യുപിയില്‍ വീണ്ടും ദുരഭിമാനക്കൊല. ദലിത് യുവാവിനെ വിവാഹം ചെയ്ത യുവതിയെ സഹോദരന്മാര്‍ വെടിവെച്ച് കൊന്നു.ചാന്ദിനി കശ്യപ് എന്ന 23കാരിയാണ് കൊല്ലപ്പെട്ടത്. ഉത്തര്‍പ്രദേശിലെ മെയിന്‍പുരി ജില്ലയിലാണ് സംഭവം. സംഭവത്തില്‍ സഹോദരന്മാരില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ട് പേര് ഒളിവിലാണ്.സഹോദരിയെ കൊലപ്പടുത്തിയ ശേഷം സഹോദരന്മാര്‍ സ്വന്തം ഫാമില്‍ തന്നെ മൃതദേഹം കുഴിച്ചിടുകയായിരുന്നു.

ഭാര്യയെ കാണാന്‍ ഇല്ലെന്ന പറഞ്ഞ് ഭര്‍ത്താവ് അര്‍ജുന്‍ നല്‍കിയ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന ക്രൂരത പുറത്ത് വരുന്നത്. ഈ വര്‍ഷം ജൂണിലാണ് ചാന്ദിനി വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് ദളിത് വിഭാഗത്തില്‍ പെട്ട അര്‍ജുനെ വിവാഹം ചെയ്തത്. ഇരുവരും അയല്‍വാസികളായിരുന്നു. അര്‍ജുന്‍ ദലിത് യുവാവ് ആയതിനാല്‍ ഈ ബന്ധത്തില്‍ സഹോദരങ്ങള്‍ വലിയ ഏതിര്‍പ്പായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്ന അര്‍ജ്ജുന്‍ കല്യാണ ശേഷം ചാന്ദ്‌നിയുമൊത്ത് കിഴക്കന്‍ ഡല്‍ഹിയിലേക്ക് താമസം മാറി. തുടര്‍ന്ന് നവംബര്‍ 17ന് സുനില്‍, സുശീല്‍, സുധീര്‍ എന്നീ സഹോദരന്മാര്‍ ചാന്ദിനിയെ കാണാന്‍ ഡല്‍ഹിയിലെത്തി. തുടര്‍ന്ന് ചാന്ദിനിയെ യുപിയിലെ വീട്ടിലേക്ക് കൊണ്ടുപോയി. സഹോദരന്മാര്‍ ചാന്ദിനിയെ വീട്ടിലേക്ക് കൊണ്ടുപോയ ശേഷം ഫോണില്‍ പോലും ലഭിക്കാതിരുന്നതോടെ അര്‍ജ്ജുന്‍ ചാന്ദിനിയുടെ ബന്ധുവിനെ വിളിച്ച് അന്വേഷിച്ചു.

എന്നാല്‍ പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് ബന്ധുക്കള്‍ പറഞ്ഞത്. ചാന്ദിനി ആത്മഹത്യ ചെയ്‌തെന്നും ചാന്ദിനി വേറൊരാളെ വിവാഹം ചെയ്‌തെന്നും ബന്ധുക്കള്‍ പറഞ്ഞു. തുടര്‍ന്ന് ഭാര്യയെ തട്ടിക്കൊണ്ടുപോയെന്ന് കാണിച്ച് അര്‍ജുന്‍ നവംബര്‍ 22ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്’.സംഭവത്തില്‍ രണ്ട് പ്രതികള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.