ചൈനയുടെ സിനോഫാം കോവിഡ് വാക്സിന്റെ അടിയന്തര ഉപയോഗത്തിന് ലോക ആരോഗ്യ സംഘടനയുടെ അനുമതി. ലോകാരോഗ്യ സംഘടന അംഗീകരിക്കുന്ന അഞ്ചാമത്തെ കോവിഡ് വാക്സിൻ ആണിത്. വാക്സിന്റെ ക്ലിനിക്കൽ പരീക്ഷണ വിവരങ്ങൾ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ലോകാരോഗ്യ സംഘടന അനുമതി നൽകിയത്.
പാശ്ചാത്യേതര രാജ്യം വികസിപ്പിച്ച് ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിക്കുന്ന ആദ്യത്തെ വാക്സിൻ ആണിത്. ഫൈസർ, അസ്ട്രാസെനെക്ക, ജോൺസൺ ആൻഡ് ജോൺസൺ, മോഡേണ എന്നിവ നിർമ്മിക്കുന്ന വാക്സിനുകൾക്ക് മാത്രമേ ലോകാരോഗ്യ സംഘടന ഇതിന് മുമ്പ് അംഗീകാരം നൽകിയിട്ടുള്ളൂ. എന്നാൽ സിനോഫാമിന് യുഎഇ, ബഹ്റൈൻ, പാക്കിസ്ഥാൻ, ഹംഗറി തുടങ്ങിയ രാജ്യങ്ങളിലെ റഗുലേറ്ററി അഥോറിറ്റി അംഗീകാരം നൽകിയിരുന്നു.
നിലവില്‍ കൂടുതൽ രാജ്യങ്ങള്‍ക്ക് ഈ വാക്സിന് അനുമതി നല്കുന്നതില് തീരുമാനമെടുക്കാന്‍ ലോകാരോഗ്യസംഘടനയുടെ തീരുമാനം ഊര്‍ജം പകരും. 18 വയസ് മുതൽ പ്രായമുള്ളവർക്ക് വാക്സിനേഷൻ രണ്ട് ഡോസുകളായി നൽകണമെന്ന് ലോകാരോഗ്യസംഘടന ശിപാർശ ചെയ്യുന്നു. ചൈനയിലെയും മറ്റിടങ്ങളിലെയും ദശലക്ഷക്കണക്കിന് ആളുകൾക്ക് സിനോഫാം ഇതിനകം നൽകിയിട്ടുണ്ട്.
മറ്റൊരു ചൈനീസ് കോവിഡ് വാക്സിനായ സിനോവാക് അടിയന്തര ഉപയോഗത്തിനായി അംഗീകാരം നൽകണോ എന്ന കാര്യത്തിലും ലോകാരോഗ്യ സംഘടന ഉടൻ തീരുമാനമെടുക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. സിനോവാക് യൂറോപ്യൻ രാജ്യങ്ങളിൽ ഉപയോഗിക്കുന്നതിനായി നടപടികൾ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി വാക്സിൻ ഫലപ്രാപ്തിയെക്കുറിച്ച് അവലോകനം നടത്താൻ യൂറോപ്യൻ യൂണിയൻ തീരുമാനിച്ചിരുന്നു.
Leave a Reply