ന്യൂസ് ഡെസ്ക് , മലയാളം യുകെ

ലണ്ടൻ : ടയർ 4 കോവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സർക്കാർ തയ്യാറാണെന്ന് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ്. പ്രാദേശിക ലോക്ക്ഡൗണിൽ സർക്കാർ ഉറച്ചുനിൽക്കുകയാണെന്നും ടയർ 3 യിലെ നിയന്ത്രണങ്ങൾ രോഗവ്യാപനം തടയാൻ പര്യാപ്തമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ടയർ 4 നിയന്ത്രണത്തിൽ അനാവശ്യ കടകൾ അടയ്ക്കാനും ജോലിസ്ഥലത്തേയ്ക്കും സ്കൂളിലേയ്ക്കുമുള്ള യാത്രകൾ പരിമിതപ്പെടുത്താനും പദ്ധതിയിടുന്നുണ്ട്. അണുബാധ തടയുന്നതിനുള്ള പ്രാദേശികവത്കൃത സമീപനത്തിൽ ഉറച്ചുനിൽക്കാനാണ് മന്ത്രിമാർ ഉദ്ദേശിക്കുന്നതെന്നും സർക്കാർ തുടർനടപടികൾക്ക് തയ്യാറാണെന്നും റാബ് കൂട്ടിച്ചേർത്തു. ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകൾ പ്രകാരം കഴിഞ്ഞയാഴ്ച ഇംഗ്ലണ്ടിലെ രോഗവ്യാപനം 50 ശതമാനം ഉയർന്നു. പ്രതിദിനം 52,000 ആളുകൾക്ക് വൈറസ് പിടിപെടുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. ക്രിസ്മസ് എത്തുമ്പോഴേക്ക് രാജ്യം മുഴുവനും ടയർ 3 യിൽ എത്തുമെന്ന് വിദഗ്ധർ പ്രവചിച്ചിട്ടുണ്ട്. ജർമ്മനിയും ഫ്രാൻസും സ്വീകരിച്ചതിനു സമാനമായ ലോക്ക്ഡൗൺ നടപടികൾ ബ്രിട്ടനും പിന്തുടർന്നേക്കുമെന്നും റാബ് അറിയിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ദേശീയ ലോക്ക്ഡൗൺ സമയത്ത് ഏർപ്പെടുത്തിയ നടപടികൾ ഉൾകൊള്ളുന്ന പുതിയ ടയർ 4 നിയന്ത്രണങ്ങൾ സർക്കാർ പരിഗണിക്കുന്നതായാണ് റിപ്പോർട്ട്. ബർമിംഗ്ഹാമിൽ ടയർ 3 നിയന്ത്രണങ്ങൾ ഉടൻ ഏർപ്പെടുത്തുന്നത് അനിവാര്യമാണെന്ന് പ്രാദേശിക നേതാക്കൾ അഭിപ്രായപ്പെട്ടിട്ടുണ്ട്. കേസുകൾ കുത്തനെ ഉയരുന്നതിനാൽ തലസ്ഥാനനഗരിയും അധികം വൈകാതെ തന്നെ ടയർ 3 യിലേക്ക് കടന്നേക്കാം. ഈസ്റ്റ്, വെസ്റ്റ് മിഡ്‌ലാന്റ്‌സിലെ പല പ്രദേശങ്ങളും നിലവിൽ ടയർ 2ൽ ആണ്. അതേസമയം പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് നോട്ടിംഗ്ഹാമിലെ തെരുവിൽ ചെറുപ്പക്കാർ ഒത്തുകൂടിയത് ആശങ്ക സൃഷ്ടിച്ചു. നാല്പതോളം ചെറുപ്പക്കാർക്ക് 200 ഡോളർ വീതം പിഴ ഈടാക്കിയിട്ടുണ്ട്.

നിയമങ്ങൾ മനഃപൂർവം ലംഘിക്കുന്നവർക്ക് പിഴ ചുമത്താൻ തങ്ങൾക്ക് യാതൊരു മടിയുമില്ലെന്ന് പോലീസ് മുന്നറിയിപ്പ് നൽകിയിട്ടും നടന്ന ഒത്തുകൂടൽ രോഗഭീതി ഉയർത്തിയിട്ടുണ്ട്. ഹാലോവീൻ ആഘോഷിക്കുന്ന രീതിയിലാണ് ചെറുപ്പക്കാർ ഒത്തുകൂടിയത്. കഴിഞ്ഞ ആഴ്‌ചയിൽ മുപ്പതിൽ അധികം ആളുകളുമായി പാർട്ടികൾ സംഘടിപ്പിച്ച നാല് പേർക്ക് 10,000 പൗണ്ട് പിഴയും നിയമം ലംഘിച്ച നിരവധി പേർക്ക് 200 പൗണ്ട് പിഴയും പോലീസ് ഈടാക്കിയിരുന്നു. ആശുപത്രികളിൽ ഉള്ള കോവിഡ് 19 രോഗികളുടെ എണ്ണം ഏപ്രിലിലെ ആദ്യ തരംഗത്തിനേക്കാൾ 40% കൂടുതലാണെന്ന് നോട്ടിംഗ്ഹാംഷെയറിന്റെ പബ്ലിക് ഹെൽത്ത് ഡയറക്ടർ ജോനാഥൻ ഗ്രിബിൻ അറിയിച്ചു. തീവ്രപരിചരണ വിഭാഗങ്ങളിലെ സമ്മർദ്ദം കാരണം നോട്ടിംഗ്ഹാംഷെയറിൽ നിരവധി കാൻസർ ചികിത്സകൾ മാറ്റിവയ്‌ക്കേണ്ടി വന്നിരുന്നു.