വാഹനം കേടായതിനെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രി ജീവനക്കാരിയെ വീട്ടിലെത്തിച്ചതിന് യുവാവിനെയും മാതാവിനെയും യുവതിയുെട ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് ആക്രമിച്ചതായി പരാതി. യുവതിയുടെ സുഹൃത്തും കോഴിക്കോട് ചോയിക്കുളം സ്വദേശിയുമായ ദിഖില്‍കുമാറിനും മാതാവ് ബേബിക്കുമാണ് മര്‍ദനമേറ്റത്. വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറും ട്രാവലറും അടിച്ചുതകര്‍ത്തതിനൊപ്പം യുവതിയുടെ ഇരുചക്രവാഹനവും കടത്തിക്കൊണ്ടുപോയി. എലത്തൂര്‍ പൊലീസ് തുടര്‍നടപടിയെടുക്കാന്‍ വൈകുന്നുവെന്നാണ് ആക്ഷേപം.

കഴിഞ്ഞ പതിനെട്ടിന് കോഴിക്കോട്ടെ ആശുപത്രിയിലെ ജോലികഴിഞ്ഞ് യുവതി തലശ്ശേരിയിലേക്ക് മടങ്ങുന്നതിനിെട പൂളാടിക്കുന്നിന് സമീപം വാഹനം കേടായി. ദിഖില്‍കുമാറെത്തി യുവതിയെ സ്വന്തം വാഹനത്തില്‍ തലശ്ശേരിയിലെ വീട്ടിലെത്തിച്ചു. യുവതിയുടെ കേടായ വാഹനം ദിഖിലിന്റെ വീട്ടിലേക്ക് മാറ്റുകയും ചെയ്തു. ഈ വൈരാഗ്യമാണ് പിറ്റേന്ന് രാത്രിയിലെ ആക്രമണത്തിനിടയാക്കിയത്.

സുഹൃത്തിന് കോവിഡായതിനാല്‍ ദിഖില്‍ മറ്റൊരു വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. മാതാവ് ബേബി അറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തി. അക്രമികള്‍ ജാക്കി ലിവര്‍ കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു. മകനെ മര്‍ദിക്കുന്നത് തടയാന്‍ ശ്രമിച്ചപ്പോഴാണ് ബേബിക്ക് അടിയേറ്റത്.

ഫോണ്‍ രേഖകള്‍ പരിശോധിച്ച ശേഷം കേസെടുക്കാമെന്നാണ് എലത്തൂര്‍ പൊലീസ് ദിഖിലിനെ അറിയിച്ചിട്ടുള്ളത്. കേസ് ഒത്തുതീര്‍പ്പാക്കുന്നതിന് പൊലീസ് ബോധപൂര്‍വം സമയം നല്‍കുന്നുവെന്നാണ് കുടുംബത്തിന്റെ പരാതി. തുടര്‍ നടപടിയെടുക്കുന്നതിന് കാലതാമസം വരുത്തിയിട്ടില്ലെന്നും കേസെടുക്കാന്‍ വൈകില്ലെന്നുമാണ് എലത്തൂര്‍ പൊലീസിന്റെ വിശദീകരണം.