ന്യൂസ് ഡെസ്ക് മലയാളം യുകെ
കീത്തിലി : ആഘോഷത്തിന്റെയും സന്തോഷത്തിന്റെയും നാളുകളാണ് ക്രിസ്മസ്. എന്നാൽ കുട്ടികൾക്ക് ക്രിസ്മസ് സമ്മാനങ്ങൾ വാങ്ങാൻ മാതാപിതാക്കൾ പട്ടിണി കിടക്കുന്ന ഒരു നഗരമുണ്ട് യോർക്ക്ക്ഷയറിൽ. രാജ്യത്ത് ഏറ്റവും കൂടുതൽ ദരിദ്രരുള്ള പ്രദേശങ്ങളിൽ ഒന്നാണ് കീത്തിലി. കൺസ്യൂമർ ഡാറ്റ റിസർച്ച് സെന്റർ (സിഡിആർസി) തയ്യാറാക്കിയ ദാരിദ്ര്യ സൂചിക പ്രകാരമാണ് ഏറ്റവും കൂടുതൽ ദരിദ്രരുള്ള നഗരമായി കീത്തിലി മാറിയത്. തൊട്ടടുത്ത മാസങ്ങളിൽ, കുടുംബത്തെ പോറ്റാൻ ബുദ്ധിമുട്ട് നേരിടുന്നവരുടെ എണ്ണത്തിൽ വൻ വർധനയുണ്ടായി. സാൽവേഷൻ ആർമിയുടെ ഫുഡ്ബാങ്കിന്റെ ദൃശ്യങ്ങളിൽ നിന്നുതന്നെ കീത്തിലിയിലെ കുടുംബങ്ങൾ നേരിടുന്ന പ്രശ്‌നങ്ങൾ വ്യക്തമാണ്.
വർദ്ധിച്ചുവരുന്ന ഇന്ധനച്ചെലവും ക്രിസ്മസിന്റെ അധിക സാമ്പത്തിക ഭാരവും കൂടിയാവുമ്പോൾ കീത്തിലി നിവാസികൾക്ക് കൂടുതൽ സഹായം ആവശ്യമായി വരും. “സാധാരണയായി ഞാനും എന്റെ ഭാര്യയും ഭക്ഷണം കഴിക്കില്ല. കുട്ടികൾക്കായി മാറ്റി വയ്ക്കും. ദിവസം ഒരു നേരം ഭക്ഷണം കഴിച്ചാലായി.” നാല് കുട്ടികളുള്ള സ്റ്റീഫൻ തന്റെ കഷ്ടപ്പാട് തുറന്നുപറഞ്ഞു. സാൽവേഷൻ ആർമിയിൽ നിന്നുള്ള ഭക്ഷണപ്പൊതിയാണ് പലരുടെയും ജീവൻ നിലനിർത്തുന്നത്. ബ്രാഡ്‌ഫോർഡിന്റെ ഭാഗമാണെങ്കിലും കീത്തിലി ദാരിദ്ര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ഹൈ സ്‌ട്രീറ്റിലെ ക്ലെയർബിയേഴ്‌സ് ടോയ്‌ബോക്‌സിന്റെ ഉടമയായ ക്ലിഫോർഡ് വെസ്റ്റ്‌ഫാൾ പറഞ്ഞു. കീത്തിലി ടൗൺ സെന്ററിലെ കച്ചവടക്കാരും പ്രതിസന്ധിയിലാണ്.
വരും വർഷങ്ങളിൽ കീത്തിലിക്ക് 33 മില്യൺ പൗണ്ട് അനുവദിച്ചു നൽകാൻ ബ്രാഡ്‌ഫോർഡ് കൗൺസിൽ തയ്യാറായിട്ടുണ്ട്. കെട്ടിടങ്ങൾ പുനർനിർമ്മിക്കുന്നതിനും വാണിജ്യ, പാർപ്പിട ആവശ്യങ്ങൾക്കുമായി 14 മില്യൺ പൗണ്ട് നീക്കിവയ്ക്കും. പൊതുമേഖലയ്ക്കും ഗതാഗത അടിസ്ഥാന സൗകര്യ വികസനത്തിനുമായി 2.39 മില്യൺ പൗണ്ട് കൂടി നീക്കിവച്ചിട്ടുണ്ട്. ക്രിയേറ്റീവ് ആർട്‌സ് ഹബ്ബ് നിർമിക്കാൻ 2.6 മില്യണും മാനുഫാക്ചറിംഗ് ആൻഡ് എഞ്ചിനീയറിംഗ് ട്രെയിനിങ് ഹബ്ബിന്റെ നിർമാണത്തിനായി 3 മില്യൺ പൗണ്ടും നൽകും. കീസ്‌ലിയിലെ ആളുകളെ സംബന്ധിച്ചിടത്തോളം ഇത് സ്വാഗതാർഹമായ വാർത്തയാണ്. കൂടാതെ കൂടുതൽ ഭക്ഷണപ്പൊതികൾ വിതരണം ചെയ്യാൻ സാൽവേഷൻ ആർമി തയ്യാറായിട്ടുണ്ട്. നഗരത്തിലുടനീളമുള്ള 400-ലധികം കുട്ടികൾക്ക് ക്രിസ്മസ് സമ്മാനങ്ങൾ എത്തിക്കാനും അവർ ലക്ഷ്യമിടുന്നു.
Leave a Reply