വര്‍ക്കല ഇടവയില്‍ ഫ്‌ലാറ്റിന് മുകളില്‍ നിന്നും കുഞ്ഞിനൊപ്പം താഴേക്ക് വീണ അമ്മ മരിച്ചു. ഇടവ പ്രസ് മുക്ക് സല്‍സബീല്‍ വീട്ടില്‍ നിമ(26)യാണ് മരിച്ചത്. ആറു മാസം പ്രായമുള്ള കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു. ഇടവ സ്വദേശി അബു ഫസലിന്റെ ഭാര്യയാണ് നിമ.

ഇന്ന് രാവിലെ പതിനൊന്നരയോടെ നിമയും കുടുംബവും വാടകയ്ക്ക് താമസിക്കുന്ന കെട്ടിടത്തില്‍ വച്ചായിരുന്നു സംഭവം. ഫ്‌ലാറ്റിന് മുകളില്‍ നില്‍ക്കവെ കയ്യില്‍നിന്ന് വഴുതിയ കുട്ടിയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കവെയാണ് യുവതി താഴേക്ക് വീണത്.

ഇടവ മദ്രസ മുക്കില്‍ നൂര്‍ജലാല്‍ റസിഡന്‍സിയുടെ മൂന്നാം നിലയില്‍ വാടകയ്ക്ക് താമസിക്കുകയാണ് നിമയും കുടുംബവും. കെട്ടിടത്തിന്റെ ടെറസില്‍ 6 മാസം പ്രായമുള്ള കുഞ്ഞിനെ കളിപ്പിച്ചുകൊണ്ടുനില്‍ക്കുകയായിരുന്നു നിമ. ഇതിനിടെ നിമയുടെ കയ്യില്‍നിന്ന് കുഞ്ഞ് വഴുതി താഴേക്ക് വീണു. കുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിക്കെ നിമയും താഴേക്ക് വീഴുകയായിരുന്നു. ഇതാണ് സംഭവത്തെ കുറിച്ച് പ്രാഥമികമായി ലഭിക്കുന്ന വിവരം. വര്‍ക്കല മിഷന്‍ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും നിമയുടെ ജീവന്‍ രക്ഷിക്കാനായില്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നിമയ്ക്കും കുഞ്ഞിനുമൊപ്പം നിമയുടെ മാതാവ് സീനത്ത്, സഹോദരിമാരായ സുല്‍ത്താന, റിസ്വാന എന്നിവരാണ് ഇവിടെ താമസിക്കുന്നത്. സംഭവ സമയം ഇളയ സഹോദരി റിസ്വാന പഠിക്കാന്‍ പോയിരിക്കുകയായിരുന്നു. സീനത്തും സുല്‍ത്താനയും വീടിനകത്തും. നിമയുടെ പിതാവ് മുക്താര്‍ ഖത്തറിലും ഭര്‍ത്താവ് അബു ഫസല്‍ ദുബായിലുമാണ്.

കുഞ്ഞിന് എക്‌സറേ പരിശോധന നടത്തിയതില്‍ കുഴപ്പമൊന്നും ഇല്ലെന്ന് ബന്ധുക്കള്‍ അറിയിച്ചു. നിമയുടെ മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തുമെന്ന് അയിരൂര്‍ പൊലീസ് പറഞ്ഞു