തങ്കം ആശുപത്രിക്ക് എതിരെ വീണ്ടും ആരോപണം. പ്രസവ ചികിൽസയ്ക്കിടെ കഴിഞ്ഞദിവസം അമ്മയും കുഞ്ഞും മരിച്ച സംഭവം ആശുപത്രിയിലെ ചികിത്സാ പിഴവാണെന്ന ആരോപണം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇതേ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കായി അനസ്‌തേഷ്യ നൽകിയ ഭിന്നശേഷിക്കാരിയായ യുവതി മരിച്ചത്. അനസ്‌തേഷ്യ നൽകിയതിൽ പിഴവുണ്ടായെന്നും ഡോക്ടർമാർ വിവരം പുറത്ത് പറയാൻ വൈകിയെന്നുമാണ് ബന്ധുക്കൾ ആരോപിക്കുന്നത്.
പാലക്കാട് യാക്കര തങ്കം ആശുപത്രിയെ കൂടുതൽ വിവാദത്തിലാക്കിയാണ് വീണ്ടും ചികിൽസാ പിഴവ് കാരണം യുവതി മരിച്ചതായി പരാതി ഉയർന്നിരിക്കുന്നത്. ഭിന്നശേഷിക്കാരിയായ കോങ്ങാട് സ്വദേശിനി കാർത്തികയാണ് ഓപ്പറേഷന് വേണ്ടി അനസ്‌തേഷ്യ നൽകിയതിന് പിന്നാലെ ഹൃദയാഘാതം മൂലം മരിച്ചത്.
കാർത്തികയ്ക്ക് അനസ്‌തേഷ്യ നൽകിയതിൽ പിഴവുണ്ടായെന്നും മരണ വിവരം അറിയിക്കാൻ വൈകിയെന്നും ബന്ധുക്കൾ ആരോപിക്കുന്നുണ്ട്. ഇരുകാലുകൾക്കും തളർച്ച ബാധിച്ച കാർത്തികയെ ശസ്ത്രക്രിയയ്ക്കായി ഈ മാസം രണ്ടിനാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒരു കാലിൽ ഇന്നലെയും ഒരു മാസത്തിനു ശേഷം അടുത്ത കാലിലും ശസ്ത്രക്രിയ നിശ്ചയിച്ചിരിക്കുകയായിരുന്നു.
എന്നാൽ അനസ്‌തേഷ്യ നൽകിയതിന് പിന്നാലെ കാർത്തികയുടെ ആരോഗ്യസ്ഥിതി വഷളാവുകയും ഹൃദയാഘാതം കാരണം രാത്രി ഒൻപത് മണിയോടെ കാർത്തിക മരണപ്പെടുകയായിരുന്നു. തുടർന്ന് ബന്ധുക്കൾ ചികിത്സാപിഴവ് ആരോപിച്ച് ആശുപത്രിക്ക് മുന്നിൽ പ്രതിഷേധിച്ചു. ടൗൺ സൗത്ത് പോലീസെത്തിയാണ് ബന്ധുക്കളെ അനുനയിപ്പിച്ച് മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയത്.
കാർത്തികയുടെ മരണത്തിൽ ചികിൽസാപ്പിഴവ് ഉണ്ടായെന്ന് ചൂണ്ടിക്കാണിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകി. ശ്രീകൃഷ്ണപുരം കുലുക്കിലിയാട് സഹകരണ ബാങ്ക് ജീവനക്കാരിയാണ് കാർത്തിക. അവിവാഹിതയാണ്. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോർട്ടം ചെയ്യും.
അതേസമയം, കഴിഞ്ഞദിവസമാണ് ചിറ്റൂർ തത്തമംഗലം സ്വദേശിനി ഐശ്വര്യയും നവജാത ശിശുവും പ്രസവ ചികിൽസയ്ക്കിടെ തങ്കം ആശുപത്രിയിൽ മരിച്ചത്. ചികിൽസാപ്പിഴവെന്ന നാട്ടുകാരുൾപ്പടെ ആശുപത്രി ഉപരോധിക്കുകയും ചെയ്തിരുന്നു. ജില്ലാ മജിസ്‌ട്രേറ്റിന്റെ ഉത്തരവിൽ ബന്ധുക്കളുടെ പരാതിയിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കാർത്തികയുടെയും മരണം.
Leave a Reply