തമിഴ്നാട്ടിലെ കുളച്ചല്‍ കടല്‍തീരത്ത് കണ്ടെത്തിയ യുവാവിന്റെ മൃതദേഹം നരുവാമൂട് സ്വദേശി കിരണിന്റേതെന്ന് അച്ഛന്‍. ഇടതുകൈയിലെയും കാലുകളിലെയും അടയാളങ്ങള്‍ കണ്ടാണ് ഇത് കിരണിന്റേതെന്ന് അച്ഛന്‍ ഉറപ്പിച്ച് പറയുന്നത്. കണ്ടെത്തിയ മൃതദേഹം കിരണിന്റേതാണെന്ന് സുഹൃത്തുക്കളും പറഞ്ഞു.
കിരണ്‍ ആത്മഹത്യ ചെയ്യില്ല. വെള്ളത്തില്‍ ഇറങ്ങാന്‍ അവന് പേടിയാണ്. മകനെ കൊലപ്പെടുത്തിയത് തന്നെയാണെന്ന് അച്ഛന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ സത്യാവസ്ഥ പുറത്തുവരണം. ഞങ്ങള്‍ക്ക് നീതി ലഭിക്കണം. ഇപ്പോള്‍ പിടികൂടിയത് യഥാര്‍ഥ പ്രതികളെയല്ലെന്നും യഥാര്‍ഥ പ്രതികളെ രക്ഷിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് പുലര്‍ച്ചെയാണ് കുളച്ചലിലെ ഇരയിമ്മല്‍തുറ ഭാഗത്ത് ഒരു മൃതദേഹം കരയ്ക്കടിഞ്ഞതായി മത്സ്യതൊഴിലാളികള്‍ പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് വിഴിഞ്ഞം പൊലീസും ബന്ധുക്കളും സുഹൃത്തുക്കളും കുളച്ചലില്‍ എത്തുകയായിരുന്നു. തുടര്‍ന്നാണ് മൃതദേഹം കിരണിന്റേതാണെന്ന് തിരിച്ചറിഞ്ഞത്. മൃതദേഹത്തിന് നാലുദിവസം പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം കിരണിന്റേതെന്ന് സ്ഥിരീകരിക്കാന്‍ ഡിഎന്‍എ പരിശോധന നടത്തുമെന്ന് പൊലീസ് പറഞ്ഞു. കുളച്ചല്‍ പൊലീസ് ഇതിനായി നടപടിയെടുക്കും.
ശനിയാഴ്ച ഉച്ചയോടെയാണ് കിരണിനെ കാണാതായത്. സാമൂഹികമാധ്യമം വഴി പരിചയപ്പെട്ട ആഴിമലയിലുള്ള പെണ്‍സുഹൃത്തിനെ കാണാനെത്തുകയും അവിടെവച്ച് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായി. പിന്നാലെ ഇവര്‍ കിരണിനെ ഒരു ബൈക്കില്‍ കൊണ്ടുപോകുകയും ചെയ്തു. അതിനുശേഷം കിരണിനെ കണ്ടിട്ടില്ലെന്നാണ് കുടുംബത്തിന്റെ പരാതി. ബലംപ്രയോഗിച്ച് കടലില്‍ തള്ളിയോയെന്ന് അന്വേഷിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു.
സംഭവത്തിന് പിന്നാലെ ഒരാള്‍ കടലില്‍ വീണതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. കിരണ്‍ ആണ് കടലില്‍ വീണതെന്ന അടിസ്ഥാനത്തില്‍ നാലുദിവസം തിരച്ചിലില്‍ നടത്തിയിരുന്നു. ആഴിമല ഭാഗത്ത് വ്യാപകമായി തിരച്ചില്‍ നടത്തിയിട്ടും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ആഴിമല ഭാഗത്ത് കടലില്‍ വീണവരുടെ മൃതദേഹം അവിടെ നിന്നും ലഭിച്ചില്ലെങ്കില്‍ സാധാരണായായി തമിഴ്നാടിന്റെ ഭാഗത്തേക്ക് ഒഴുകി പോകാറുണ്ടെന്നും പൊലീസ് പറയുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ തന്നെ തീരപ്രദേശത്തുള്ള പൊലീസ് സ്റ്റേഷനിലും മത്സ്യതൊഴിലാളികളെയും മൃതദേഹം കണ്ടെത്തിയാല്‍ അറിയിക്കണമെന്ന് വിഴിഞ്ഞം പൊലീസ് അറിയിച്ചിരുന്നു.
Leave a Reply