ന്യൂസ് ഡെസ്ക്, മലയാളം യുകെ
അബുദാബിയിലേക്കുള്ള എയർ അറേബ്യയുടെ വിമാനത്തിൽ ഹൃദയസ്തംഭനം മൂലം ബോധരഹിതനായ 34കാരന്റെ ജീവൻ കേരളത്തിൽ നിന്നുള്ള രണ്ട് യുവ നേഴ്സുമാർ രക്ഷപ്പെടുത്തി. വയനാട് സ്വദേശി അഭിജിത് ജീസും ചങ്ങനാശേരി സ്വദേശി അജീഷ് നെൽസണുമാണ് വിമാനയാത്രയ്ക്കിടെ അതിവേഗത്തിൽ സിപിആർ (CPR) നടത്തി യാത്രക്കാരനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. കൊച്ചിയിൽ നിന്ന് അബുദാബിയിലേക്കുള്ള 3 വിമാനത്തിലായിരുന്നു സംഭവം.

രാവിലെ ഏകദേശം 5.50ഓടെ അറേബ്യൻ കടലിനു മുകളിലൂടെ പറന്നുകൊണ്ടിരിക്കുമ്പോഴാണ് സംഭവം നടന്നത്. യാത്രക്കാരൻ ബോധരഹിതനായി വീഴുന്നത് കണ്ട അഭിജിത് ഉടൻ പരിശോധന നടത്തി ഹൃദയമിടിപ്പ് നിന്നതാണെന്ന് മനസിലാക്കുകയായിരുന്നു . അജീഷ് സഹായിയായി ചേർന്നതോടെ ഇരുവരും ചേർന്ന് രണ്ട് റൗണ്ട് CPR നടത്തി. വിമാനത്തിലുണ്ടായിരുന്ന ഡോ. ആരിഫ് അബ്ദുൽ ഖാദർ അടിയന്തര ചികിത്സ നൽകി യാത്രക്കാരന്റെ നില മെച്ചപ്പെടുത്തി . അബുദാബിയിൽ വിമാനം ഇറങ്ങിയ ഉടനെ വിമാനത്താവളത്തിലെ മെഡിക്കൽ സംഘം രോഗിയെ ഏറ്റെടുത്തു.

പുതിയ ജോലി ആരംഭിക്കാനായി യുഎഇയിലേക്കുള്ള ഇരുവരുടെയും ആദ്യയാത്രയായിരുന്നു ഇത്. റസ്പോൺസ് പ്ലസ് മെഡിക്കൽ (RPM) സ്ഥാപനത്തിലാണ് ഇരുവരും നിയമിതരായത്. സംഭവം പുറത്തറിഞ്ഞതിനു ശേഷം റസ്പോൺസ് പ്ലസ് മെഡിക്കൽ അധികൃതർ ഇരുവരെയും ആദരിച്ചു. ജീവിതത്തിന്റെ ആദ്യ വിദേശയാത്രയിൽ ഒരു ജീവൻ രക്ഷിക്കാൻ കഴിഞ്ഞത് ഒരിക്കലും മറക്കാനാകാത്ത അനുഭവമാണെന്നാണ് സംഭവത്തെ കുറിച്ച് അഭിജിത്തും അജീഷും പറഞ്ഞത് .
 
	 
		

 
      
      



 
               
               
              




 
            
Leave a Reply