊലപാതകം മറച്ചുവെച്ചെങ്കിലും പോലീസ് അന്വേഷിച്ചെത്തിയതോടെ കള്ളി വെളിച്ചത്താവുകയായിരുന്നു. ഞായറാഴ്ച ഇരുവരെയും കസ്റ്റഡിയിലെടുത്ത പോലീസ് സംഘം വിശദമായി ചോദ്യംചെയ്തു. തുടർന്ന് രണ്ടുപേരും കുറ്റംസമ്മതിക്കുകയായിരുന്നു. കൊലപാതകം നടത്തിയ രീതി പോലീസിനോട് വിവരിച്ച പ്രതികൾ മൃതദേഹം ഉപേക്ഷിച്ചസ്ഥലവും കാണിച്ചുനൽകി. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്ന് പോലീസ് പറഞ്ഞു.