ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിലെ സ്ത്രീകൾക്ക് എൻഎച്ച്എസിൽ നിന്ന് വീട്ടിൽ ഇരുന്ന് സ്വയം ചെയ്യാൻ സാധിക്കുന്ന സെർവിക്കൽ ക്യാൻസർ സ്ക്രീനിംഗ് ടെസ്റ്റുകൾ ഉടൻ ലഭ്യമാകും. ഇത് നിലവിലുള്ള സ്ക്രീനിംഗ് ടെസ്റ്റുകളുടെ നിരക്കിനെ ക്രമാതീതമായി മെച്ചപ്പെടുത്തുമെന്നാണ് കരുതപ്പെടുന്നത്. ഇത്തരം ടെസ്റ്റുകൾ പ്രതിവർഷം 400,000 സ്ത്രീകൾ വരെ ഉപയോഗിക്കുമെന്നാണ് അധികൃതർ കരുതുന്നത്. ബ്രിട്ടനിലെ സ്ത്രീകൾക്കിടയിൽ ഏറ്റവും സാധാരണമായി കാണപ്പെടുന്ന 14-ാമത്തെ ക്യാൻസറാണ് സെർവിക്കൽ ക്യാൻസർ. ഇതിൽ 99.7% കേസുകളും അപകടസാധ്യതയുള്ള ഹ്യൂമൻ പാപ്പിലോമ വൈറസ് (HPV) മൂലമാണ് ഉണ്ടാകുന്നത്. ഓരോ വർഷവും യുകെയിൽ ഏകദേശം 3,200 സ്ത്രീകൾക്ക് സെർവിക്കൽ ക്യാൻസർ ഉണ്ടെന്ന് കണ്ടെത്തുന്നുണ്ട്. ഇതിൽ 850 പേർ രോഗം മൂലം മരിക്കുകയും ചെയ്യുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സ്‌ക്രീനിംഗിലൂടെയും വാക്‌സിനേഷനിലൂടെയും 2040-ഓടെ സെർവിക്കൽ ക്യാൻസർ ഇല്ലാതാക്കാനുള്ള തയ്യാറെടുപ്പിലാണ് എൻഎച്ച്എസ് ഇപ്പോഴെന്ന് എൻഎച്ച്എസ് ഇംഗ്ലണ്ടിൻ്റെ മേധാവി അമാൻഡ പ്രിച്ചാർഡ് പറയുന്നു. 2008ലാണ് എച്ച്പിവി വാക്സിനേഷൻ പ്രോഗ്രാം ഇംഗ്ലണ്ടിൽ ആദ്യമായി അവതരിപ്പിച്ചത്. 2019 മുതൽ 12 ഉം 13 ഉം വയസ്സുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഇത് നൽകാൻ ആരംഭിച്ചു. എന്നാൽ കുത്തിവയ്‌പ്പുകൾ എല്ലാത്തരത്തിലുള്ള എച്ച്പിവി വൈറസുകളിൽ നിന്നും സംരക്ഷണം നൽകാത്തതിനാൽ സ്ത്രീകൾ അഞ്ചു വർഷത്തിലൊരിക്കൽ സെർവിക്കൽ സ്ക്രീനിംഗ് നടത്തണമെന്ന് എൻഎച്ച്എസ് ആവശ്യപ്പെടുന്നു.

ടെസ്റ്റിനോടുള്ള പേടി, സൗകര്യപ്രദമായ അപ്പോയിൻ്റ്‌മെൻ്റുകളുടെ അഭാവം എന്നിവ കാരണം സ്‌ത്രീകൾ സ്‌ക്രീനിങ്ങിന് പോകാതിരിക്കുന്നതായി എൻഎച്ച്എസ് കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് വീട്ടിലിരുന്ന് ചെയ്യാനുള്ള ടെസ്റ്റുകൾ അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. ലണ്ടനിലെ കിംഗ്സ് കോളേജിലെ അക്കാദമിക് വിദഗ്ധരാണ് സെൽഫ് സാമ്പിളിൻ്റെ പരീക്ഷണം നടത്തിയത്. ഇക്ലിനിക്കൽ മെഡിസിൻ ജേണലിൽ പ്രസിദ്ധീകരിച്ച ട്രയലിൽ 27,000 സ്ത്രീകളിൽ പഠനം നടത്തിയതായി പറയുന്നു. ഇതിൻെറ അടിസ്ഥാനത്തിലാണ് വീട്ടിൽ ഇരുന്ന് ടെസ്റ്റ് ചെയ്യാൻ സാധിക്കുന്ന കിറ്റുകൾ സ്‌ക്രീനിംഗിനെ ഗണ്യമായി വർധിപ്പിക്കുമെന്ന് കണ്ടെത്തിയത്.