യുവകവി ജിനേഷ് മടപ്പള്ളി(35)യെ മരിച്ച നിലയില്‍ കണ്ടെത്തി. ഒഞ്ചിയം യു പി സ്‌കൂള്‍ ജീവനക്കാരനായിരുന്ന ജിനേഷിനെ ഇതേ സ്‌കൂളിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തന്റെ മുപ്പത്തഞ്ചാം വയസ്സിലാണ് ജിനേഷ് ഈ ലോകത്തോട് വിടപറയുന്നത്. ഇന്നലെ രാത്രി പതിനൊന്നോടെയാണ് മൃതദേഹം കണ്ടെത്തിയത്. സ്‌കൂളിലെ കോണിപ്പടിക്ക് മുകളിലെ കമ്പിയില്‍ തൂങ്ങിനില്‍ക്കുന്ന നിലയിലായിരുന്നു മൃതദേഹം.
ജിനേഷിന്റെ അമ്മ രണ്ടാഴ്‌ച്ച മുൻപാണ് നിര്യാതയായത്. അമ്മ നഷ്ടപ്പെട്ട വേദനയും അദ്ദേഹത്തെ അലട്ടിയിരുന്നതായി അടുപ്പമുള്ളവര്‍ പറയുന്നു. അരക്ഷിത യൗവനത്തെയും സമൂഹത്തിലെ അമര്‍ത്തിയ നിലവിളികളേയും തന്റെ കവിതകളിലേക്ക് തീക്ഷ്ണമായി ആവാഹിച്ച കവിയായിരുന്നു ജിനേഷ്. പല വിഷയങ്ങളിലും ആത്മഹത്യയെന്ന വിഷയം ഒരു മര്‍മ്മംപോലെ ഒളിഞ്ഞും തെളിഞ്ഞും നിന്നിരുന്നു.
വിഷാദത്തെ പ്രണയിച്ച കവിയെന്ന നിലയില്‍ ആസ്വാദകര്‍ക്കിടയില്‍ ഇടംപിടിച്ച ജിനേഷ് ഒടുവില്‍ എല്ലാവരോടും വിടപറയാന്‍ ആത്മഹത്യയില്‍ തന്നെ അഭയംപ്രാപിച്ചു. ശനിയാഴ്ച രാത്രി പതിനൊന്നുമണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. അവിവാഹിതനാണ്.മടപ്പള്ളി ഗവണ്‍മെന്റ് കോളേജ്, തലശ്ശേരി ഗവണ്‍മെന്റ് ബ്രണ്ണന്‍ കോളേജ്, ടി ഐ എം ട്രെയിനിങ് കോളേജ് നാദാപുരം എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.
രോഗാതുരമായ സ്‌നേഹത്തിന്റെ 225 കവിതകള്‍, കച്ചിത്തുരുമ്ബ് തുടങ്ങിയവയാണ് പ്രധാന കവിതാ സമാഹാരങ്ങള്‍. മുറുവശ്ശേരി പുരസ്‌കാരം, ബോബന്‍ സ്മാരക സാഹിത്യ പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. കവിതകള്‍ പലതും ഹിന്ദി, തമിഴ് ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ട്.
Leave a Reply