ലോകത്തെ ഏറ്റവും ശക്തമായ കാറ്റാടി ടര്‍ബൈന്‍ അബര്‍ദീനില്‍ സ്ഥാപിച്ചു. ഇത്തരം 11 ടര്‍ബൈനുകള്‍ സ്ഥാപിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് വാറ്റന്‍ഫോള്‍ കമ്പനി തങ്ങളുടെ ആദ്യത്തെ ടര്‍ബൈന്‍ അബര്‍ദീനിലെ യൂറോപ്യന്‍ ഓഫ്‌ഷോര്‍ വിന്‍ഡ് ഡിപ്ലോയ്‌മെന്റ് സെന്ററില്‍ സ്ഥാപിച്ചിരിക്കുന്നത്. ശരാശരി യുകെ വീടുകള്‍ ഒരു ദിവസം ഉപയോഗിക്കുന്ന വൈദ്യുതി ഈ ടര്‍ബൈന്‍ ഒറ്റ കറക്കത്തില്‍ ഉദ്പാദിപ്പിക്കുമെന്ന് പ്രോജക്ട് ഡയറക്ടര്‍ ആഡം എസ്സമേല്‍ പറഞ്ഞു. 191 മീറ്റര്‍ ഉയരത്തിലാണ് ടര്‍ബൈന്‍ സ്ഥാപിച്ചിരിക്കുന്നത്. എട്ട് മീറ്റാണ് ബ്ലേഡുകളുടെ നീളം. 164 മീറ്റര്‍ റോട്ടറിന് ലണ്ടന്‍ ഐയേക്കാള്‍ ചുറ്റളവുണ്ട്.
സ്‌കോട്ട്‌ലന്‍ഡിലെ ഏറ്റവും വലിയ ഓഫ്‌ഷോര്‍ വിന്‍ഡ് ടെസ്റ്റ് ആന്‍ഡ് ഡെമോണ്‍സ്‌ട്രേഷന്‍ സൗകര്യമാണ് അബര്‍ദീന്‍ ബേ ഡെവലപ്പ്‌മെന്റ് എന്ന ഈ പദ്ധതിക്ക് ഉള്ളത്. പുതിയ സാങ്കേതികവിദ്യയുടെ പരീക്ഷണമാണ് ഇവിടെ നടത്താന്‍ ഉദ്ദേശിക്കുന്നത്. എന്നാല്‍ ഈ പദ്ധതി ചില നിയമക്കുരുക്കുകളില്‍പ്പെട്ടാണ് താമസിച്ചത്. തന്റെ ഗോള്‍ഫ് കോഴ്‌സിന്റെ ദൃശ്യം ടര്‍ബൈനുകള്‍ മറയ്ക്കുമെന്നാരോപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നല്‍കിയ പരാതിയും ഇതില്‍ ഉള്‍പ്പെടുന്നു. ഇതിന്റെ നിര്‍മാണത്തിന് ഉപയോഗിച്ച വമ്പന്‍ ക്രെയിനുകള്‍ കൊമേഴ്‌സ്യല്‍ പ്രോജക്ടുകള്‍ക്കായി ആദ്യമായാണ് ഉപയോഗിച്ചത്.
ഓഫ്‌ഷോര്‍ വിന്‍ഡ് എനര്‍ജി മേഖലയില്‍ ആദ്യമായാണ് 8.8 മെഗാവാട്ട് മോഡല്‍ സ്ഥാപിക്കുന്നത് എന്ന പ്രത്യേകതയും ഇതിനുണ്ട്. ഇത്തരം രണ്ട് ടര്‍ബൈനുകളും 8.4 മെഗാവാട്ടിന്റെ 9 ടര്‍ബൈനുകളും സ്ഥാപിക്കുന്നതോടെ അബര്‍ദീന്റെ വൈദ്യുതാവശ്യങ്ങളുടെ 70 ശതമാനവും പരിഹരിക്കാനാകുമെന്നാണ് നിഗമനം.
Leave a Reply