ഷിബു മാത്യൂ
വെയ്ക്ഫീല്‍ഡ്. ഇന്ത്യന്‍ സമൂഹം ബ്രട്ടീഷ് സമ്പദ് വ്യവസ്ഥയ്ക്കും ജീവിതത്തിനും നല്കുന്ന സേവനങ്ങള്‍ മഹത്തരമെന്ന് യോര്‍ക്ഷയര്‍ മലയാളി ക്ലബിന്റെ ക്രിസ്തുമസ്സ് പുതുവത്സരാഘോഷം ഉദ്ഘാടനം ചെയ്തു കൊണ്ട് ബ്രിട്ടണിലെ മുതിര്‍ന്ന പാര്‍ലമെന്റംഗവും മുന്‍ ഷാഡോ സെക്രട്ടറിയുമായ മേരി ക്രേഗ് എം.പി പ്രസ്ഥാപിച്ചു. ഇന്ത്യ സന്ദര്‍ശിപ്പോള്‍ ഉണ്ടായ മധുരമായ അനുഭവങ്ങളേയും ഇന്ത്യയുടെ പ്രകൃതി സൗന്ദര്യത്തേയും മേരി ക്രേഗ് തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ അനുസ്മരിച്ചു.
മലയാളം ക്ലാസ്, മലയാളം ലൈബ്രററി തുടങ്ങിയ നൂതനമായ ആശയങ്ങള്‍ കൊണ്ട് ശ്രദ്ധേയമായ യോര്‍ക്ഷയര്‍ മലയാളി ക്ലബ്ബ് ബ്രട്ടണില്‍ അടുത്ത കാലത്തുണ്ടായ പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി ക്രിസ്തുമസ്സ് കരോള്‍ കളക്ഷന്‍ നീക്കിവെച്ചു. യോര്‍ക്ഷയര്‍ മലയാളി ക്ലബിന്റെ മാതൃകാപരമായ രാജ്യസ്‌നേഹത്തെ മേരി ക്രേഗ് പ്രശംസിച്ചു. തദവസരത്തില്‍ ക്ലബിന്റെ മലയാളം കലണ്ടറിന്റെ പ്രകാശനവും നടന്നു.
ജനുവരി രണ്ടിന് ഉച്ചതിരിഞ്ഞ് മൂന്നു മണിയോടെ ആരംഭിച്ച ക്രിസ്തുമസ്സ് പുതുവത്സര ആഘോഷ പരിപാടികള്‍ വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ കൊണ്ട് ശ്രദ്ധേയമായി. ക്ലബിന്റെ ചെയര്‍മാന്‍ ജോജി തോമസ്സിന്റെ സ്വാഗത പ്രസംഗത്തോടു കൂടി ആരംഭിച്ച പരിപാടിയില്‍ ക്ലബിലെ കുട്ടികള്‍ മാറ്റുരച്ചു. കലാപരിപാടികളില്‍ മേരി ക്രേഗും കാണികളിലൊരാളായി മാറിയത് കൂടുതല്‍ ശ്രദ്ധേയമായി. തുടര്‍ന്ന് സെക്രട്ടറി വിനോദ് ചെറിയാന്‍ പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞു.
ഭാരവാഹികളായ വില്‍സണ്‍ ജോസഫ്, ബിന്ദു സാജന്‍, ജോണ്‍ തോപ്പില്‍ വര്‍ഗ്ഗീസ് തുടങ്ങിയവര്‍ ആഘോഷ പരിപാടിക്ക് നേതൃത്വം നല്‍കി. സിംഫണി ഓര്‍ക്കസട്രാ കീത്ത് ലിയുടെ ഗാനമേളയും ആഘോഷത്തിന് കൊഴുപ്പേകി.രാത്രി പത്ത് മണിയോടെ പരിപാടികള്‍ അവസാനിച്ചു.