തന്റെ ജീവന് ഭീഷണിയുണ്ടെന്ന വെളിപ്പെടുത്തി സമൂഹമാധ്യമങ്ങളില്‍ ‘വൈറലായ’ ആള്‍ദൈവം അന്നപൂര്‍ണി അരസു. സംഭവത്തില്‍ തന്റെ അഭിഭാഷകരുമൊത്ത് കമ്മിഷണറുടെ ഓഫിസിലെത്തി പരാതി നല്കി. തനിക്കെതിരെ വധഭീഷണിയും അപവാദ പ്രചാരണങ്ങളും നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും, തനിക്ക് സുരക്ഷ നല്‍കണമെന്നും അന്നപൂര്‍ണി പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്.
അന്നപൂര്‍ണിയുടെ കാല്ക്കല് വീണു അനുയായികള്‍ പൊട്ടിക്കരയുന്നതും അവര്‍ അനുഗ്രഹം നല്‍കുന്നതുമായ ദൃശ്യങ്ങള്‍ സൈബറിടത്ത് തരംഗമായിരുന്നു. താന്‍ ആത്മീയ പരിശീലനം നല്‍കുകയാണെന്നായിരുന്നു അന്നപൂര്‍ണിയുടെ വാദം. എന്നാല്‍ അന്നപൂര്‍ണി ഹിന്ദു ദൈവങ്ങളെ അപമാനിക്കുകയാണെന്നും വിശ്വാസങ്ങളെ വ്രണപ്പെടുത്തിയെന്നും ഇതിനെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ഹിന്ദു സംഘടനകള്‍ പോലീസിന് പരാതി നല്‍കിയിരുന്നു. പിന്നാലെയാണ് അന്നപൂര്‍ണിയും പരാതിയുമായി രംഗത്തെത്തിയത്.
അന്നപൂര്‍ണിയുടെ വാക്കുകള്‍;
പലരും വിളിച്ച് ആത്മീയ സേവനത്തില്‍ ഏര്‍പ്പെടരുതെന്നും എന്നെ കൊല്ലുമെന്നും ഭീഷണിപ്പെടുത്തുണ്ട്. എന്റെയും അനുയായികളുടെയും ജീവന് ഭിഷണിയുണ്ട്. വേണ്ട നടപടിയെടുക്കണം. കഴിഞ്ഞ 6 വര്‍ഷമായി ‘നാച്ചുറല്‍ സൗണ്ട്’ എന്ന പേരില്‍ ആധ്യാത്മിക പരിശീലനവും ക്ലാസുകളും നടത്തി വരികയാണ്.
ചില യൂട്യൂബ് ചാനലുകള്‍ എന്റെ ഭര്‍ത്താവിന്റെ മരണത്തില്‍ സംശയമുണ്ടെന്ന് പ്രചരിപ്പിക്കുന്നു. അനുയായികളെയും തന്നെയും കുറിച്ച് അപകീര്‍ത്തികരമായ പ്രചാരണങ്ങള്‍ നടത്തുന്നു. ആത്മീയതയും ദൈവവും എന്താണെന്നും, നിങ്ങള്‍ ആരാണെന്നും എന്തിനാണ് ഇവിടെയുള്ളതെന്നും ബോധവാന്മാരാക്കാനാണ് താനിവിടെ വന്നത്. ഇനിയും തന്റെ ആത്മീയ ജോലി തുടരും.
Leave a Reply