ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : അന്നബെൽ മാഗിന്നിസിന്റെ ജീവിതവിജയം ആരെയുമൊന്ന് അത്ഭുതപ്പെടുത്തും. പത്തു വർഷങ്ങൾക്ക് മുമ്പ് നെയിൽ ആർട്ട് ചെയ്യാൻ തുടങ്ങിയ അന്നബെൽ ഇന്ന് വലിയൊരു സ്ഥാപനത്തിന്റെ ഉടമയാണ്. ചെയ്തുതുടങ്ങിയ നെയിൽ ആർട്ട് വളരെ വേഗം തരംഗമായി. വാണിജ്യ നഗരമായ ന്യൂകാസിൽ-അണ്ടർ-ലൈമിൽ ഒരു സലൂൺ ആരംഭിച്ചതോടെ അന്നയുടെ ജീവിതം കൂടുതൽ നിറമുള്ളതായി. ഇപ്പോൾ സ്റ്റോക്ക്-ഓൺ-ട്രെന്റിലെ ടൺസ്റ്റാളിൽ കാണുന്ന പിങ്ക് നിറത്തിലുള്ള വലിയ വെയർഹൗസ് അന്നയുടേതാണ്. നെയിൽ ടെക്നിഷ്യനായി ജനപ്രീതിയാർജിച്ച അന്നയ്ക്ക് സമൂഹ മാധ്യമങ്ങളിൽ 750,000 ത്തിൽ അധികം ഫോളോവേഴ്സ് ഉണ്ട്. ഇൻസ്റ്റാഗ്രാമിൽ 484,000 പേരാണ് അന്നയെ പിന്തുടരുന്നത്.
ഗ്ലിറ്റർബെൽസ് ബിസിനസ് അവിശ്വസനീയമായി വളർന്നതോടെ മുപ്പതുകാരിയായ അന്നയുടെ ആസ്തിയും കോടികളായി. 55,000 ചതുരശ്ര അടിയിൽ നിലകൊള്ളുന്ന പിങ്ക് വെയർഹൗസ് കൂടുതൽ ആളുകളെ ആകർഷിക്കുകയുണ്ടായി. വർഷങ്ങൾക്ക് മുമ്പ് സ്വന്തം വീട്ടിലേക്ക് ഉപഭോക്താക്കളെ ക്ഷണിച്ച് നെയിൽ ആർട്ട് ചെയ്തുകൊടുക്കുകയായിരുന്നു അന്ന. വീട്ടിൽ വരുന്നവർക്ക് അമ്മ ഷാംപെയ്ൻ നൽകും. ഭർത്താവ് എലിയട്ടാണ് സ്വന്തം സലൂൺ തുറക്കാൻ അന്നയ്ക്ക് പ്രോത്സാഹനം നൽകിയത്. അവർക്കിപ്പോൾ പത്തു മാസം പ്രായമുള്ള പെൺകുഞ്ഞും കൂട്ടിനുണ്ട്.
ഉപഭോക്താക്കൾ തന്റെ സലൂണിൽ വരുമ്പോൾ അവർക്ക് സന്തോഷമുണ്ടാവണമെന്ന് അന്നയ്ക്ക് നിർബന്ധം ഉണ്ടായിരുന്നു. അങ്ങനെയാണ് അതിമനോഹരമായ സലൂൺ നിർമിച്ചത്. ആസൂത്രണം ചെയ്യാനും രൂപകൽപന ചെയ്യാനും നടപ്പിലാക്കാനുമായി ആറ് മാസം വേണ്ടിവന്നെന്ന് അന്ന വെളിപ്പെടുത്തി. നെയിൽ ടെക്നീഷ്യൻമാർക്കായി ഗ്ലിറ്റർബെൽസ് ഉയർന്ന നിലവാരമുള്ള അക്രിലിക് പൗഡറുകൾ, ജെൽ പോളിഷുകൾ, ക്രിസ്റ്റലുകൾ എന്നിവ വാഗ്ദാനം ചെയ്യുന്നു. അമേരിക്കയിലും ഓസ്‌ട്രേലിയയിലും ബിസിനസ് തുടങ്ങുകയെന്നതാണ് ഇനിയുള്ള ലക്ഷ്യം. തന്റെ എല്ലാ പുതിയ സലൂണുകൾക്കും പിങ്ക് നിറമായിരിക്കുമെന്നും അന്ന പറയുന്നു. യുകെയിൽ 200-ത്തിലധികം സ്റ്റാഫുകളും അന്താരാഷ്ട്രതലത്തിൽ അംബാസഡർമാരും ഉണ്ട്. നെയിൽ ആർട്ടിനും ഡിസൈനുകൾക്കും വേണ്ടിയാണ് ഭൂരിഭാഗം പേരും അന്നയുടെ സലൂണിൽ എത്തുന്നത്. ആളുകളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും അന്നബെൽ പറഞ്ഞു.
Leave a Reply