ഈ വര്‍ഷം ഉന്നത വിദ്യാഭ്യാസത്തിനായി അപേക്ഷിച്ചവരുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധന. യൂണിവേഴ്‌സിറ്റി ആന്‍ഡ് കോളേജസ് അഡ്മിഷന്‍ ബോഡിയായ യുകാസ് പുറത്തു വിട്ട കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്. കേംബ്രിഡ്ജ്, ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റികളിലെ ഒട്ടുമിക്ക കോഴ്‌സുകളിലേക്കും മെഡിക്കല്‍ കോഴ്‌സുകളിലേക്കും മുമ്പില്ലാത്ത വിധത്തിലാണ് അപേക്ഷകള്‍ ലഭിച്ചിരിക്കുന്നത്. ഇവയില്‍ ഏറെയും പെണ്‍കുട്ടികളാണെന്നും രേഖകള്‍ പറയുന്നു. കഴിഞ്ഞ വര്‍ഷവും ഈ വിധത്തില്‍ യൂണിവേഴ്‌സിറ്റി കോഴ്‌സുകളിലേക്കും മെഡിസിന്‍, ഡെന്റിസ്ട്രി, വെറ്ററിനറി പോലെയുള്ള കോഴ്‌സുകളിലേക്കും റെക്കോര്‍ഡ് അപേക്ഷകള്‍ ലഭിച്ചിരുന്നു. ഇതിനേക്കാള്‍ 7 ശതമാനം വര്‍ദ്ധനയാണ് ഈ വര്‍ഷം രേഖപ്പെടുത്തിയിരിക്കുന്നത്. ഒക്ടോബര്‍ 15 ആയിരുന്നു ഇവയിലേക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി.

എന്‍എച്ച്എസ് ഡോക്ടര്‍മാരുടെ ക്ഷാമം പരിഹരിക്കാനുള്ള നടപടികളുടെ ഭാഗമായി ഗവണ്‍മെന്റ് മെഡിക്കല്‍ സീറ്റുകള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്തിരുന്നു. അഞ്ചു വര്‍ഷത്തിനിടെ മെഡിസിന്‍ കോഴ്‌സുകള്‍ക്ക് ലഭിച്ച റെക്കോര്‍ഡ് ആപ്ലിക്കേഷനുകളാണ് ഈ വര്‍ഷം രേഖപ്പെടുത്തിയത്. 22,340 പേര്‍ ഈ വര്‍ഷം മെഡിസിന് അപേക്ഷിച്ചു. മുന്‍ വര്‍ഷത്തേക്കാള്‍ 12 ശതമാനം വര്‍ദ്ധനവാണ് ഇതില്‍ രേഖപ്പെടുത്തിയത്. 2020 ഓടെ 1500 അധികം ഡോക്ടര്‍മാരെ പരിശീലിപ്പിക്കുമെന്ന് മുന്‍ ഹെല്‍ത്ത് മിനിസ്റ്ററായിരുന്ന ജെറമി ഹണ്ട് 2016ല്‍ പ്രഖ്യാപിച്ചിരുന്നു. ബ്രെക്‌സിറ്റിനു ശേഷം ഡോക്ടര്‍മാരുടെ കാര്യത്തില്‍ രാജ്യം സ്വയംപര്യാപ്തത നേടുന്നതിനായാണ് ഈ പദ്ധതി പ്രഖ്യാപിച്ചത്. ഇതനുസരിച്ച് 500 അധിക സീറ്റുകള്‍ ഈ വര്‍ഷം അനുവദിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഡോക്ടര്‍മാരെ റിക്രൂട്ട് ചെയ്യാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന മേഖലകളായ സന്‍ഡര്‍ലാന്‍ഡ്, ലങ്കാഷയര്‍, കാന്റര്‍ബറി, ലിങ്കണ്‍, ചെംസ്‌ഫോര്‍ഡ് എന്നിവിടങ്ങളില്‍ പുതിയ മെഡിക്കല്‍ സ്‌കൂളുകളും ആരംഭിച്ചിട്ടുണ്ട്. പെണ്‍കുട്ടികളാണ് യൂണിവേഴ്‌സിറ്റി കോഴ്‌സുകളിലേക്ക് അപേക്ഷിക്കുന്നവരില്‍ ഭൂരിപക്ഷം. 25,670 പെണ്‍കുട്ടികള്‍ ആകെ അപേക്ഷകരായുണ്ട്. 12 ശതമാനം വര്‍ദ്ധനയാണ് ഇതില്‍ മുന്‍ വര്‍ഷത്തേക്കാള്‍ രേഖപ്പെടുത്തിയത്. 19,980 ആണ്‍കുട്ടികളും കോഴ്‌സുകള്‍ക്കായി അപേക്ഷ നല്‍കി. കോഴ്‌സുകളിലേക്ക് അപേക്ഷിക്കുന്ന വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ 6 ശതമാനം വര്‍ദ്ധനയും രേഖപ്പെടുത്തിയിട്ടുണ്ട്.