ലണ്ടന്‍: മദ്യലഹരിയില്‍ വാഹനമോടിച്ച് പിടിക്കപ്പെട്ടപ്പോള്‍ യുവതി പറഞ്ഞത് വിചിത്രമായ ന്യായീകരണം. തന്റെ രക്തത്തിലെ ആല്‍ക്കഹോള്‍ പരിധി അളവിലും കൂടുതലായതിന് കാരണം അമ്മയുണ്ടാക്കി നല്‍കിയ സ്പഗെറ്റിയാണെന്നായിരുന്നു ആമി ഷിംഗിള്‍സ് എന്ന യുവതി കോടതിയില്‍ ബോധിപ്പിച്ചത്. അമ്മ തയ്യാറാക്കിയ സ്പഗെറ്റി ബൊളോനീസിലെ റെഡ് വൈനാണത്രേ കുറ്റക്കാരന്‍! ഡ്രിങ്ക് ഡ്രൈവിന് കുറ്റക്കാരിയെന്ന് കണ്ടെത്തിയ ഈ 23കാരിക്ക് പിഴ ശിക്ഷ നല്‍കുകയും ഡ്രൈവിംഗില്‍ നിന്ന് വിലക്കുകയും ചെയ്തിരുന്നു.
ഇതിനെതിരായി നല്‍കിയ അപ്പീലിലാണ് വിചിത്രമായ അവകാശവാദവുമായി ഇവര്‍ രംഗത്തെത്തിയത്. എന്നാല്‍ കോടതി ഈ വാദം അംഗീകരിച്ചില്ലെന്ന് മാത്രമല്ല, അപ്പീലിനായി 2000 പൗണ്ട് അധികം ചെലവാകുകയും ചെയ്തു. ഡബിള്‍ വൈറ്റ് ലൈനുകള്‍ക്കു മുകളില്‍ നടുറോഡില്‍ പാര്‍ക്ക് ചെയ്ത നിലയിലാണ് ആമിയെ ഓഡി ടിടി കാറില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്തത്. ബ്രെത്തലൈസര്‍ ടെസ്റ്റില്‍ തന്നെ ഇവര്‍ മദ്യലഹരിയിലായിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. പിന്നീട് 12 മാസത്തേക്ക് ഇവരെ വാഹനമോടുക്കുന്നതില്‍ നിന്ന് കോടതി വിലക്കുകയായിരുന്നു.
റെഡിങ് ക്രൗണ്‍ കോടതിയിലാണ് ഇവര്‍ പിന്നീട് അപ്പീല്‍ നല്‍കിയത്. അമ്മ നല്‍കിയ സ്പഗെറ്റിക്ക് പുറമേ ഇവര്‍ രണ്ട് പൈന്റ് ബിയര്‍ കൂടി കഴിച്ചതായി കോടതി കണ്ടെത്തി. രക്തത്തില്‍ 44 മൈക്രോഗ്രാമായിരുന്നു ആല്‍ക്കഹോളിന്റെ അളവ്. 35 മൈക്രോഗ്രാമാണ് അനുവദനീയമായ അളവ്. 403 പൗണ്ട് പിഴയും വിക്ടിം സര്‍ച്ചാര്‍ജായി 40 പൗണ്ടും കോടതിച്ചെലവായി 1583 പൗണ്ടും നല്‍കാന്‍ കോടതി ഉത്തരവിടുകയായിരുന്നു.
Leave a Reply