സിംല: ഹോട്ടലിലെ അനധികൃത നിര്‍മാണം പൊളിച്ചുമാറ്റാനെത്തിയ ഉദ്യോഗസ്ഥയെ ഹോട്ടല്‍ ഉടമ വെടിവച്ചു കൊന്നു. ഹിമാചല്‍ പ്രദേശിലെ സോളന്‍ ജില്ലയിലാണ് സംഭവമുണ്ടായത്. അസിസ്റ്റന്റ് ടൗണ്‍ ആന്‍ഡ് കണ്‍ട്രീ പ്ലാനിങ് ഓഫീസര്‍ ഷൈല്‍ ബാലയാണ് വെടിയേറ്റ് മരിച്ചത്. നാരായണി ഗസ്റ്റ് ഹൗസ് എന്ന ഹോട്ടലിന്റെ അനധികൃത നിര്‍മാണം ഒഴിപ്പിക്കാനെത്തിയതായിരുന്നു ഇവര്‍. ഹോട്ടല്‍ ഉടമ വിജയ് കുമാറാണ് ഷൈല്‍ബാലയെ വെടിവെച്ചു വീഴ്ത്തിയത്.

മറ്റൊരു ഉദ്യോഗസ്ഥനും സംഭവത്തില്‍ പരിക്കേറ്റു. സുപ്രീം കോടതി നിര്‍ദേശ പ്രകാരം നടപടിയെടുക്കാന്‍ എത്തിയ ഉദ്യോഗസ്ഥ സംഘത്തിനു നേരെയാണ് ആക്രമണം ഉണ്ടായത്. സോളന്‍ ജില്ലയിലെ 13 ഹോട്ടലുകള്‍ അനധികൃതമായി നിര്‍മിച്ചവയാണെന്ന് കണ്ടെത്തിയ കോടതി അവ പൊളിച്ചു നീക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതിനായി നാല് സംഘങ്ങള്‍ക്ക് സര്‍ക്കാര്‍ രൂപം നല്‍കി. ഇതില്‍ ഒരു സംഘത്തിന്റെ മേധാവി ആയിരുന്നു ഷൈല്‍ബാല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സംഘം ഗേറ്റിന് സമീപം എത്തിയപ്പോള്‍ത്തന്നെ വിജയ് കുമാര്‍ ആകാശത്തേക്ക് വെടിയുതിര്‍ത്തു. ഉദ്യോഗസ്ഥരെ ഭയപ്പെടുത്തനായിരുന്നു വിജയ് കുമാര്‍ ഇങ്ങനെ ചെയ്തത്. ഇതേത്തുടര്‍ന്ന് ഉദ്യോഗസ്ഥരും വിജയ് കുമാറും തമ്മില്‍ വാക്കേറ്റം ഉണ്ടാകുകയും വിജയ് കുമാര്‍ ഉദ്യോഗസ്ഥര്‍ക്കു നേരെ വെടിയുതിര്‍ക്കുകയുമായിരുന്നു. വെടിയേറ്റ ഷൈല്‍ബാല സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. സ്ഥലത്തു നിന്ന് രക്ഷപ്പെട്ട ഇയാള്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.