ഹസ്ന സി

മാനസികാരോഗ്യത്തിന്റെ പ്രാധാന്യം കൂടി വരുന്ന ഈ യുഗത്തിൽ ലോകാരോഗ്യ സംഘടനയുടെ ഈ വർഷത്തെ ” ആത്മഹത്യാ പ്രതിരോധം” എന്ന വിഷയം അഥവാ തീം വളരെയധികം പ്രസക്തി അർഹിക്കുന്നു. ലോക മാനസികാരോഗ്യ ദിനം ലക്ഷ്യം വെക്കുന്നത് ലോകത്താകമാനം സംഭവിച്ചുകൊണ്ടിരിക്കുന്ന മാനസിക ആരോഗ്യ പ്രശ്നങ്ങളെ പറ്റിയുള്ള ബോധവൽക്കരണം ഉയർത്തിക്കൊണ്ട് വരിക, മാനസിക ആരോഗ്യ മേഖലയ്ക്ക് കൂടുതൽ മാനം കൈവരുത്തുക എന്നിവയാണ്. മാനസികാരോഗ്യ വിദ്യാഭ്യാസത്തിന് ഊന്നൽ നൽകുകയും അതോടൊപ്പം മാനസികരോഗങ്ങൾ ഉള്ള സാമൂഹിക ദൂഷ്യത്തിന് എതിരെയുള്ള വാദവും ലക്ഷ്യം വെക്കുന്നു.

ആത്മഹത്യ വളരെയധികം ഗുരുതരവും അതോടൊപ്പം അവഗണിക്കപ്പെട്ടു കൊണ്ടിരിക്കുന്നതുമായ ഒരു വിഷയം ആയതുകൊണ്ടുതന്നെ ‘ആത്മഹത്യാ പ്രതിരോധം’ എന്ന ഈ തീമിനെ നാം വളരെയധികം സ്വീകരിക്കേണ്ടിയിരിക്കുന്നു. ഓരോ 40 സെക്കൻഡിലും ഓരോ ജീവനാണ് ലോകത്താകമാനം ആത്മഹത്യ കാരണം പൊലിഞ്ഞു പോകുന്നത്. അതായത് ഒരു വർഷം എട്ട് ലക്ഷത്തിലധികം ജീവനുകൾ. ആത്മഹത്യ ചെയ്യുന്ന വ്യക്തിയിൽ മാത്രമല്ല ഇതിന്റെ ഭവിഷ്യത്ത് ഒതുങ്ങി കൂടുന്നത്. അദ്ദേഹത്തിന്റെ ബന്ധുമിത്രാദികളെയും സഹപ്രവർത്തകരെയും സമൂഹത്തെ ആകമാന വും, ശാരീരികമായും മാനസികമായും സാമ്പത്തികമായും ബാധിക്കുന്നു.

യുവാക്കൾ ആണല്ലോ ലോകത്തെ പ്രതിനിധീകരിക്കുന്നത്. ലോകത്തിന്റെ ഭാവിയും അവരിലാണ്. പക്ഷേ 15 നും 29 നും ഇടയിൽ പ്രായമുള്ളവരുടെ രണ്ടാമത്തെ മരണകാരണം ആത്മഹത്യയാണ് എന്നുള്ളത് വേദനാജനകമാണ്.
ആരെയും എപ്പോഴും എങ്ങനെയും മരണത്തിലേക്ക് ആനയിക്കുന്ന ഒരു പ്രക്രിയയായി മാറിയിരിക്കുന്നു ഇന്ന് ആത്മഹത്യ. വികസിത രാജ്യങ്ങളാണ് ആത്മഹത്യാനിരക്ക് കൂടുതൽ എന്ന ഒരു പൊതു തെറ്റിദ്ധാരണയുണ്ട്, എന്നാൽ 80 ശതമാനം ആത്മഹത്യകൾ നടക്കുന്നത് വികസ്വര രാജ്യങ്ങളിലാണ് എന്നുള്ളതാണ് യാഥാർത്ഥ്യം.

ഓരോ ആത്മഹത്യയ്ക്ക് മുമ്പും ഇരുപതിലധികം ആത്മഹത്യാശ്രമങ്ങൾ നടക്കുന്നു എന്നാണ് പഠനങ്ങൾ പറയുന്നത്. മാനസിക രോഗങ്ങളായ സ്കിസോഫ്രേനിയ, ബൈപോളാർ ഡിപ്രഷൻ, മറ്റു മസ്തിഷ്ക രോഗങ്ങൾ, മദ്യവും മയക്കുമരുന്നും മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ, മറ്റു ഗുരുതര രോഗങ്ങൾ, കുടുംബ പാരമ്പര്യം, മാനസിക ശാരീരിക പീഡനങ്ങൾ, അവഗണനകൾ തുടങ്ങിയവ ആത്മഹത്യയിലേക്ക് വ്യക്തികളെ നയിക്കാൻ പ്രേരിപ്പിക്കുന്നവയാണ്.

ഗവൺമെന്റ് തലത്തിൽ ആത്മഹത്യാ പ്രതിരോധത്തിന് വേണ്ടി സംരംഭങ്ങൾ കൊണ്ടുവരുന്നതോടൊപ്പം വ്യക്തി തലങ്ങളിലാണ് അതിനുള്ള മുന്നൊരുക്കം തുടങ്ങേണ്ടത്. മാനസിക സാമ്പത്തിക സഹായങ്ങളും, അവ ലഭിക്കുന്നതിനുള്ള അവസരങ്ങളും സ്കൂളുകളും തൊഴിലിടങ്ങളും മറ്റ് സാമൂഹിക സ്ഥാപനങ്ങളും ഓരോ വ്യക്തികൾക്കും ഉറപ്പുവരുത്തേണ്ടതുണ്ട്.

ഭാഗ്യവശാൽ ആത്മഹത്യ സമൂഹത്തിൽ നിന്ന് പൂർണ്ണമായി തുടച്ചു കളയാൻ കഴിയുന്ന ഒന്നാണ്. അതിന് ആത്മഹത്യ യോടും മറ്റ് മാനസികാരോഗ്യ പ്രശ്നങ്ങളോടുള്ള സാമൂഹിക മനോഭാവം ഒഴിവാക്കുക എന്നതാണ് ഏറ്റവും മികച്ച മാർഗ്ഗം. അതിനുവേണ്ടി ആത്മഹത്യ ചെയ്യാനുള്ള മാർഗങ്ങൾ തടയുക, പൊതു മാധ്യമങ്ങൾ കൂടുതൽ പ്രതീക്ഷ നൽകുന്ന വിവരങ്ങളും വാർത്തകളും ഉൾപ്പെടുത്തുക, ആത്മഹത്യകൾ റിപ്പോർട്ട് ചെയ്യുമ്പോൾ പ്രക്ഷുബ്ധമായ ഭാഷ ഒഴിവാക്കുക, ജീവിതത്തിൽ മുന്നേറാനും ജീവിതപ്രശ്നങ്ങളെ ആത്മവിശ്വാസത്തോടെ തരണം ചെയ്യാനും യുവജനങ്ങൾക്ക് പ്രത്യേകമായി അവരുടെ കഴിവുകൾ പരിപോഷിപ്പിക്കുന്നതിന് അവസരങ്ങൾ നൽകുക, കൂടാതെ ആത്മഹത്യയുടെ പരിണിത ഫലങ്ങളെക്കുറിച്ച് ചെറുപ്പത്തിലെ ബോധവാന്മാരാക്കുക എന്നിവയൊക്കെയാണ്. സ്നേഹവും സൗഹൃദവും കരുതലും ഒക്കെയായി സഹജീവികൾക്ക് താങ്ങായി നിൽക്കുക എന്നതാണ് വ്യക്തിതലത്തിൽ നമുക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ സംഭാവന.

 

ഹസ്ന സി
മലപ്പുറം തിരുനാവായ സ്വദേശിയാണ്.
തൃശ്ശൂർ ജില്ലയിലെ പുതുക്കാട് പ്രജ്യോതി നികേതൻ കോളേജിൽ നിന്നും സൈക്കോളജിയിൽ ബിരുദം കരസ്ഥമാക്കി. ഇപ്പോൾ ഡൽഹി ജാമിയ മില്ലിയ ഇസ്ലാമിയ സെൻട്രൽ യൂണിവേഴ്സിറ്റിയിൽ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദ വിദ്യാർഥിനിയാണ്.