പ്രണവ് രാജ് 

അഗര്‍ത്തല :  യെച്ചൂരി താങ്കളും , താങ്കള്‍ നേതൃത്വം നല്‍കുന്ന കമ്മൂണിസ്റ്റ് പാര്‍ട്ടിയും ഇത്  അനുഭവിക്കണം , ഈ തോല്‍വി നിങ്ങള്‍ വിലയ്ക്ക് വാങ്ങിയതാണ് .  ഇങ്ങനെ പറയുന്നത് മറ്റ് ആരുമല്ല . വര്‍ഗ്ഗീയ രാഷ്ട്രീയത്തിന് മുകളില്‍ ത്രിപുരയില്‍ കമ്മൂണിസ്റ്റ് പാര്‍ട്ടി ജയിക്കണം എന്ന ആഗ്രഹിച്ച ലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് .

സത്യത്തില്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ കാര്യത്തില്‍ ഈ വിമര്‍ശനം ശരിക്കും യോജിച്ചത് തന്നെയല്ലേ ? . ജനാധിപത്യ ഇന്ത്യയില്‍ സാധാരണ ജനം ഏറ്റവും കൂടുതല്‍ പ്രതീക്ഷയോടെ കണ്ട ഒരു രാഷ്ട്രീയ പാര്‍ട്ടിയായിരുന്നു സി പി എം . പക്ഷെ ഈ പാര്‍ട്ടി രാജ്യത്തിന്റെ വളര്‍ച്ചയുടെ കാലഘട്ടങ്ങളില്‍ എടുത്ത പല ആനമണ്ടത്തരങ്ങളാണ് ഇന്ന് ഈ പാര്‍ട്ടിയെ ഈ അവസ്ഥയില്‍ കൊണ്ടെത്തിച്ചിരിക്കുന്നത് എന്ന് പറഞ്ഞാല്‍ കുറ്റം പറയാന്‍ കഴിയില്ല .

കമ്മൂണിസ്റ്റ് പാര്‍ട്ടിക്ക് രാജ്യം മുഴുവന്‍ വളരാന്‍ എന്നൊക്കെ അവസരങ്ങള്‍ ലഭിച്ചിട്ടുണ്ടോ അന്നൊക്കെ കാലത്തിന്‌ യോജിക്കാത്ത വെറും വരട്ട് പ്രത്യേയശാസ്ത്ര ചര്‍ച്ചകളില്‍ കുടുക്കി , തെറ്റായ തീരുമാനങ്ങളിലൂടെ അവര്‍ തന്നെ സ്വയം ഈ പാര്‍ട്ടിയെ നശിപ്പിച്ചിട്ടുണ്ട് . അതിന് ഏറ്റവും വലിയ  ഉദാഹരണമാണ് പ്രത്യേയശാസ്ത്ര ചര്‍ച്ചയിലൂടെ ജ്യോതി ബാസുവിനെ കമ്മൂണിസ്റ്റ് പാര്‍ട്ടി പ്രധാനമന്ത്രിയാക്കാതിരുന്നത് . ജ്യോതി ബാസു ഇന്ത്യന്‍ പ്രധാനമന്ത്രിയാകണം എന്ന് രാജ്യം മുഴുവനും ആഗ്രഹിച്ചപ്പോഴും ഇതേ പ്രത്യേയശാസ്ത്ര ചര്‍ച്ചയിലെ , തെറ്റായ തീരുമാനത്തിലൂടെ സ്വയം ആ നല്ല അവസരത്തെ ഇല്ലാതാക്കിയത് കമ്മൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അബദ്ധമായിരുന്നു എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത് .

അതിലും ഗുരുതരമായ തെറ്റ് തന്നെയാണ് ത്രിപുര ഇലക്ഷന്റെ ഫലം വിലയിരുത്തുമ്പോള്‍ കമ്മൂണിസ്റ്റ് പാര്‍ട്ടിക്ക് സംഭവിച്ചിരിക്കുന്നത് . ശരിക്കും വിലയ്ക്ക് വാങ്ങിയ തോല്‍വി തന്നെയാണ് . ഏതു പാർട്ടിക്ക് വോട്ട് ചെയ്താലും ബിജെപിക്ക് മാത്രം വോട്ട് രേഖപ്പെടുത്തുന്ന ആയിരക്കണക്കിന് വോട്ടിംഗ് മെഷീനുകള്‍ രാജ്യവ്യാപകമായി പിടിക്കപ്പെടുന്നതിന് ഈ പാര്‍ട്ടി സാക്ഷ്യം വഹിച്ചതാണ് . ലോകം മുഴുവനും ചവറ്റ് കൊട്ടയില്‍ ഉപേക്ഷിച്ച  ഇത്തരം മെഷീനുകള്‍ ഇന്ത്യന്‍ ജനാധിപത്യം ഇല്ലാതാക്കികൊണ്ടിരിക്കുന്നു എന്ന് ഈ പാര്‍ട്ടി മനസ്സിലാക്കിയതുമാണ് . പലതരത്തിലൂടെ ഈ മെഷീനുകളില്‍ രേഖപ്പെടുത്തുന്ന വോട്ടുകള്‍ , വോട്ടിംഗ് നടക്കുന്ന സമയത്തും , അതിന് ശേഷവും കൃത്രിമമായി മാറ്റി മറിക്കാന്‍ കഴിയുമെന്ന് തെളിയിക്കപ്പെട്ടതുമാണ് . എന്നിട്ടും ഇതെല്ലാം അറിഞ്ഞുകൊണ്ട് ഇത്രയധികം തട്ടിപ്പുകള്‍ നടത്തി പിന്‍വാതിലിലൂടെ വിജയങ്ങള്‍ നേടിയെടുത്ത ബി ജെ പി സര്‍ക്കാരിന്റെ വാക്കുകളെ വിശ്വാസത്തിലെടുത്ത് , ഇതേ മെഷീനുകളിലൂടെ ഈ തെരഞ്ഞെടുപ്പിനെ നേരിട്ട സി പി എം എല്ലാ അര്‍ത്ഥത്തിലും ഈ തോല്‍വി വിലയ്ക്ക് വാങ്ങിയത് തന്നെയാണ് .

പതിവ് പോലെ പ്രത്യേയശാസ്ത്ര ചര്‍ച്ചയിലെ തെറ്റ് ത്രിപുര ഇലക്ഷനിലെ തോല്‍വിക്ക് ശേഷം പാര്‍ട്ടിക്ക് തുറന്ന് സമ്മതിക്കേണ്ടിയും വന്നു  . അതുകൊണ്ടാണ് വോട്ടിംഗ് മെഷീന്റെ പ്രവർത്തനത്തിൽ സംശയം പ്രകടിപ്പിച്ച് സിപിഐ (എം) കേന്ദ്രനേതൃത്വം രംഗത്തെത്തിയതും . ത്രിപുരയില്‍ തെരഞ്ഞെടുപ്പ് നടന്ന പലയിടങ്ങളിലും തെറ്റായി പ്രവർത്തിച്ച അനേകം ഇലക്ട്രോണിക് വോട്ടിംഗ് മെഷിനുകളും , വി വി പാറ്റ് മെഷീനുകളും കണ്ടെത്തിയതായി യെച്ചൂരിക്ക് തന്നെ പരാതി ഉന്നയിക്കേണ്ടിയും വന്നു . പക്ഷെ അപ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ട് പോയി കഴിഞ്ഞിരുന്നു . ഇത് തന്നെയാണ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കമ്മൂണിസ്റ്റ് പാര്‍ട്ടിക്ക് സംഭവിക്കുന്ന തിരുത്താന്‍ പറ്റാത്ത തെറ്റുകളും .

മോഡിയുടെ ഭരണത്തെ മഹാഭൂരിപക്ഷം ഇന്ത്യന്‍ ജനതയും വെറുക്കുമ്പോഴും ,  ബി ജെ പിയുടെ ത്രിപുരയിലെ വോട്ട് 1.5 ശതമാനത്തില്‍ നിന്ന് 5 വർഷം കൊണ്ട് 50 ശതമാനമായെങ്കില്‍ അതിന്റെ കാരണം കോണ്ഗ്രസ് വോട്ടുകള്‍ മാത്രമല്ല മറിച്ച് വോട്ടിംഗ് മെഷീനിലെ തട്ടിപ്പും കാരാണമാണെന്ന് മനസ്സിലാക്കാന്‍ കഴിയാത്ത പ്രത്യേയശാസ്ത്ര നേതാക്കളായി മാറി സി പി എം നേതൃത്വം . സംഘപരിവാര്‍ രാഷ്ട്രീയത്തിനെതിരായ അന്തിമ പോരാട്ടത്തിന് ഇന്ത്യയിലെ എല്ലാ വിഭാഗം ജനങ്ങളും തയ്യാറെടുണമെന്ന് വിഎസ് അച്ചുതാനന്ദന്‍ ഇന്ന് വിളിച്ച് പറഞ്ഞു . ശരിക്കും സി പി എമ്മിന് വൈകി ഉദിച്ച പ്രത്യേയശാസ്ത്ര ബുദ്ധി എന്ന് തന്നെ വേണം അച്ചുതാനന്ദന്റെ ഇന്നത്തെ അഭിപ്രായത്തെ വിളിക്കാന്‍ .

ജനാധിപത്യ പ്രക്രിയ തകർന്നു കഴിഞ്ഞുവെന്ന് നിയമപാലകരായ ജഡ്ജിമാര്‍ വരെ തെരുവിലിറങ്ങി പറഞ്ഞിട്ടും ഈ പ്രത്യേയശാസ്ത്രക്കാര്‍ക്ക് മാത്രം മനസ്സിലായില്ല . വോട്ടിംഗ് യന്ത്രത്തിൽ കൃത്രിമം നടത്താൻ പറ്റുമെന്ന് പലതവണ തെളിവ് സഹിതം ഡെല്‍ഹി നിയമസഭയില്‍ കെജരിവാള്‍ പരസ്യമായി പ്രദര്‍ശിപ്പിച്ചതാണ് . അതുകൊണ്ടാണ് സാങ്കേതിക വിദ്യയിൽ മുന്നിൽ നിൽക്കുന്ന വിദേശ രാജ്യങ്ങളിൽ പോലും ബാലറ്റ് പേപ്പർ ഉപയോഗിച്ച് വോട്ട് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു . കേന്ദ്രഭരണ പ്രദേശമായ ഡെൽഹിയിൽ തന്റെ പരിമിതമായ അധികാരം ഉപയോഗിച്ച് അദ്ദേഹം ബാലറ്റ് പേപ്പറിന് വേണ്ടി പൊരുതി . പക്ഷെ അന്ന് അദ്ദേഹത്തെ പിന്തുണക്കാൻ സി പി എം അടക്കം ഒരു പ്രതിപക്ഷ പാർട്ടികളും മുന്നോട്ട് വന്നില്ലെന്ന് മാത്രമല്ല ഐ ഐ ടിയിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീറിങ്ങിൽ ബിടെക് ബിരുദമെടുത്ത ആ മനുഷ്യനെ സാങ്കേതികവിദ്യ വശമില്ലാത്തവൻ എന്ന് പറഞ്ഞ് അവഹേളിക്കുകയാണുണ്ടായത് .

ഈ പോരാട്ടം തനിക്കൊറ്റയ്ക്ക് വിജയിപ്പിക്കാൻ പറ്റില്ലെന്ന് പറഞ്ഞ അദ്ദേഹം , ബാലറ്റ് പേപ്പറിലൂടെ തെരഞ്ഞെടുപ്പ് നടത്തുന്നതിനുവേണ്ടി രാജ്യവ്യാപകമായി പ്രക്ഷോഭം ഉയർന്നു വന്നാലല്ലാതെ ജനാധിപത്യം ജയിക്കില്ലെന്നും അന്ന് പറഞ്ഞിരുന്നു . ഇതൊരു പൊതുവായ വിഷയമാണെന്നും , പ്രതിപക്ഷ രാഷ്ട്രീയ കക്ഷികൾ ഭിന്നതകൾ മറന്നുകൊണ്ട് ബാലറ്റ് പേപ്പറിന് വേണ്ടി ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും അപേക്ഷിച്ചിരുന്നു . പക്ഷെ കെജരിവാളിന്റെ കൂടെ നില്‍ക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ ചായയും കുടിച്ച് മടങ്ങിയതിന്റെ ഫലമാണ് ഇന്ന് സി പി എം വിലയ്ക്ക് വാങ്ങിയ ഈ തകര്‍ച്ച . എന്നാല്‍ ഇന്നത്തെ ത്രുപുരയിലെ അനുഭവം കൊണ്ടെങ്കിലും കെജരിവാളിനെപ്പോലെ പ്രായോഗികമായി ചിന്തിക്കാന്‍ സി പി എമ്മിനും , രാജ്യത്തെ മറ്റ് പാര്‍ട്ടികള്‍ക്കും കഴിയുന്നില്ലെങ്കില്‍ ജനാധിപത്യ ഇന്ത്യ അഭിമുഖീകരിക്കാന്‍ പോകുന്നത് ഇരുണ്ടയുഗത്തെയായിരിക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല .