ജോളി എം. പടയാട്ടിൽ
യൂറോപ്പ്∙ ആഗോള മലയാളികൾക്കായി വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ നടത്തിക്കൊണ്ടിരിക്കുന്ന കലാസാംസ്കാരിക വേദിയുടെ 7–ാം സമ്മേളനം മുല്ലപ്പെരിയാർ ഡാമിന്റെ അപകടാവസ്ഥയിൽ ആശങ്ക രേഖപ്പെടുത്തി. ഒക്ടോബർ 27–ാം തീയതി വൈകീട്ട് ഇന്ത്യൻ സമയം 7.30 ന് വെർച്ചൽ ഫ്ളാറ്റ് ഫോമിലൂടെ നടന്ന ഈ കലാസാംസ്കാരികവേദി സംഗീത അധ്യാപകനും യൂറോപ്പിലെ മികച്ച മലയാളി ഗായകനുമായ ജോസ് കവലച്ചിറയുടെ ഈശ്വര പ്രാർഥനയോടെ ആരംഭിച്ചു.
വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ പ്രസിഡന്റ് ജോളി എം. പടയാട്ടിൽ എല്ലാവരേയും സ്വാഗതം ചെയ്തു. എല്ലാ മാസത്തിന്റേയും അവസാനത്തെ വെള്ളിയാഴ്ച നടന്നുകൊണ്ടിരുന്ന ഈ കലാസാംസ്കാരികവേദി പ്രവാസി മലയാളികളുടെ അഭ്യർത്ഥന മാനിച്ച് ഇനി മുതൽ എല്ലാ മാസത്തിന്റേയും അവസാനത്തെ ശനിയാഴ്ചകളിൽ ഇതേ സമയം തന്നെ നടത്തുവാൻ തീരുമാനിച്ചതായി ജോളി എം. പടയാട്ടിൽ അറിയിച്ചു.
കേരള ജലസേചനവകുപ്പ് മന്ത്രി റോഷി എം. അഗസ്റ്റിനു ചില സാങ്കേതിക കാരണങ്ങളാൽ ഓൺലൈനിൽ വരുവാൻ കഴിഞ്ഞില്ലെങ്കിലും ഫോണിലൂടെ സമ്മേളനം ഔദ്യോഗികമായി ഉൽഘാടനം ചെയ്തു. പ്രമുഖ വ്യവസായിയും ആഗോളതലത്തിൽ നിരവധി കാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിക്കൊണ്ടിരിക്കുന്നതുമായ വേൾഡ് മലയാളി കൗൺസിൽ ഗ്ളോബൽ പ്രസിഡന്റ് ശ്രീ. ജോൺ മത്തായി ആശംസകൾ നേർന്ന് സംസാരിച്ചു.
പ്രമുഖ സുപ്രീംകോടതി അഭിഭാഷകനും സാമൂഹ്യപ്രവർത്തകനുമായ അഡ്വ. റസൽ ജോയി മുല്ലപ്പെരിയാർ ഡാമിന്റെ ബലക്ഷയത്തെക്കുറിച്ചും അതിന്റെ അപകടാവസ്ഥയെയുംക്കുറിച്ച് പ്രഭാഷണം നടത്തി. എറണാകുളം ജില്ല ഉൾപ്പെടെയുള്ള നാലു ജില്ലകൾ മാത്രമല്ല കേരളം മുഴുവൻ നേരിടുന്ന ഗുരുതര ഭീഷണിയാണ് മുല്ലപ്പെരിയാർ ഡാമെന്ന് അദ്ദേഹം പറഞ്ഞു. ഇതിന് എത്രയും വേഗം പരിഹാരം കണ്ടെത്തിയില്ലെങ്കിൽ മുപ്പത്തിയഞ്ചു മുതൽ നാൽപതു ലക്ഷംവരെയുള്ള ജനങ്ങൾക്ക് ജീവഹാനി സംഭവിക്കുമെന്നതിൽ യാതൊരു സംശയമില്ലെന്ന് അദ്ദേഹം പറഞ്ഞു. അജ്മൻ പ്രൊവിൻസ് പ്രസിഡന്റ് ശ്രീ. ഡെയ്സ് ഇടിക്കുള, വേൾഡ് മലയാളി കൗൺസിൽ ഗ്ളോബൽ വിമൻസ് ഫോറം പ്രസിഡന്റ് പ്രൊഫസർ ഡോ. ലളിത മാത്യു, ജർമൻ പ്രൊവിൻസ് പ്രസിഡന്റും എഴുത്തുകാരനും കവിയും മാധ്യമ പ്രവർത്തകനുമായ ജോസ് കുമ്പിളുവേലിൽ, ജർമൻ പ്രൊവിൻസ് വൈസ് പ്രസിഡന്റ് അഡ്വ. ജോബ് കൊല്ലമന, പ്രസിദ്ധ മനഃശാസ്ത്ര വിദഗ്ധനും കവിയും എഴുത്തുകാരനുമായ ഡോ. ജോർജ് കാളിയാൻ, മാധ്യമ പ്രവർത്തകനും കവിയും എഴുത്തുകാരനുമായ കാരൂർ സോമൻ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ചർച്ചകളിൽ അമേരിക്കൻ റീജിയൻ ചെയർമാൻ ജോൺസൻ തലശല്ലൂർ, പ്രമുഖ സാമൂഹ്യ പ്രവർത്തകനും ജീവധാര ഫൗണ്ടേഷൻ ഡയറക്ടറുമായ ഡോ. സാജു ചാക്കോ, ശ്രീമതി അന്നക്കുട്ടി സ്കറിയ, ചിനു പടയാട്ടിൽ, ജെറോം തുടങ്ങിയവർ സജീവമായി പങ്കെടുത്തു. ഡെയ്സ് ഇടിക്കുള നന്ദി പറഞ്ഞു. അടുത്ത വർഷം നടക്കുന്ന വേൾഡ് മലയാളി കൗൺസിലിന്റെ ഗ്ളോബൽ കോൺഫ്രൻസിൽ ഈ വിഷയം പ്രത്യേക അജണ്ടയാക്കുവാൻ ശ്രമിക്കുവെന്നും അദ്ദേഹം പറഞ്ഞു.
യൂറോപ്യൻ മലയാളികളുടെ പ്രിയപ്പെട്ട ഗായകരായ സോബിച്ചൻ ചേന്നങ്കര, ജെയിംസ് പാത്തിക്കൽ, ജോസ് കവലച്ചിറ, ലിതീഷ് രാജ് പി. തോമസ് എന്നിവരുടെ ഗാനങ്ങൾ ഈ കലാസാംസ്കാരിക വേദിയെ ധന്യമാക്കി. കലാസാംസ്കാരിക രംഗത്തെ നിറസാന്നിദ്ധ്യവും വേൾഡ് മലയാളി കൗൺസിൽ ഗ്ളോൽ വൈസ് ചെയർമാനുമായ ഗ്രിഗറി മേടയിലും യുകെയിൽ പഠിച്ചുകൊണ്ടിരിക്കുന്ന അന്ന ടോമും ചേർന്നാണ് ഈ സാംസ്കാരിക വേദി മോഡറേറ്റ് ചെയ്തത്. യൂറോപ്പ് റീജിയൻ ജനറൽ സെക്രട്ടറി ബാബു തോട്ടപ്പിള്ളി കൃതജ്ഞത പറഞ്ഞു.
എല്ലാ മാസത്തിന്റേയും അവസാനത്തെ ശനിയാഴ്ച നടക്കുന്ന ഈ കലാസാംസ്കാരിക വേദിയിൽ എല്ലാ പ്രവാസി മലയാളികൾക്കും അവർ താമസിക്കുന്ന രാജ്യങ്ങളിൽ നിന്നു കൊണ്ടു തന്നെ ഇതിൽ പങ്കെടുക്കുവാനും അവരുടെ കലാസൃഷ്ടികൾ അവതരിപ്പിക്കുവാനും (കവിതകൾ, ഗാനങ്ങൾ തുടങ്ങിയവ ആലപിക്കുവാനും) ആശയ വിനിമയങ്ങൾ നടത്തുവാനും അവസരം ഉണ്ടായിരിക്കുന്നതാണ്.
രണ്ടുമണിക്കൂർ നീണ്ടു നിൽക്കുന്ന ഈ സാംസ്കാരിക സമ്മേളനത്തിന്റെ ആദ്യത്തെ ഒരു മണിക്കൂർ പ്രവാസികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ കുറിച്ചാണു ചർച്ച ചെയ്യപ്പെടുക. ഇതിൽ തെരഞ്ഞെടുത്ത വിഷയങ്ങളെ ആധികാരികമായി പ്രതികരിക്കുവാൻ കഴിയുന്ന ഉദ്യോഗസ്ഥരോ, മന്ത്രിമാരോ പങ്കെടുക്കുന്ന ചർച്ചയായിരിക്കും നടക്കുക. അടുത്ത കലാസാംസ്കാരിക വേദി നവംബർ 25–ാം തീയതിയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിയുന്ന പ്രവാസി മലയാളികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിൽ ഏതെങ്കിലും വിഷയങ്ങളെക്കുറിച്ചു ഈ വേദിയിൽ ചർച്ച ചെയ്യപ്പെടണമെന്നു ആഗ്രഹിക്കുന്നവർ പ്രസ്തുത വിഷയം നവംബർ 15–ാം തീയതിക്കകം വേൾഡ് മലയാളി കൗൺസിൽ യൂറോപ്യൻ റീജിയൻ ഭാരവാഹികളെ അറിയിക്കേണ്ടതാണ്. വിഷയത്തിന്റെ പ്രാധാന്യവും മുൻഗണനാക്രമവുമനുസരിച്ചു ഉത്തരവാദിത്വപ്പെട്ട വ്യക്തികളുടെ സാന്നിദ്ധ്യത്തിൽ ഈ വേദിയിൽ ചർച്ച ചെയ്യപ്പെടുന്നതാണ്. എല്ലാ പ്രവാസി മലയാളികളേയും ഈ കലാസാംസ്കാരിക കൂട്ടായ്മയിലേക്ക് വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ സ്വാഗതം ചെയ്യുന്നു.
Leave a Reply