മൈനര്‍ ശസ്ത്രക്രിയക്കായി കൊല്ലം മെഡിട്രീന ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവ എന്‍ജിനീയര്‍ക്ക് ദാരുണാന്ത്യം. ആശുപത്രി ജീവനക്കാരുടെ അനാസ്ഥയെ തുടര്‍ന്നാണ് ശ്രീകാര്യം ശാന്തി നഗര്‍ അശ്വതി ഭവനില്‍ ജയകുമാറിന്റെയും ഗീതയുടെയും മകനായ സൂരജ് ജയകുമാര്‍ (കിച്ചു, 27) വിന് ജീവന്‍ നഷ്ടമായത്.ആശുപത്രിക്കാരുടെ പിഴവാണെന്ന് ഉത്തമ ബോധ്യമുള്ളതിനാല്‍ ബന്ധുക്കള്‍ ഇരവിപുരം പൊലീസില്‍ മെഡിട്രീന ആശുപത്രിക്ക് എതിരെ പരാതി നല്‍കിയിട്ടുണ്ട്.

ഫെബ്രുവരി 27നാണ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയക്കായി സൂരജിനെ പ്രവേശിപ്പിച്ചത്. ഒരു മണിക്കൂര്‍ മാത്രം മതിയെന്ന് വ്യക്തമാക്കി ഓപ്പറേഷന്‍ തിയേറ്ററില്‍ കയറ്റിയ യുവാവിനെ മണിക്കൂറുകള്‍ പിന്നിട്ടിട്ടും പുറത്തുകൊണ്ടുവരാത്തത് കണ്ടതോടെ അന്വേഷിച്ചപ്പോഴാണ് നിലമോശമായെന്ന വിവരം ലഭിക്കുന്നത്. ഓക്സിജന്‍ ലഭ്യമാകാതെ തലച്ചോറിന്റെ പ്രവര്‍ത്തനം അരമണിക്കൂര്‍ നിലച്ചതോടെ സ്ഥിതി വഷളാവുകയായിരുന്നു. എന്നാല്‍ ഈ വിവരം മറച്ചുവച്ച്‌ ആശുപത്രിക്കാര്‍ പിറ്റേന്നും അവിടെത്തന്നെ കിടത്തി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സൂരജ് ശസ്ത്രക്രിയക്കിടെ ഓക്സിജന്‍ മാസ്ക് വലിച്ചൂരിയെന്നാണ് ആശുപത്രി നല്‍കിയ വിശദീകരണം. പിറ്റേന്നും അവിടെതന്നെ തുടരുകയും നില മെച്ചപ്പെട്ടതായി വിവരം കിട്ടാതാവുകയും ചെയ്തതോടെ ബന്ധുക്കള്‍ മറ്റേതെങ്കിലും ആശുപത്രിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ മെഡിട്രീനക്കാര്‍ അതിന് സമ്മതിച്ചില്ല. പിന്നീട് മാര്‍ച്ച്‌ ഒന്നിന് യുവാവിനെ ബന്ധുക്കള്‍ ഇടപെട്ട് തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.അവിടെവച്ച്‌ നടന്ന പരിശോധനയില്‍ ആണ് യുവാവ് ഏതാണ്ട് മസ്തിഷ്കമരണം സംഭവിച്ച അവസ്ഥയിലാണെന്നും ഹൃദയവും ശ്വാസകോശവും ഒഴികെ മറ്റൊരു അവയവവും പ്രവര്‍ത്തിക്കുന്നില്ലെന്നും വ്യക്തമായത്.

ഇവിടെയെത്തി എംആര്‍ഐ സ്കാന്‍ ഉള്‍പ്പെടെ ചെയ്തപ്പോഴാണ് തലച്ചോറിന്റെ പ്രവര്‍ത്തനം നിലച്ചതായും അരമണിക്കൂറോളം തലച്ചോറിലേക്ക് ഓക്സിജന്‍ എത്താതിരുന്നതോടെ സംഭവിച്ചതാണ് ഇതെന്നും മനസ്സിലായത്. ഹൈപ്പോതലാമസ് മാത്രമേ അപ്പോള്‍ പ്രവര്‍ത്തിച്ചിരുന്നുള്ളൂ. കിംസ് അധികൃതരുടെ നിര്‍ദ്ദേശ പ്രകാരം യുവാവിനെ അന്നുതന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. രക്ഷപ്പെടുത്താന്‍ മെഡിക്കല്‍ കോളേജില്‍ നടന്ന ശ്രമങ്ങളും വിഫലമായതോടെ ബുധനാഴ്ച രാവിലെ യുവാവിന്റെ മരണം സ്ഥിരീകരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലുള്ള മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്ന് വൈകീട്ട് സംസ്കരിക്കും.