പുകയിലയുടെ ഉപയോഗം ആരോഗ്യത്തിനു ഹാനികരമാണ് എന്ന് എല്ലാവർക്കുമറിയാം. ശ്വാസകോശത്തെയാണ് പുകയിലയുടെ ദൂഷ്യവശം ഏറ്റവുമധികം പിടികൂടുന്നതും. ശ്വാസകോശാര്‍ബുദത്തിന് കാരണമാകുന്ന ഏറ്റവും വലിയ ഘടകവും ഈ പുകയിലയാണ്.
ഓരോ മിനിറ്റിലും ലോകത്താകമാനം ഏകദേശം രണ്ടുപേരുടെ ജീവനെടുക്കുന്ന മാരകവിഷമാണ് പുകയില. ഏഴായിരത്തോളം രാസവസ്തുക്കളടങ്ങിയിട്ടുള്ള പുകയിലയിൽ അറുപത്തിയൊൻപതോളം കാൻസർ ജന്യഘടകങ്ങളുണ്ട് എന്നു പറയുമ്പോള്‍ തന്നെ മനസ്സിലാക്കാമല്ലോ ഇതിന്റെ ദൂഷ്യഫലം.
ശ്വാസകോശത്തിന്റെ മാത്രമല്ല ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെയും പുകയില താറുമാറാക്കും. ലോകാരോഗ്യസംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരം പുകയിലയാണ് ഹൃദയസംബന്ധമായ രോഗങ്ങള്‍ക്ക് കാരണമാകുന്ന രണ്ടാമത്തെ ഏറ്റവും വലിയ ഘടകം. ലോകത്താകമാനം നടക്കുന്ന 12 ശതമാനം ഹൃദ്രോഗമരണങ്ങള്‍ക്കും കാരണമാകുന്നത് ഈ പുകയില തന്നെയാണ്. പുകയിലയുടെ ഉപയോഗവും പുകവലിയുമാണ് ഇതിനു പിന്നില്‍.
പുകയില കൊണ്ടുള്ള സിഗരറ്റുകളുടെ അമിതഉപയോഗം രക്തക്കുഴലുകളെ ചുരുക്കി സ്ട്രോക്ക് പോലെയുള്ള ആരോഗ്യപ്രശ്നങ്ങളും ഹൃദ്രോഗവും ഉണ്ടാക്കുന്നുണ്ട്. പുകവലിക്കുന്നവരുടെ ഹൃദയഭിത്തികളില്‍ atheroma എന്നൊരു വസ്തു അടിയുന്നുണ്ട്. ഇത് ആര്‍ട്ടറികളുടെ ഉള്ളില്‍ കേടുപാടുകള്‍ ഉണ്ടാക്കുകയും അവയെ ക്രമേണ ചുരുക്കുകയും ചെയ്യുന്നു.
സിഗരറ്റിലെ നിക്കോട്ടിന്‍ രക്തസമ്മര്‍ദം വര്‍ധിപ്പിക്കും. ഇതും വൈകാതെ ഹൃദ്രോഗത്തിന് കാരണമാകും. പുകയിലയിലെ കാര്‍ബണ്‍ മോണോക്സൈഡ് രക്തത്തിലെ ഹീമോഗ്ലോബിനുമായി ചേര്‍ന്ന് ശരീരത്തിലെ ഓക്സിജന്‍ വിതരണത്തെ സാരമായി ബാധിക്കും. ഇത് ശരീരത്തിലെ മൊത്തം അവയവങ്ങളുടെ പ്രവര്‍ത്തനത്തെയും ബാധിക്കും. ഇതുകൊണ്ടാണ് സ്ഥിരമായി പുകവലി ഇല്ലാത്തവരുടെ ജീവിതം പോലും അപകടത്തിലാണ് എന്നു പറയുന്നത്.
ലോകാരോഗ്യസംഘടനയുടെ കണക്കു പ്രകാരം ലോകത്താകമാനം ഒരു വർഷം പുകയില ഉപയോഗം മൂലം പൊലിയുന്ന ഏഴ് മില്യന്‍ ജീവനുകളില്‍ 900,000 പേര്‍ വല്ലപ്പോഴും മാത്രം പുകവലിക്കുന്നവര്‍ (passive-smokers) ആണ്.
പുകയില , അത് വലിക്കുകയോ, ചവയ്ക്കുകയോ, വിഴുങ്ങുകയോ ചെയ്‌താല്‍ തന്നെ അപകടമാണ്. ശ്വാസകോശരോഗത്തിനും ഹൃദ്രോഗത്തിനും മേലെ ഇതു പലതരം കാന്‍സര്‍ ഉണ്ടാക്കാനും കാരണമാണ്. അടുത്തിടെ ജേണല്‍ ഓഫ് സൈക്കോളജിയില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍ പുകയിലയുടെ ഉപയോഗം കാലുകളിലെ മസ്സിലുകളെ പോലും ബാധിക്കുമെന്ന് കണ്ടെത്തിയിരുന്നു. കാലിലെ രക്തക്കുഴലുകള്‍ ചുരുങ്ങുക വഴി കാലിലേക്കുള്ള ഓക്സിജന്‍ വിതരണവും പോഷകഗുണങ്ങളുടെ വിതരണവും താറുമാറാകുന്നതാണ് ഇതിനും കാരണം.
സ്ത്രീ–പുരുഷവന്ധ്യതയ്ക്കും പുകവലി കാരണമാണ്. പുകവലി പ്രത്യുത്‌പാദനശേഷി കുറയ്ക്കുകയും പുരുഷന്മാരിൽ ലൈംഗികശേഷി കുറയ്ക്കുകയും ചെയ്യും. പുകവലിക്കാരായ സ്ത്രീകൾക്ക് ജനിക്കുന്ന കുഞ്ഞുകൾക്ക് തൂക്കക്കുറവുണ്ടാകും. പുകവലിക്കുന്ന സ്ത്രീകള്‍ക്ക് ഗര്‍ഭം അലസാനും സാധ്യത കൂടുതലാണ്. ഇവര്‍ക്ക് ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് എന്തെങ്കിലും തരത്തിലെ ജനതികതകരാറുകള്‍ ഉണ്ടാകാനും സാധ്യത ഏറെയാണെന്ന് ഡോക്ടർമാർ മുന്നറിയിപ്പു നല്‍കുന്നു.
പുകവലിക്കാര്‍ പുകവലിയില്‍ നിന്നും രക്ഷനേടാന്‍ ഇ– സിഗരറ്റുകളെ ആശ്രയിക്കുന്ന പതിവുണ്ട്‍. ഇതും നിരുത്സാഹപ്പെടുത്തേണ്ടതാണ്. പുകയിലയുടെ അളവ് ഇതില്‍ കുറവാണെങ്കിലും ഇതും ശ്വാസകോശത്തിനും ഹൃദയത്തിനും മറ്റ് അവയവങ്ങള്‍ക്കും ദോഷം തന്നെയാണ്. അതുകൊണ്ട് പുകവലി പൂര്‍ണമായും ഉപേക്ഷിക്കുക എന്നതു തന്നെയാണ് ഈ ആപത്തുകളില്‍ നിന്നും രക്ഷ നേടാനുള്ള വഴി. ഇതിനായി ആവശ്യമെങ്കിൽ ഡോക്ടർമാരുടെയും കൗണ്‍സലിങ് വിദഗ്ധരുടെയും സേവനം തേടാം. നിക്കോട്ടിന്‍ റീപ്ലേസ്മെന്റ് തെറാപ്പി പരീക്ഷിക്കാം. എല്ലാത്തിനും മേലെയായി പുകവലിക്കുന്ന ആളുതന്നെ ഇതിനായി പരിശ്രമിക്കണം എന്നു മാത്രം.
Leave a Reply