ലണ്ടന്‍: ശസ്ത്രക്രിയാ ടേബിളില്‍ കിടത്തി ശസ്ത്രക്രിയ നടത്തി കൊണ്ടിരിക്കുമ്പോള്‍ ബോധം തെളിയുന്ന അവസ്ഥയെക്കുറിച്ച് ചിന്തിക്കാന്‍ സാധിക്കുമോ. എന്നാല്‍ അത്തരം ഒരു ദുരവസ്ഥ നേരിട്ട് അനുഭവിച്ചിരിക്കുകയാണ് വാറ്റ്ഫോര്‍ഡില്‍ നിന്നുള്ള സാറാ തോമസ് എന്ന ഇരുപത്തിമൂന്നുകാരിയായ യുവതി. ഗുരുതരമായ അനസ്തറ്റിക് പിഴവു മൂലം ടോണ്‍സിലുകള്‍ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയക്കിടെയാണ് യുവതി ഉണര്‍ന്നത്. കഠിനമായ വേദനയില്‍ മരവിച്ചു പോയതിനാല്‍ ശസ്ത്രക്രിയ നടത്തിയിരുന്നവരെ ഇത് അറിയിക്കാന്‍ തനിക്കായില്ലെന്ന് സാറ വ്യക്തമാക്കി.
ലേസര്‍ ഉപയോഗിച്ച് ശസ്ത്രക്രിയ ചെയ്തിരുന്ന തൊണ്ടയുടെ വലത് ഭാഗത്ത് അതി കഠിനമായ വേദനയാണ് തനിക്കനുഭവപ്പെട്ടത്. ബോധം തിരികെ ലഭിച്ചെങ്കിലും തനിക്ക് ശരീരം അനക്കാന്‍ കഴിയുമായിരുന്നില്ല. ലേസര്‍ ഉപകരണം ഉപയോഗിച്ച് തൊണ്ടയില്‍ ഓപ്പറേഷന്‍ നടത്തുന്നതും ഡോക്ടര്‍മാരും നഴ്സുമാരും ചലിക്കുന്നതും ഒക്കെ തനിക്ക് അറിയാന്‍ കഴിയുന്നുണ്ടായിരുന്നു എന്നും സാറ പറഞ്ഞു. കഠിനമായ വേദന സഹിക്കുവാന്‍ അല്ലാതെ മറ്റൊന്നിനും ശരീരത്തിനു സാധിക്കുമായിരുന്നില്ല. കണ്ണുകള്‍ ടേപ്പ് ഉപയോഗിച്ച് അടച്ചിരുന്നതിനാല്‍ താന്‍ ഉണര്‍ന്ന കാര്യം സര്‍ജന്‍മാര്‍ക്ക് പെട്ടെന്ന് മനസിലാക്കാന്‍ സാധിച്ചിരുന്നില്ലെന്നും സാറ പറഞ്ഞു. 2013 നവംബറിലാണ് സംഭവം നടന്നത്.
കഠിന വേദന കൊണ്ട് താന്‍ അലറി വിളിക്കുന്നുണ്ടെങ്കിലും ശബ്ദം പുറത്ത് വന്നിരുന്നില്ല എന്ന്‍ സാറ ഓര്‍ക്കുന്നു. ഉണര്‍ന്ന് പതിനഞ്ചു മിനിറ്റുകള്‍ക്ക് ശേഷമാണ് ഓപ്പറേഷന്‍ നടത്തിയിരുന്ന സംഘത്തിലുണ്ടായിരുന്ന ഹെഡ് നഴ്‌സ് താന്‍ ഉണര്‍ന്നതായി സംശയം പ്രകടിപ്പിക്കുന്നത് സാറ കേട്ടു. ഏകദേശം 30 സെക്കണ്ടുകള്‍ക്കുള്ളില്‍ താന്‍ വീണ്ടും ഉറക്കത്തിലേക്ക് പോയതായും സാറ പറയുന്നു. സാറ ഉണര്‍ന്നത് തിരിച്ചറിഞ്ഞ ശസ്ത്രക്രിയാ സംഘം വീണ്ടും അനസ്തെറ്റിക് ലെവല്‍ ഉയര്‍ത്തിയതിനെ തുടര്‍ന്നാണ് സാറ വീണ്ടും അബോധാവസ്ഥയില്‍ ആയത്. കഠിനമായ വേദനയില്‍ പുളയുമ്പോഴും ശരീരം അനക്കാനാവാതെ കിടക്കുന്ന ആ ദുരവസ്ഥ വിവരിക്കാന്‍ വാക്കുകള്‍ക്ക് സാധിക്കില്ല എന്നും അതോര്‍ത്ത് തനിക്കിപ്പോഴും ഉറങ്ങാന്‍ പോലും സാധിക്കുന്നില്ല എന്നും സാറ പറയുന്നു.
ഒപ്പറേഷനെ തുടര്‍ന്നുണ്ടായ വൈഷമ്യങ്ങള്‍ മൂലം താന്‍ ചെയ്തുകൊണ്ടിരുന്ന ഹെയര്‍ഡ്രസ്സറുടെ ജോലി സാറയ്ക്ക് ഉപേക്ഷിക്കേണ്ടി വന്നു. കൗണ്‍സലിംഗുകള്‍ക്ക് വിധേയായിട്ടും ഇതേക്കുറിച്ചുശള്ള ദുസ്വപ്‌നങ്ങള്‍ തന്നെ അലട്ടുകയാണെന്നും സാറ പറഞ്ഞു. എന്‍എച്ച്എസിനു കീഴിലുള്ള സെന്റ് ആല്‍ബാന്‍സ് ആശുപത്രിയിലാണ് സാറ സര്‍ജറിക്ക് വിധേയയായത്.
ടോണ്‍സിലുകള്‍ മൂലം ഭക്ഷണം കഴിക്കാനും ശ്വാസോച്ഛാസത്തിനും തടസം നേരിട്ടതിനേത്തുടര്‍ന്നാണ് സാറയെ ഓപ്പറേഷന് വിധേയയാക്കിയത്. ഒരു സാധാരണ സര്‍ജറി മാത്രമാണ്ഇതിനാവശ്യം എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നത്. അതിനായി അനസ്‌തേഷ്യ നല്‍കുകയും ചെയ്തു. ഓപ്പറേഷനു വിധേയമാകുന്ന രോഗിയുടെ ശാരീരികാവസ്ഥകളും ബോധ ലെവലും നിരീക്ഷിക്കുന്ന ഉപകരണം ഇവര്‍ ഉണര്‍ന്ന വിവരം മനസിലാക്കേണ്ടതായിരുന്നു. എന്നാല്‍ ഈ ഉപകരണത്തിനു സംഭവിച്ച തകരാറാണ് ഗുരുതരമായ വീഴ്ചയ്ക്ക് കാരണമായതെന്നാണ് വിലയിരുത്തപ്പെടുന്നത്.
ആശുപത്രിയുടെ ഭാഗത്ത് നിന്ന് സംഭവിച്ച വീഴ്ചയെന്ന നിലയില്‍ 22000 പൗണ്ട് നഷ്ടപരിഹാരം ലഭിച്ചെങ്കിലും താന്‍ അനുഭവിച്ച വേദനയ്ക്ക് മുന്‍പില്‍ ഇത് തീരെ നിസ്സാരമായ ഒന്നാണെന്നാണ് സാറയുടെ അഭിപ്രായം.
റോയല്‍ കോളേജ് ഓഫ് അനസ്തെറ്റിക്സിലെ ഡോ. റിച്ചാര്‍ഡ് മാര്‍ക്സിന്റെ അഭിപ്രായത്തില്‍ വളരെ അപൂര്‍വ്വമായി മാത്രമേ ഇങ്ങനെ ശാസ്ത്രക്രിയയ്ക്കിടയില്‍ രോഗി ഉണരാറുള്ളൂ. 19000ല്‍ ഒന്ന്‍ വീതം ഇങ്ങനെ സംഭവിക്കാം എന്നും സാധാരണ ഗതിയില്‍ എമര്‍ജന്‍സി ഓപ്പറേഷനുകളിലാണ് ഇങ്ങനെ സംഭവിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
എന്തായാലും ജീവിതത്തില്‍ ഇനിയൊരു ഓപ്പറേഷന്‍ വരല്ലേ എന്ന പ്രാര്‍ത്ഥനയിലാണ് സാറ ഇപ്പോള്‍. കൌണ്‍സലിംഗും ചികിത്സയും ഒക്കെയായി സാധാരണ ജീവിതത്തിലേക്ക് തിരികെ എത്തിക്കൊണ്ട് ഇരിക്കുകയാണ് സാറ.