ന്യൂസ് ഡെസ്ക് മലയാളം യുകെ
മലയാളി എന്ന് കേൾക്കുമ്പോൾ തട്ടിപ്പിന് കുടപിടിക്കുന്നവരാണ് എന്ന് ഇംഗ്ലീഷുകാരെ കൊണ്ട് ചിന്തിപ്പിക്കുന്ന രീതിയിൽ കെയർ വിസ മേഖലയിലെ കള്ളക്കളികൾ യുകെയിൽ വൻ ചർച്ചാവിഷയമായിരിക്കുകയാണ്. 2000 മാണ്ടിലാണ് യുകെയിലെ ആരോഗ്യ മേഖലയിലേയ്ക്ക് മലയാളികൾ എത്തി തുടങ്ങിയത്. കഴിവും അർപ്പണവും മനുഷ്യസ്നേഹവും കൊണ്ട് തങ്ങളുടെ പ്രവർത്തി മണ്ഡലങ്ങളിൽ ഉന്നതസ്ഥാനങ്ങളിൽ എത്തിച്ചേർന്ന ചരിത്രമാണ് ആദ്യകാല യുകെ മലയാളികൾക്ക് പറയാനുള്ളത്. അതു മാത്രമല്ല അവരുടെ അടുത്ത തലമുറ ഉന്നത വിദ്യാഭ്യാസ മേഖലകളിൽ തദ്ദേശീയരായ വിദ്യാർഥികളെ പോലും കടത്തിവെട്ടുന്ന മിന്നുന്ന പ്രകടനങ്ങൾ കാഴ്ചവച്ചതിന്റെ നേർ ചിത്രങ്ങൾ എ ലെവൽ ജി സി എസ് ഇ റിസൾട്ടുകൾ വന്നപ്പോൾ മലയാളം യുകെ ന്യൂസ് പ്രസിദ്ധീകരിച്ചിരുന്നു.
എന്നാൽ കളവും പറ്റിക്കലും പണത്തോടുള്ള ആർത്തിയും ഒത്തുചേർന്നതിന്റെ നേർ കാഴ്ചകളാണ് ഇന്ന് പുതുതലമുറ യു കെ മലയാളികളെ തദ്ദേശീയരായ ഇംഗ്ലീഷുകാരുടെ മുന്നിൽ അപഹാസ്യരാക്കിയിരിക്കുന്നത്. വിദ്യാർത്ഥി, കെയർ വിസകൾ യുകെ ഇളവ് ചെയ്തതിനെ പരമാവധി ദുരുപയോഗം ചെയ്യുകയാണ് മലയാളികൾ ചെയ്തത്. അത് മാത്രമല്ല കൂണുകൾ പോലെ പൊട്ടിമുളച്ച ഏജൻസികൾ കോടികളാണ് സഹജീവികളെ കളിപ്പിച്ച് സമ്പാദിച്ചത്.
ലിവർപൂളിൽ പണം നഷ്ടപ്പെട്ട യുവാവ് രണ്ടും കൽപ്പിച്ച് ഏജന്റിന്റെ വീട്ടു പടിക്കൽ സത്യാഗ്രഹമിരുന്നതിന് വൻ പിന്തുണയാണ് സമൂഹമാധ്യമങ്ങളിൽ അടക്കം ലഭിച്ചുകൊണ്ടിരിക്കുന്നത്. 12 ലക്ഷം രൂപയാണ് ഈ യുവാവിന്റെ കൈയ്യിൽ നിന്ന് ഏജൻറ് തട്ടിയത്. വാർത്താമാധ്യമങ്ങളും സമൂഹമാധ്യമങ്ങളും ഇത്രയും ശക്തമായ കാലത്ത് തട്ടിപ്പുകാരുടെ പ്രവർത്തികൾ യുകെയിലെ മലയാളി സമൂഹത്തിന് ഒന്നടങ്കം നാണക്കേട് ഉണ്ടാക്കി കത്തി പടരുകയാണ്.
ഇത്തരം തട്ടിപ്പുകളുടെ ഒട്ടേറെ പരാതികളാണ് ഹോം ഓഫീസിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഏതെങ്കിലും വ്യക്തികൾക്ക് വിസ തട്ടിപ്പിനെ കുറിച്ചോ, ഇടപാടുകളെ കുറിച്ചോ എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ സമർപ്പിക്കാനുള്ള സൗകര്യങ്ങൾ ഹോം ഓഫീസ് നൽകിയത് മലയാളം യുകെ ന്യൂസ് പ്രസിദ്ധീകരിച്ചിരുന്നു. കെയർ വിസ തട്ടിപ്പുകളെ കുറിച്ച് ബ്രിട്ടീഷ് പാർലമെന്റിൽ വരെ ചർച്ചകൾ നടക്കുകയും ചെയ്തിരുന്നു. കെയർ വിസയിലും വിദ്യാർത്ഥി വിസയിലും വരുന്നവർക്ക് ആശ്രിത വിസ അനുവദിക്കില്ലെന്ന യുകെയുടെ പുതിയ കുടിയേറ്റ നയം രൂപീകരിക്കുന്നതിൽ പ്രധാനകാരണം ഈ മേഖലകളിൽ ഉയർന്നുവന്ന നിരവധി പരാതികൾ ആണെന്നാണ് പൊതുവെ കരുതപ്പെടുന്നത്.
മലയാളികളിൽ തമ്മിലുള്ള സമൂഹമാധ്യമങ്ങളിലെ വിഴുപ്പലക്കൽ കൂടാതെയാണ് ബിബിസിയിൽ കെയർ വിസ തട്ടിപ്പിനെ കുറിച്ച് വൻ പ്രാധാന്യത്തോടെ വാർത്തകൾ വന്നത്. ബിബിസി പ്രസിദ്ധീകരിച്ച വാർത്തയിലെ തട്ടിപ്പുകാരും തട്ടിപ്പിനിരയായവരും മലയാളികളാണ്. ബിജിഎം കൺസൾട്ടൻസി എന്ന മലയാളികളുടെ ഉടമസ്ഥതയിലുള്ള റിക്രൂട്ട്മെൻറ് ഏജൻസി വിസക്കായി 6000 പൗണ്ടിനും 10000 പൗണ്ടിനും ഇടയിലുള്ള പണമാണ് വിസകൾക്കായി അനധികൃതമായി കൈപ്പറ്റിയതെന്ന ബിബിസി വാർത്ത ഈ മേഖലയിൽ വൻ നിയന്ത്രണങ്ങളും നടപടികളും എടുക്കാൻ ഹോം ഓഫീസിനെ പ്രേരിപ്പിക്കും എന്ന കാര്യത്തിൽ സംശയമില്ല. യുകെ ഗവൺമെന്റിന്റെ വെബ്സൈറ്റ് വഴി അപേക്ഷിക്കുന്നവർക്ക് മൂന്നുവർഷത്തേക്ക് കെയർ വിസയ്ക്കായി ചിലവാകുന്നത് 551 പൗണ്ട് മാത്രമാണ് . വരും ദിവസങ്ങളിൽ കെയർ വിസ തട്ടിപ്പിന്റെ പിന്നാമ്പുറ കഥകളും വിഴുപ്പലക്കലുകളും യുകെ മലയാളി സമൂഹത്തിന്റെ ഉറക്കം നഷ്ടപ്പെടുത്തും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.
Leave a Reply