ലണ്ടന്‍: നിരവധി തവണ ബലാല്‍സംഗത്തിന് ഇരയായിട്ടുണ്ടെന്ന് തെറ്റായ അവകാശവാദം ഉന്നയിച്ച യുവതിക്ക് 10 വര്‍ഷം തടവ്. ജെമ്മ ബീല്‍ എന്ന യുവതിയെയാണ് കോടതിയെ തെറ്റിദ്ധരിപ്പിച്ചതിന് സൗത്ത്‌വാര്‍ക്ക് ക്രൗണ്‍ കോടതി തടവുശിക്ഷ നല്‍കിയത്. നാല് സംഭവങ്ങളിലായി അപരിചിതരായ ആറ് പേര്‍ തന്നെ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ടെന്നും 9 പേര്‍ ബലാല്‍സംഗം ചെയ്തിട്ടുണ്ടെന്നുമാണ് ഇവര്‍ പരാതി നല്‍കിയത്. മൂന്നു വര്‍ഷത്തിനിടെ നടന്നുവെന്ന് ആരോപിക്കപ്പെട്ട സംഭവങ്ങളില്‍ പ്രതിസ്ഥാനത്തുള്ളവരെല്ലാവരും അപരിചിതരായിരുന്നു.
കോടതിയില്‍ കള്ളസാക്ഷ്യം പറഞ്ഞതിനും കോടതിയെ തെറ്റിദ്ധരിപ്പിച്ചതിനും ജെമ്മ ബീല്‍ കുറ്റക്കാരിയാണെന്ന് ജൂലൈയില്‍ കോടതി കണ്ടെത്തിയിരുന്നു. ഇവര്‍ കള്ളം പറയുന്നതില്‍ വിദഗ്ദ്ധയാണെന്നും ഇരയാണെന്ന് അവകാശപ്പെടുന്നതില്‍ ആനന്ദം കണ്ടെത്തുകയാണെന്നും കോടതി പറഞ്ഞു. വ്യാജമായ ഇരവാദമാണ് ഇവര്‍ ഉന്നയിക്കുന്നതെന്ന് പ്രോസിക്യൂഷന്‍ വിശദീകരിച്ചിട്ടുണ്ടെന്നും വിധിന്യായത്തില്‍ ജഡ്ജി നിക്കോളാസ് ലോറെയ്ന്‍ സ്മിത്ത് പറഞ്ഞു. ഇവരുടെ കേസില്‍ അന്വേഷണത്തിനു മാത്രം രണ്ടര ലക്ഷം പൗണ്ട് ചെലവായി. വിചാരണയ്ക്ക് 1,09,000 പൗണ്ട് ചെലവായിട്ടുണ്ടെന്നും പ്രോസിക്യൂട്ടര്‍ മാഡലിന്‍ മൂര്‍ പറഞ്ഞു.
ഇപ്പോളും താന്‍ നിരപരാധിയാണെന്ന നിലപാടാണ് ബീല്‍ സ്വീകരിച്ചിരിക്കുന്നത്. വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് ഇവരുടെ അഭിഭാഷകന്‍ അറിയിച്ചു. ഇത്തരത്തില്‍ വ്യാജ അവകാശവാദങ്ങള്‍ ബലാല്‍സംഗക്കേസുകളില്‍ ഉന്നയിക്കുന്നത് ചിലപ്പോള്‍ പിന്നീട് വരുന്ന കേസുകളെ ബാധിക്കാനിടയുണ്ടെന്നും അതുവഴി കുറ്റക്കാര്‍ രക്ഷപ്പെടാന്‍ സാധ്യതയുണ്ടെന്നും കോടതി ഓര്‍മിപ്പിച്ചു.











Leave a Reply