ന്യൂസ് ഡെസ്ക് മലയാളം യുകെ

ഈസ്റ്റ്‌ ഹാം : ഈസ്റ്റ് ഹാമിലെ റെസ്റ്റോറന്റിനുള്ളില്‍ മലയാളി യുവതിക്ക് കുത്തേറ്റതായി റിപ്പോർട്ട്‌. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.20ഓടെയാണ് സംഭവം. ഹൈദരാബാദ് വാല എന്ന റെസ്റ്റോറന്റിലെ ജീവനക്കാരിയാണ് യുവതി. ഇവിടെ വെച്ചുതന്നെയാണ് ആക്രമണം ഉണ്ടായത്. ബാര്‍ക്കിംഗ് റോഡിലെ മെട്രോപൊളിറ്റന്‍ പോലീസ് ഉദ്യോഗസ്ഥരാണ് സംഭവസ്ഥലത്ത് ആദ്യം എത്തിയത്. കേരളത്തില്‍ നിന്നുള്ള ഒരു മലയാളി വിദ്യാര്‍ത്ഥിയാണ് ആക്രമണത്തിന് ഇരയായതെന്ന് ചില സംഘടനാ നേതാക്കൾ വ്യക്തമാക്കി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ബാര്‍ക്കിംഗ് റോഡിലെ ഇ6ല്‍ കത്തിക്കുത്ത് നടന്നതായി റിപ്പോര്‍ട്ടുകള്‍ വന്നതിനെ തുടര്‍ന്ന് രണ്ട് ആംബുലന്‍സ് ജീവനക്കാരെയും ഡോക്ടറെയും ഒരു ഇന്‍സിഡന്റ് റെസ്‌പോണ്‍സ് ഓഫീസറെയും ഉടന്‍ സംഭവ സ്ഥലത്തേക്ക് അയക്കുകയായിരുന്നുവെന്ന് ലണ്ടന്‍ ആംബുലന്‍സ് സര്‍വീസ് വക്താവ് പറഞ്ഞു. യുവതിയെ ഉടന്‍ തന്നെ ട്രോമ സെന്ററിലേക്ക് മാറ്റി. യുവതി അപകടനില തരണം ചെയ്തതായാണ് റിപ്പോർട്ട്‌.

ആക്രമണത്തിന്റെ ദൃശ്യങ്ങൾ റെസ്റ്റോറന്റിലെ സിസിടിവിയിൽ നിന്ന് ലഭിച്ചു. റെസ്റ്റോറന്റിൽ ഇരുന്ന ഒരാൾ യുവതിയെ കടന്നുപിടിക്കുകയായിരുന്നു. ഭയന്ന് പോയ യുവതിയുടെ കൈകള്‍ ചുറ്റിപ്പിടിച്ച് കഴുത്തിൽ കത്തി കൊണ്ട് വരഞ്ഞു. നിലത്തു വീഴുന്നതിന് മുമ്പ് യുവതിയുടെ കഴുത്തിലും ശരീരത്തിലും മുറിവേല്പിച്ചു. റെസ്റ്റോറന്റിൽ ഇരുന്ന മറ്റാളുകൾ അക്രമിയെ കീഴ് പ്പെടുത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും അയാൾ കത്തി കാട്ടി ഭീഷണിപ്പെടുത്തി. തറയിൽ കിടന്ന യുവതിയെ വീണ്ടും മുറിവേല്പിച്ചതിന് ശേഷം അക്രമി ഓടി രക്ഷപ്പെടുകയായിരുന്നു. എന്നാൽ, യുവതിയെ ഗുരുതരമായി പരിക്കേൽപ്പിച്ചതായി സംശയിക്കുന്ന ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.