വനം വകുപ്പ് സ്ഥാപിച്ച ക്യാമറ നശിപ്പിച്ചെന്ന് ആരോപിച്ച് വനപാലകർ കസ്റ്റഡിയിൽ എടുത്ത യുവാവിന്റെ മൃതദേഹം കിണറ്റിൽ. സംഭവത്തെ തുടർന്ന് വനപാലകരെ നാട്ടുകാർ തടഞ്ഞു വച്ചു. സ്ഥലത്ത് സംഘർഷാവസ്ഥ തുടരുന്നു. ചിറ്റാർ കുടപ്പന പടിഞ്ഞാറെചരുവിൽ പരേതനായ പാപ്പിയുടെ മകൻ ടി.ടി.മത്തായിയുടെ(പൊന്നുമോൻ –40) മൃതദേഹമാണ് വീടിനോടു ചേർന്ന കിണറ്റിൽ കണ്ടെത്തിയത്. ഇന്നലെ വൈകിട്ടാണ് സംഭവം.
ഉന്നത ഉദ്യോഗസ്ഥർ എത്തിയ ശേഷം കിണറ്റിൽ നിന്ന് മൃതദേഹം എടുത്താൽ മതിയെന്ന നിലപാടിൽ നാട്ടുകാർ പ്രതിഷേധവുമായി രാത്രി വൈകിയും സ്ഥലത്ത് സംഘടിച്ചിരിക്കുകയാണ്. കുടപ്പനയിൽ വീടിനോടു ചേർന്ന് ഫാം നടത്തുകയായിരുന്നു മത്തായി. ആബുലൻസ്, ക്രെയിൻ എന്നിവ വാടകയ്ക്കു കൊടുക്കുന്ന സ്ഥാപനവുമുണ്ട്. അരിയ്ക്കക്കാവ് തടി ഡിപ്പോയ്ക്കു സമീപം വാടകയ്ക്കാണ് കുടുംബസമേതം താമസം.
കുടപ്പനയിൽ വനംവകുപ്പ് സ്ഥാപിച്ച ക്യാമറ മത്തായി കേടുവരുത്തിയെന്നാരോപിച്ച് ഇന്നലെ വൈകിട്ടാണ് ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകർ മത്തായിയെ വീട്ടിൽ നിന്ന് കസ്റ്റഡിൽ എടുത്തത്. തെളിവെടുപ്പുമായി ബന്ധപ്പെട്ട് 7 അംഗം വനപാലക സംഘം വീട്ടിൽ എത്തിയപ്പോൾ ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ മത്തായി കിണറ്റിൽ വീഴുകയായിരുന്നെന്നാണ് വനപാലകർ പറയുന്നത്.
എന്നാൽ സംഭവം നടന്ന് ഏറെ സമയത്തിനു ശേഷമാണ് കിണറ്റിൽ വീണ കാര്യം വനപാലകർ സമീപവാസികളോടു പറഞ്ഞതത്രെ. നാട്ടുകാർ എത്തിയപ്പോൾ മത്തായിയുടെ മൃതദേഹമാണ് കാണുന്നത്. നാട്ടുകാർ സംഘടിച്ച് വനപാലകരുടെ വാഹനം തടഞ്ഞുവച്ചു. സന്ധ്യയായപ്പോൾ വനപാലകർ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെട്ടു. ഇതിനിടെ സീതത്തോട്ടിൽ നിന്ന് അഗ്നിരക്ഷാ സേനയുടെ യൂണിറ്റ് എത്തി മൃതദേഹം പുറത്തെടുക്കാൻ ശ്രമിച്ചത് നാട്ടുകാർ തടഞ്ഞു.
ആർഡിഒ എത്തിയ ശേഷം മൃതദേഹം പുറത്തെടുത്താൽ മതിയെന്ന നിലപാടിലാണ് നാട്ടുകാർ. മർദിച്ച് അവശനാക്കിയ ശേഷം കിണറ്റിൽ തള്ളിയെന്നാണ് കുടുംബാംഗങ്ങളുടെ ആരോപണം. ആൾമറയുള്ള കിണറ്റിൽ തനിയെ വീഴില്ലെന്നാണ് ബന്ധുക്കളും നാട്ടുകാരും പറയുന്നത്. സംഭവം അറിഞ്ഞ് കെ.യു.ജനീഷ്കുമാർ എംഎൽഎയും പത്തനംതിട്ട ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഉന്നത പൊലീസ് സംഘവും സ്ഥലത്ത് എത്തി.
രാത്രി തന്നെ മൃതദേഹം കിണറ്റിൽ നിന്ന് എടുക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. മണിയാർ ഹൈസ്കൂൾ ജീവനക്കാരി ഷീബയാണ് ഭാര്യ. മക്കൾ.സോന, ഡോണ. കടുവ നിരീക്ഷണവുമായി ബന്ധപ്പെട്ട് കുടപ്പനയിൽ സ്ഥാപിച്ച ക്യാമറയിലെ മെമ്മറി കാർഡ് മത്തായി എടുത്തതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റഡിയിൽ എടുത്തതെന്ന് റാന്നി ഡിഎഫ്ഒ എം. ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. മറിച്ചുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അറിയിച്ചു.
Leave a Reply