ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിലെ സ്കൂളുകളിൽ അക്രമ സംഭവങ്ങളും കത്തി കൊണ്ടു വരുന്നവരുടെ എണ്ണവും വർദ്ധിക്കുന്നതായുള്ള ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. നാല് വയസ്സുകാരനും ആറുവയസ്സുകാരനും കത്തിയുമായി സ്കൂളിൽ എത്തിയ സംഭവങ്ങൾ പൊലീസ് രേഖപ്പെടുത്തി. കെന്റിൽ നാല് വയസ്സുകാരൻ സഹപാഠിയെ കത്തി കൊണ്ട് പരിക്കേൽപ്പിച്ചതായും വെസ്റ്റ് മിഡ്‌ലാൻഡ്സിൽ ആറുവയസ്സുകാരൻ പേന കത്തി കൈയിൽ പിടിച്ച് സഹപാഠിയെ ഭീഷണിപ്പെടുത്തിയതായും കണ്ടെത്തിയിട്ടുണ്ട്. 2024-ൽ മാത്രം ഇംഗ്ലണ്ടിലും വെയിൽസിലുമായി സ്കൂളുകളിലും കോളേജുകളിലും 1,304 കത്തി സംബന്ധമായ കേസുകൾ പൊലീസ് രജിസ്റ്റർ ചെയ്തു. അതിൽ പത്തിലൊന്ന് പ്രാഥമിക വിദ്യാർത്ഥികളാണ് ഉൾപ്പെട്ടത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഷെഫീൽഡിൽ സഹപാഠി കുത്തിക്കൊന്ന ഹാർവി വില്ഗൂസിന്റെ അമ്മ കരോളൈൻ വില്ഗൂസ് സർക്കാർ എല്ലാ സ്കൂളുകളിലും മെറ്റൽ ഡിറ്റക്ടറുകൾ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു. കുട്ടികൾ ഇപ്പോൾ ഭയത്തോടെയാണ് സ്കൂളിലേക്ക് പോകുന്നതെന്നും സ്കൂളുകളിൽ കത്തി പരിശോധന സംവിധാനങ്ങൾ ഉണ്ടാകുന്നത് ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ സഹായിക്കും എന്നും അവർ പറഞ്ഞു. വെസ്റ്റ് മിഡ്‌ലാൻഡ്സിലെ ബീക്കൺ ഹിൽ അക്കാദമി ഉൾപ്പെടെ ചില സ്കൂളുകൾ ഇതിനകം തന്നെ വിമാനത്താവള മാതൃകയിലെ മെറ്റൽ ഡിറ്റക്ടർ സംവിധാനങ്ങൾ സ്ഥാപിച്ചിട്ടുണ്ടെന്നാണ് അറിയാൻ സാധിച്ചത്.

പോലിസ് കണക്കുകൾ പ്രകാരം ഇത്തരം സംഭവങ്ങളിൽ 80 ശതമാനത്തോളം പ്രതികളും കൗമാരപ്രായക്കാരായ ആൺകുട്ടികളാണ്. സുരക്ഷാ ഭയമാണ് കുട്ടികളെ കത്തിയുമായി സ്കൂളിലേക്ക് എത്തിക്കുന്നതെന്ന് വിദഗ്ധർ പറയുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ സ്കൂളുകൾ കൈയിൽ പിടിക്കുന്ന മെറ്റൽ ഡിറ്റക്ടറുകൾ തുടങ്ങിയ സുരക്ഷാ ഉപകരണങ്ങൾ മൂന്നിരട്ടിയായി വാങ്ങിയതായി നിർമ്മാതാക്കൾ വ്യക്തമാക്കി. യുവാക്കൾക്കിടയിലെ കത്തി ഉപയോഗം കുറയ്ക്കാൻ സർക്കാർ “Young Futures” പദ്ധതി വഴി ഇടപെടലുകൾ ആരംഭിച്ചിരിക്കുകയാണെന്ന് ഹോം ഓഫീസ് അറിയിച്ചു.