ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

വടക്കൻ അയർലണ്ട് : വടക്കൻ അയർലണ്ടിലെ ഏറ്റവും വലിയ തൊഴിലുടമകളിൽ ഒരാളും ലോ ഫ്ലോർ ബസിന്റെ നിർമാതാക്കളുമായ റൈറ്റ്ബസ് തകർന്നടിഞ്ഞു. സാമ്പത്തിക പ്രശ്നങ്ങളും ഉടമസ്ഥത കൈമാറ്റത്തിൽ വന്ന പരാജയവുമാണ് തകർച്ചയ്ക്ക് പിന്നിലെ പ്രധാന കാരണങ്ങൾ. ഇതിന്റെ ഫലമായി 1200ഓളം പേർക്ക് ജോലി നഷ്ടപ്പെട്ടു. 50 ജോലികൾ മാത്രമേ സ്ഥാപനത്തിൽ ഇനി നിലനിർത്തുകയുള്ളൂ. ‘ബോറിസ് ബസ് ‘ എന്നറിയപ്പെടുന്ന ന്യൂ റൂട്ട്മാസ്റ്റർ നിർമിക്കുന്നതിൽ ഏറ്റവും അറിയപ്പെടുന്ന സ്ഥാപനമാണ് തകർന്നിരിക്കുന്നത്. കമ്പനി വിൽക്കാൻ ശ്രമം നടന്നെങ്കിലും പരാജയം ആയിരുന്നു ഫലം. ഇന്നലെ ഉച്ചയ്ക്ക് നടന്ന പത്രസമ്മേളനത്തിൽ യൂണിയൻ ഉദ്യോഗസ്ഥർ ബ്രിട്ടീഷ് സർക്കാരിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ബാലിമെന ആസ്ഥാനമായുള്ള എഞ്ചിനീയറിംഗ് കമ്പനി, റൈറ്റ്ബസ് വാങ്ങാനുള്ളവരെ കണ്ടെത്താൻ ശ്രമിച്ചുകൊണ്ടിരുന്നു.എന്നാൽ കഴിഞ്ഞയാഴ്ച അവസാനം ചൈനീസ് എഞ്ചിനീയറിംഗ് ഗ്രൂപ്പായ വെയ്‌ചായും ജെസിബി അവകാശി ജോ ബാംഫോർഡിന്റെ നേതൃത്വത്തിലുള്ള സ്ഥാപനവും ചർച്ചയിൽ നിന്ന് പിന്മാറിയപ്പോൾ പ്രതീക്ഷിച്ച വിൽപ്പന നടക്കാതെവന്നു.

റൈറ്റ്ബസിനെ സഹായിക്കാൻ തന്റെ സർക്കാർ ആവുന്നതെല്ലാം ചെയ്യുമെന്ന് ബോറിസ് ജോൺസൺ പാർലമെന്റിൽ പറഞ്ഞതിന് പിന്നാലെയാണ് കമ്പനിയുടെ തകർച്ച. ബാലിമെനയ്ക്കും വടക്കൻ അയർലൻഡ് സമ്പദ്‌വ്യവസ്ഥയ്ക്കും ഇത് കനത്ത പ്രഹരമാണെന്ന് ഡി‌യു‌പി എം‌പി ഇയാൻ പെയ്‌സ്ലി പറഞ്ഞു. ഒരാഴ്ചയ്ക്കിടയിൽ യുകെയിൽ പാപ്പരാകുന്ന രണ്ടാമത്തെ കമ്പനി ആണ് റൈറ്റ്ബസ്. കഴിഞ്ഞ ദിവസമാണ് യാത്ര കമ്പനിയായ തോമസ് കുക്ക് തകർന്നത്.