ന്യൂസ് ഡെസ്ക്, മലയാളം യുകെ
ടാപ്പിൽ നിന്ന് തിളപ്പിക്കാത്ത വെള്ളം കുടിക്കാമെന്ന് തെറ്റായ സന്ദേശം നൽകിയതിനെ തുടർന്ന് സൗത്ത് വെസ്റ്റ് വാട്ടർ കമ്പനി ക്ഷമാപണം നടത്തി. ഡെവണിൽ മലിനജലം മൂലം നിരവധി പേർക്ക് ജലജന്യ രോഗങ്ങൾ പിടിപെട്ടതിനെ തുടർന്ന് ജനങ്ങളുടെ ഇടയിൽ കടുത്ത ആശങ്ക ഉടലെടുത്തിരുന്നു. ഇതിനെ തുടർന്നാണ് തിളപ്പിച്ച വെള്ളം മാത്രമേ ഉപയോഗിക്കാവൂ എന്ന നിർദ്ദേശം അധികൃതരുടെ ഭാഗത്തുനിന്നും ആദ്യം നൽകപ്പെട്ടത്.
മലിനജല പ്രശ്നം പൂർണമായും പരിഹരിക്കപ്പെട്ടെന്നും ഇനി വെള്ളം തിളപ്പിക്കുന്നത് നിർത്താമെന്നും ഡെവണിലെ ഒരു പ്രദേശത്തെ ജനങ്ങളെ തെറ്റായി അറിയിക്കുകയായിരുന്നു. ശനിയാഴ്‌ച സൗത്ത് വെസ്റ്റ് വാട്ടർ (എസ്‌ഡബ്ല്യുഡബ്ല്യു) ബ്രിക്‌സ്‌ഹാമിലെ 14,500 പ്രോപ്പർട്ടികൾക്കുള്ള ബോയിൽ വാട്ടർ നോട്ടീസ് ആണ് പിൻവലിച്ചത്. എന്നാൽ ഇതിന് മണിക്കൂറുകൾക്ക് ശേഷം തിളപ്പിച്ച വെള്ളമേ ഉപയോഗിക്കാവൂ എന്ന പ്രത്യേക സന്ദേശവും ആളുകൾക്ക് ലഭിച്ചു. വാട്ടർ കമ്പനിയുടെ ഡിജിറ്റൽ മാപ്പിങ്ങിലെ പിഴവാണ് തെറ്റായ സന്ദേശം ആദ്യം നൽകുന്നതിന് കാരണമായതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
പിഴവ് അംഗീകരിച്ചുകൊണ്ട് തെറ്റായ സന്ദേശം ലഭിച്ചവർക്ക് 75 പൗണ്ട് അധിക നഷ്ടപരിഹാരം നൽകുമെന്ന് സൗത്ത് വെസ്റ്റ് വാട്ടർ കമ്പനി അറിയിച്ചു. മലിന ജലത്തിൻറെ പ്രശ്നം ബാധിച്ച സ്ഥലങ്ങളിലെ താമസക്കാർക്ക് നേരത്തെ പ്രഖ്യാപിച്ച നഷ്ടപരിഹാരം 115 പൗണ്ടിൽ നിന്ന് 215 പൗണ്ടായി ഉയർത്തിയിട്ടുണ്ട്. പെയ്മെൻ്റ് ലഭിക്കുന്നതിന് ഉപഭോക്താക്കൾ ഒന്നും ചെയ്യേണ്ടതില്ലെന്നും അത് അവരുടെ അക്കൗണ്ടുകളിലേയ്ക്ക് നേരിട്ട് നൽകുമെന്നും സൗത്ത് വെസ്റ്റ് വാട്ടർ കമ്പനി അറിയിച്ചു. കമ്പനിയുടെ ആശയവിനിമയം എത്രത്തോളം മോശമായിരുന്നു എന്നതിൻ്റെ മറ്റൊരു സൂചനയാണ് ലഘുലേഖ പ്രശ്‌നമെന്ന് ബ്രിക്‌സ്‌ഹാമിനെ ടോട്ട്‌നെസ് മണ്ഡലം ഉൾക്കൊള്ളുന്ന കൺസർവേറ്റീവ് എംപി ആൻ്റണി മംഗ്‌നാൽ പറഞ്ഞു. ടാപ്പ് വെള്ളം തിളപ്പിക്കണോ വേണ്ടയോ എന്നറിയാൻ എസ്‌ഡബ്ല്യുഡബ്ല്യുവിൻ്റെ വെബ്‌സൈറ്റിലെ ഒരു പോസ്റ്റ്‌കോഡ് ചെക്കർ നോക്കാൻ അദ്ദേഹം പറഞ്ഞു.
Leave a Reply