ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലോകത്തിൽ തന്നെ ആദ്യമായി എപിലെപ്സി നിയന്ത്രിക്കാൻ തലച്ചോറിൽ പിടിപ്പിക്കുന്ന യന്ത്രം പരീക്ഷിച്ച് യുകെയിൽ നിന്നുള്ള എപിലെപ്സി ബാധിച്ച കുട്ടി. തലച്ചോറിലേക്ക് വൈദ്യുത സിഗ്നലുകൾ ആഴത്തിൽ അയയ്ക്കുന്ന ന്യൂറോസ്റ്റിമുലേറ്റർ കുട്ടിയുടെ അനിയന്ത്രിതമായ പ്രതികരണങ്ങളെ 80 ശതമാനം വരെ കുറച്ചു. യന്ത്രം പിടിപ്പിച്ചതിന് ശേഷമാണ് കുട്ടിയുടെ ജീവിതം മെച്ചപ്പെട്ടതെന്ന് അമ്മ ജസ്റ്റിൻ പറയുന്നു. ലണ്ടനിലെ ഗ്രേറ്റ് ഓർമണ്ട് സ്ട്രീറ്റ് ഹോസ്പിറ്റലിൽ നടന്ന ഒരു ട്രയലിൻ്റെ ഭാഗമായി ഒക്ടോബറിലാണ് അന്ന് 12 വയസുണ്ടായിരുന്ന ഓറാൻ നോൾസണിൽ ശസ്ത്രക്രിയ നടത്തിയത്. ചികിത്സയിൽ ഉപയോഗിക്കുന്ന ന്യൂറോ ട്രാൻസ്മിറ്റർ നിർമ്മിച്ചത് യുകെ കമ്പനിയായ ആംബർ തെറാപ്യൂട്ടിക്‌സ് ആണ് .
സോമർസെറ്റിൽ നിന്നുള്ള ഓറന്, മൂന്നാം വയസ്സിൽ എപിലെപ്സിയുടെ ചികിത്സ-പ്രതിരോധശേഷിയുള്ള ലെനോക്സ്-ഗാസ്റ്റൗട്ട് സിൻഡ്രോം ഉണ്ടെന്ന് കണ്ടെത്തി. ലെനോക്സ്-ഗാസ്റ്റൗട്ട് സിൻഡ്രോം ഉണ്ടായതിന് ശേഷം ഓരോ ദിവസവും നിരവധി അനിയന്ത്രിതമായ പ്രതികരണങ്ങളാണ് ഉണ്ടായിരുന്നത്. ഇവ മൂലം പലപ്പോഴും കുട്ടി നിലത്തു വീണതും, ബോധം നഷ്ടപ്പെട്ടതും ആയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. പലപ്പോഴും ശ്വാസ തടസ്സം നേരിട്ടതിന് പിന്നാലെ അടിയന്തിരമായി ചികിത്സ നൽകേണ്ട സന്ദർഭങ്ങളും ഉണ്ടായിട്ടുണ്ട്.
ഓട്ടിസവും എഡിഎച്ച്‌ഡിയും ഉള്ള ഓറാൻ നോൾസൺ എപിലെപ്സിയാണ് ഏറ്റവും ദുഷ്‌കരമെന്ന് അമ്മ ജസ്റ്റിൻ പറയുന്നു. മസ്തിഷ്ക ഉത്തേജനത്തിൻ്റെ സുരക്ഷിതത്വവും ഫലപ്രാപ്തിയും പരിശോധിക്കുന്ന CADET പദ്ധതിയുടെ ഭാഗമാണ് ഓറാൻ. ഗ്രേറ്റ് ഓർക്കണ്ട് സ്ട്രീറ്റ് ഹോസ്പിറ്റൽ, യൂണിവേഴ്സിറ്റി കോളേജ് ലണ്ടൻ, കിംഗ്സ് കോളേജ് ഹോസ്പിറ്റൽ, ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് ഈ പദ്ധതി. ഓറാൻ്റെ ചികിത്സയിൽ ഉപയോഗിക്കുന്ന പിക്കോസ്റ്റിം ന്യൂറോ ട്രാൻസ് മിറ്റർ നിർമ്മിച്ചത് യുകെ കമ്പനിയായ ആംബർ തെറാപ്യൂട്ടിക്‌സ് ആണ്.
Leave a Reply