മകളെ രക്ഷിക്കാന്‍ യാചിച്ചിട്ടും ആരും സഹായിച്ചില്ലെന്ന് തൃശൂരില്‍ കൊല്ലപ്പെട്ട ജീതുവിന്റെ അച്ഛന്‍ ജനാര്‍ദനന്‍. പഞ്ചായത്തംഗം ഉള്‍പ്പെടെ നാട്ടുകാര്‍ കാഴ്ചക്കാരായി. പൊളളലേറ്റ ജീതുവിനെ ഓട്ടോറിക്ഷയില്‍ കയറ്റാന്‍പോലും ആരും സഹായിച്ചില്ല. പ്രതി വിരാജിന്റെ സഹോദരന്‍ ഭീഷണിപ്പെടുത്തിയെന്നും ജനാര്‍ദനന്‍  പറഞ്ഞു.

വിറയാര്‍ന്ന വാക്കുകളില്‍ അച്ഛന്‍റെ വാക്കുകള്‍ ഇങ്ങനെ: ‘പലിശ കയറിയാണ് കടം കുമിഞ്ഞത്. ഞങ്ങള്‍ ഒന്നും ഇല്ലാത്തവരാണ്. കൊടുക്കാനില്ലാത്ത പൈസയാണ് ഇതെന്നാണ് മോള് പറഞ്ഞത്. ഒരു ജനപ്രതിനിധിയാണ് അവളെ ഭീഷണിപ്പെടുത്തിയത് പലപ്പോഴും. പെട്രോള്‍ ഒഴിച്ചപ്പോള്‍ എന്റെ മോള്‍ ഓടി. ഞാന്‍ അപ്പോള്‍ കുറച്ചപ്പുറത്ത് സംസാരിച്ച് നില്‍ക്കുകയായിരുന്നു. പിന്നാലെ ഓടി ലൈറ്റര്‍ കൊണ്ട് തീകൊളുത്തി. എന്‍റെ മോള് നിന്നു കത്തുകയായിരുന്നു. ആരും ഹായിച്ചില്ല. ആരോ ഒരാള്‍ കുറച്ച് വെള്ളം ഒഴിച്ചു. വാര്‍ഡ് മെമ്പറടക്കം അവിടെ ഉണ്ടായിരുന്നു. ഞങ്ങളെ വിളിച്ചുവരുത്തിയതാണ് എന്നോര്‍ക്കണം…’

തൃശൂര്‍ ചെങ്ങാലൂരിലാണ് ജനക്കൂട്ടം നോക്കിനില്‍ക്കെ ദലിത് യുവതിയെ ഭര്‍ത്താവ് ചുട്ടുക്കൊന്നത്. ഭര്‍ത്താവിനെ തടയാനോ പൊള്ളലേറ്റ യുവതിയെആശുപത്രിയില്‍ എത്തിക്കാനോ ജനക്കൂട്ടം തയാറായില്ല. നാടുവിട്ട ഭര്‍ത്താവിനായി പൊലീസിന്റെ തിരച്ചില്‍ തുടരുകയാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്കു രണ്ടരയോടെയായിരുന്നു സംഭവം. തൃശൂര്‍ ചെങ്ങാലൂര്‍ സ്വദേശിനി വിരാജും വെള്ളിക്കുളങ്ങര സ്വദേശിനി ജീതുവും ആറുവര്‍ഷമായി ദമ്പതികളായിരുന്നു. അഭിപ്രായ വ്യത്യാസങ്ങള്‍മൂലം ഇരുവരും സംയുക്തമായി വിവാഹമോചനത്തിന് തയാറായി. ഇതിനിടെ, ഭര്‍ത്താവിന്റെ വീടിനടുത്തുള്ള കുടുംബശ്രീയില്‍ നിന്ന് ജീതു വായ്പയെടുത്തിരുന്നു. വായ്പ കുടിശിക തീര്‍ക്കാന്‍ നേരിട്ടു വരാന്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. അച്ഛനോടൊപ്പം ജീതു ഓട്ടോറിക്ഷയില്‍ കുടുംബശ്രീക്കാരുടെ അടുത്തെത്തി.

കാര്യങ്ങള്‍ സംസാരിക്കുന്നതിനിടെ സ്ഥലത്ത് എത്തിയ ഭര്‍ത്താവ് വിരാജ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി. കണ്ടുനിന്ന അച്ഛന്‍ തടയാന്‍ ശ്രമിച്ചു. ഗുരുതരമായി പൊള്ളലേറ്റ ജീതുവിനെ ആശുപത്രിയിലേയ്ക്കു കൊണ്ടുപോകാന്‍ ആരും സഹായിച്ചില്ലെന്നാണ് ആക്ഷേപം. ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് മുളങ്കുന്നത്തുക്കാവ് മെഡിക്കല്‍ കോളജിലേയ്ക്കു മാറ്റി. ചികില്‍സയിലിരിക്കെ ഇന്നലെ അര്‍ധരാത്രി മരിച്ചു. സംഭവത്തെക്കുറിച്ച് ജീതു മജിസ്ട്രേറ്റിന് മുന്‍പാകെ മൊഴിനല്‍കിയിട്ടുണ്ട്.

സംഭവത്തിന് ദൃക്സാക്ഷിയായ അച്ഛന്‍ ജനാര്‍ദ്ദന്‍ മാനസികമായി തകര്‍ന്ന അവസ്ഥയിലാണ്. കണ്ടുനിന്ന ജനക്കൂട്ടം യുവതിയേയും അച്ഛനേയും സഹായിച്ചില്ലെന്ന ആക്ഷേപം സമൂഹമനസാക്ഷിയെ ഞെട്ടിച്ചു. പ്രതി വിരാജിനെ പ്രാദേശിക സി.പി.എം നേതാക്കള്‍ ഒളിവില്‍ പോകാന്‍ സഹായിച്ചെന്ന് കെ.പി.എം.എസ് ആരോപിച്ചു. പ്രതിയെ പിടികൂടിയില്ലെങ്കില്‍ പ്രക്ഷോഭവുമായി തെരുവിലിറങ്ങാനാണ് കെ.പി.എം.എസിന്റെ തീരുമാനം.