ലക്‌നൗ: ഉത്തര്‍ പ്രദേശിലെ മീററ്റില്‍ അമ്മയെയും മകനെയും വെടിവെച്ചു കൊന്നു. 60 കാരിയായ വയോധികക്ക് നേരെ അക്രമി സംഘം നിറയൊഴിച്ചത് 10 തവണ. സംഭവത്തില്‍ ഒരാള്‍ പൊലീസ് പിടിയിലായിട്ടുണ്ട്. ഭര്‍ത്താവിന്റെ ഘാതകര്‍ക്കെതിരെ മൊഴി കൊടുക്കാനിരിക്കെയാണ് 60 കാരിയായ നിചേതര്‍ കൗറും മകന്‍ ബല്‍വിന്ദറും കൊല്ലപ്പെട്ടത്.
വീടിന് പുറത്ത് അയല്‍വാസിയായ സ്ത്രീയോടപ്പം സംസാരിച്ചിരിക്കുമ്പോഴാണ് മൂന്ന് പേരടങ്ങിയ അക്രമി സംഘം നിചേതര്‍ കൗറിനു നേരെ വെടിയുതിര്‍ത്തത്. അക്രമിസംഘത്തിലൊരാള്‍ നിചേതറിന്റെ നെഞ്ചിലേക്ക് വെടിയുതിര്‍ത്തു. ആറ് തവണ തുടര്‍ച്ചയായി വെടിവച്ചശേഷം മുഖത്തും നെഞ്ചിലുമായി അക്രമിസംഘം മാറിമാറി വെടിയുതിര്‍ക്കുകയായിരുന്നു. അതിനിടെ കൂടെയുണ്ടായിരുന്ന സ്ത്രീയോട് എഴുന്നേറ്റ് പോകാന്‍ അക്രമിസംഘം ആവശ്യപ്പെട്ടു.
വീടിന് പുറത്ത് നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന കാറിന് സമീപത്ത് വെച്ചാണ് നിചേതറിന്റെ മകന്‍ ബല്‍വിന്ദറിന് വെടിയേറ്റത്. ഇരുവരും സംഭവ സ്ഥലത്തു വെച്ചു തന്നെ മരണപ്പെട്ടു. 2016ല്‍ ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ടാണ് നിചേതറിന്റെ ഭര്‍ത്താവ് കൊല്ലപ്പെടുന്നത്. ഭര്‍ത്താവിന്റെ മരണത്തില്‍ ചില അകന്ന ബന്ധുക്കള്‍ അറസ്റ്റിലായിരുന്നു. കേസില്‍ സാക്ഷി പറയരുതെന്ന് പ്രതികളോട് അടുപ്പമുള്ളവര്‍ അമ്മയെയും മകനെയും ഭീഷണിപ്പെടുത്തിയിരുന്നു. ഇന്ന് സാക്ഷിപറയാനിരിക്കെയാണ് ഇരുവരും കൊല്ലപ്പെട്ടത്.
Leave a Reply